പി.വൈ.പി.എ. കേരളാ സ്റ്റേറ്റ് മെഗാ ബൈബിള്‍ ക്വിസ്
കുമ്പനാട്: പി.വൈ.പി.എ. കേരളാ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി മെഗാ ബൈബിള്‍ ക്വിസ് പരീക്ഷ നടത്തുന്നു. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യ പേപ്പറും, പി.എസ്.സി. മാതൃകയിലുള്ള ഉത്തരക്കടലാസുമാണ് ക്രമീകരിച്ചിരിക്കുന്നത്.
ഒരു മണിക്കൂര്‍ ആണ് പരീക്ഷാ സമയം. ലോക്കല്‍ സഭകളില്‍ പഴയ നിയമ പുസ്തകങ്ങളായ ഉല്‍പ്പത്തി, പുറപ്പാട്, ലേവ്യ, സംഖ്യാ, ആവര്‍ത്തനം മുതലായവും, പുതിയ നിയമത്തില്‍നിന്ന് മത്തായി, മര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ , അപ്പോസ്തോല പ്രവൃത്തി എന്നീ പുസ്തകങ്ങളില്‍നിന്നുമാണ് ചോദ്യങ്ങള്‍ .
ലോക്കല്‍ സഭകളില്‍ ജൂലൈ 31-ന് നടക്കുന്ന പരീക്ഷ നടത്തുന്നത് സെന്‍റര്‍ പി.വൈ.പി.എ. അയയ്ക്കുന്ന വ്യക്തികളായിരിക്കും. പരീക്ഷാ ഫീസ് 20 രൂപയാണ്. 2016-17ലെ മെമ്പര്‍ഷിപ്പ് ഫീസായ 5 രൂപാ നല്‍കി പി.വൈ.പി.എ. അംഗത്വം നേടുന്നവര്‍ക്ക് മാത്രമേ പരീക്ഷയില്‍ പങ്കെടുക്കുവാന്‍ അനുവാദമുള്ളു.
ലോക്കല്‍ സഭകളിലെ പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ 2016 സെപ്റ്റംബര്‍ 10-ാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോനില്‍ വച്ചു നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്.
ബൈബിളിലെ ഉല്‍പ്പത്തി മുതല്‍ വെളിപ്പാട് വരെയുള്ള പുസ്തകങ്ങളില്‍നിന്നും ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനം 50,000 രൂപയും, മൂന്നാം സമ്മാനം 25,000 രൂപയും കൂടാതെ കുമ്പനാട്ട് നടക്കുന്ന പരീക്ഷയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കുന്നതാണ്.