രാജ്യത്ത് വായിലെ കാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു; ഏറെയും പുകയിലയോ, മദ്യമോ ഉപയോഗിക്കാത്തവര്‍
ന്യൂഡെല്‍ഹി: രാജ്യത്ത് വായിലെ കാന്‍സര്‍ ബാധിതരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍. പ്രത്യേകിച്ച് പുകയിലയുടെയും മദ്യത്തിന്റെയും ചരിത്രമില്ലാത്ത വ്യക്തികള്‍ക്കിടയിലാണിതെന്നും ഞെട്ടലുളവാക്കുന്നു.
വിപിഎസ്, ലേക്ഷോര്‍ ആശുപത്രിയിലെ ഹെഡ് ആന്‍ഡ് നെക്ക് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ ഗവേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരം.
സമീപ വര്‍ഷങ്ങളില്‍ നിരീക്ഷിക്കപ്പെട്ട വായിലെ കാന്‍സര്‍ കേസുകളില്‍ 57 ശതമാനവും പുകയില ഉപയോഗത്തിന്റെയോ മദ്യപാനത്തിന്റെയോ ചരിത്രമില്ലാത്ത വ്യക്തികള്‍ക്കിടയിലാണ് സംഭവിച്ചത്.
2014 ജൂലൈ മുതല്‍ 2024 ജൂലൈ വരെ രാജ്യത്തുടനീളം പത്തുവര്‍ഷത്തിനിടെ 515 രോഗികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
രോഗബാധിതരില്‍ 75.5 ശതമാനം പുരുഷന്മാരും 24.5 ശതമാനം സ്ത്രീകളുമാണെന്നും ഗവേഷണത്തില്‍ കണ്ടെത്തി. 58.9 ശതമാനം രോഗികള്‍ക്കും മറ്റൊരു അസുഖത്തോടു അനുബന്ധമായി ഇതു വരുന്നുവെന്നും അവരില്‍ 30 ശതമാനം പേര്‍ ഒന്നിലധികം രോഗാവസ്ഥകളാല്‍ ബുദ്ധിമുട്ടുന്നുവെന്നും പഠനം പറയുന്നു.
പഠനവിധേയരായ 282 രോഗികളില്‍ (54.7%) പ്രാരംഭ ഘട്ടത്തില്‍തന്നെ രോഗനിര്‍ണ്ണയം നടത്തിയതായും 233 പേര്‍ക്ക് (45.3%) അര്‍ബുദം തീവ്രമായ ഘട്ടത്തിലെത്തിയെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.