ടി.വി. സീരിയലുകളെ വീട്ടില്‍നിന്നു പുറത്താക്കാന്‍ റസിഡന്റ്സ് അസ്സോസിയേഷന്‍ തീരുമാനം
തിരുവനന്തപുരം: ടി.വി. സീരിയലുകള്‍ കുടുംബങ്ങളില്‍ വരുത്തിവെയ്ക്കുന്ന മാറ്റങ്ങള്‍ക്കു വിരാമം കുറിക്കാന്‍ തിരുവന്തപുരത്തെ റസിഡന്റ്സ് അസ്സോസിയേഷന്റെ തീരുമാനം.
നഗരത്തിലെ കുമാരപുരത്തുള്ള പൊതുജനം റോഡ് റെസിഡന്റ്സ് അസ്സോസിയേഷനു കീഴിലുള്ള വീടുകളിലാണ് ഇനി ടി.വി. സീരിയലുകള്‍ കാണില്ല എന്ന തീരുമാനം എടുത്തിട്ടുള്ളതായി മംഗളം പത്രം റിപ്പോര്‍ട്ടു ചെയ്യുന്നത്. സീരിയലിനു പകരം വിജ്ഞാനം പകരുന്ന പുസ്തകങ്ങള്‍ അസ്സോസിയേഷന്റെ നേതൃത്വത്തില്‍ വീടുകളിലെത്തിച്ചു തുടങ്ങി.
സീരിയലുകള്‍ കുടുംബങ്ങള്‍ക്കു തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നതായി പഠനത്തില്‍ ബോദ്ധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് തീരുമാനമെന്ന് അസ്സോസിയേഷന്‍ സെക്രട്ടറി ഡോ. അശ്വകുമാര്‍ പറഞ്ഞു. 230 കുടുംബങ്ങളാണ് അസ്സോസിയേഷനു കീഴിലുള്ളത്. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ നടപടി ജനുവരി മുതല്‍ നടപ്പാക്കിത്തുടങ്ങും.
ഭൂരിഭാഗം സീരിയലുകളും കുടുംബങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നു വരുന്നു. ഒരു മാസത്തോളം നീണ്ടുനിന്ന പഠനത്തെത്തുടര്‍ന്നാണ് തീരുമാനം. ആദ്യഘട്ടമായി 30 വീടുകളിലെ അംഗങ്ങള്‍ സീരിയല്‍ കാണുന്നത് ഉപേക്ഷിച്ചു. ഈ കുടുംബങ്ങള്‍ക്കു തങ്ങളുടെ അനുഭവങ്ങള്‍ മറ്റുള്ളവരുടെ മുന്നില്‍ വിശദീകരിക്കാനുള്ള അവസരവും റെസിഡന്റ്സ് അസ്സോസിയേഷന്‍ ഒരുക്കി.