ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിള്‍ ഷോ

Breaking News Global India Middle East Top News

ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിള്‍ ഷോ ജനുവരിയില്‍

മനാമ: സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിള്‍ ഷോ ഒരുങ്ങുന്നു. യേശുക്രിസ്തുവിന്‍െറ ജീവിതവും സന്ദേശവും ഇതിവൃത്തമാക്കി രൂപം നല്‍കുന്ന ‘എന്‍െറ രക്ഷകന്‍’ എന്ന ഷോയുടെ ആദ്യ പ്രദര്‍ശനം 2017 ജനുവരിയില്‍ തിരുവനന്തപുരത്ത് നടക്കുമെന്ന് സൂര്യകൃഷ്ണമൂര്‍ത്തി ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഭിനേതാക്കളുടെ സാന്നിധ്യം കൊണ്ടും സെറ്റിന്‍െറ പ്രത്യേകതകള്‍ കൊണ്ടും ലോകകലാരംഗത്തു തന്നെ ശ്രദ്ധേയമായ ചുവടുവെപ്പാകുമിതെന്ന് കൃഷ്ണമൂര്‍ത്തി അഭിപ്രായപ്പെട്ടു. 150ഓളം കലാകാരന്‍മാര്‍ അണിനിരക്കുന്ന ഷോക്കുവേണ്ടി മൂന്ന് നില കെട്ടിടത്തിന്‍െറ ഉയരമുള്ള കൂറ്റന്‍ സെറ്റാണ് ഒരുക്കുക.
അത്യാധുനിക സാങ്കേതിക വിദ്യകള്‍ സന്നിവേശിപ്പിച്ചുള്ള സെറ്റില്‍ നിമിഷങ്ങള്‍ക്കകം ദൃശ്യങ്ങള്‍ മാറി മറയും.

6000 ച.അടി വിസ്തീര്‍ണമുള്ള സ്റ്റേജിലാണ് ഷോ നടക്കുക. ആദ്യ പ്രദര്‍ശനത്തിന് ശേഷം ഡല്‍ഹിയിലാണ് ഒൗദ്യോഗിക ഉദ്ഘാടനം നടക്കുക. യൂറോപ്പിലും അമേരിക്കയിലും മറ്റും വലിയ ബൈബിള്‍ പ്രദര്‍ശനങ്ങളുണ്ടെങ്കിലും അതെല്ലാം ഒരു സ്ഥലത്ത് കേന്ദ്രീകരിച്ചുള്ളതാണെന്നും ഇത്തരം സഞ്ചരിക്കുന്ന മെഗാഷോ കലാലോകത്തിന് പുതിയ അനുഭവമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ രംഗങ്ങളിലെ പ്രശസ്തരുടെ ഒരു നിര തന്നെ ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പട്ടണം റഷീദ് ആണ് മേക്കപ്പ് നിര്‍വഹിക്കുന്നത്. രമേശ് നാരായണനാണ് സംഗീതം നല്‍കുന്നത്. പാട്ടുകള്‍ എഴുതിയത് കവി മധുസൂദനന്‍ നായര്‍. മജീഷ്യന്‍ മുതുകാടിന്‍െറ സഹകരണവും ഷോയിലുണ്ടാകും. ചങ്ങനാശ്ശേരി സര്‍ഗക്ഷേത്ര കലാ-സാംസ്കാരിക സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന ഷോക്ക് ആദ്യഘട്ടത്തില്‍ ഒരു കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.

മാര്‍ ക്രിസോസ്റ്റം ഗ്ളോബല്‍ പീസ് ഫൗണ്ടേഷനും പരിപാടിയുമായി സഹകരിക്കുന്നുണ്ട്. ഒരു മാസം പരമാവധി രണ്ട് ഷോയാണ് നടത്താന്‍ സാധിക്കുക. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഇത് അവതരിപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. തീവ്രമായ, ചിട്ടയോടെയുള്ള പരിശീലനമാണ് ഇതില്‍ പങ്കെടുക്കുന്ന കലാകാരന്‍മാര്‍ക്ക് നല്‍കുക.

ക്രിസ്തുവിന്‍െറ ജീവിതം അനാവരണം ചെയ്യുന്ന ഷോ ആണെങ്കിലും ഇതില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും കൃസ്ത്യന്‍ ഇതര സമുദായങ്ങളിലുള്ളവരാണെന്നും സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു.
കേരളീയ സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണ പിള്ള, ജന.സെക്രട്ടറി എന്‍.കെ.വീരമണി, കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി, ‘സര്‍ഗക്ഷേത്ര’ ഡയറക്ടര്‍ ഫാ.അലക്സ് പ്രായിക്കുളം, റെജി കൊപ്പാറ, ജിജി ഫ്രാന്‍സിസ്, പി.കെ.രാജു, വര്‍ഗീസ് കാരക്കല്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.