വാഴപ്പിണ്ടി ഒരു ഔഷധമാണ്

Features Health

വാഴപ്പിണ്ടി ഒരു ഔഷധമാണ്
വാഴകള്‍ ഇല്ലാത്ത ഭവനങ്ങള്‍ ചുരുക്കമാണ്. വാഴ നട്ടു പിടിപ്പിക്കുന്നത് കുല വെട്ടാനാണ്. വിളഞ്ഞു മൂത്ത കുല വെട്ടിയെടുത്താല്‍ പിന്നെ വാഴയുടെ മറ്റു വസ്തുക്കള്‍ പലരും അവഗണിക്കുകയാണ് പതിവ്.

എന്നാല്‍ വാഴപ്പിണ്ടിയുടെ ഗുണം മനസ്സിലാക്കേണ്ടതാണ്. വാഴപ്പിണ്ടി ഒരു ഔഷധമാണ്. വാഴപ്പോളകള്‍ നീക്കിക്കളഞ്ഞശേഷം അതിന്റെ പിണ്ടി എടുത്ത് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പല രോഗങ്ങള്‍ക്കുമുള്ള പ്രകൃതിദത്തമായ മരുന്നാണിത്.

ആരോഗ്യവും ഉന്മേഷവും നേടുവാനും രോഗങ്ങളെ അകറ്റുവാനും ഇതിനു കഴിവുണ്ട്. പലതരം മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന ടോക്സിനുകളെ ശരീരത്തില്‍നിന്നും നീക്കാന്‍ ദിവസവും വാഴപ്പിണ്ടി ജ്യൂസ് കഴിക്കുക.

അസിഡിറ്റി കാരണം വിഷമിക്കുന്നവരും അള്‍സര്‍ ഉള്ളവരും രാവിലെ വെറും വയറ്റില്‍ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് ഉത്തമമാണ്. നാരുകളുടെ വന്‍ ശേഖരമാണ് വാഴപ്പിണ്ടി. കിഡിനിയില്‍ അടിഞ്ഞുകൂടുന്ന കാല്‍സ്യം നീക്കം ചെയ്യാന്‍ വാഴപ്പിണ്ടിക്ക് ശക്തിയുണ്ട്. വിശപ്പ് കുറയ്ക്കാനും ഇതുമൂലം തടി കുറയ്ക്കാനും വാഴപ്പിണ്ടിക്കു കഴിയും.

രക്ത സമ്മര്‍ദ്ദം അകറ്റാന്‍ വാഴപ്പിണ്ടി ജ്യൂസ് കുടിക്കുക. ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുന്നു. രോഗികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദഹന പ്രക്രീയ സുഗമമാക്കുവാനും വാഴപ്പിണ്ടി ജ്യൂസ് ഒരു ഉത്തമ ഔഷധമാണ്. വാഴപ്പിണ്ടികൊണ്ട് തോരന്‍ ‍, വിവിധങ്ങളായ കറികള്‍ എന്നിവ ഉണ്ടാക്കാം.