അനുമതിയില്ലാതെ സഭായോഗം കൂടി; എറിത്രിയയില്‍ വിശ്വാസികളെ അറസ്റ്റു ചെയ്തു
ഗിണ്ട: സര്‍ക്കാരിന്റെ അനുമതിയില്ലാതെ വീട്ടില്‍ സഭായോഗം നടത്തിയതിന് 10 വിശ്വാസികളെ പോലീസ് അറസ്റ്റു ചെയ്തു റിമാന്റിലാക്കി.
കഴിഞ്ഞ ആഴ്ച ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയിലെ വടക്കു കിഴക്കന്‍ നഗരമായ ഗിണ്ടയിലാണ് പോലീസ് നടപടിയുണ്ടായത്. ഒരു ഭവനത്തില്‍ സഭായോഗം നടത്തുകയായിരുന്ന വിശ്വാസികളെ പോലീസ് റെയ്ഡു നടത്തി അറസ്റ്റു ചെയ്യുകയായിരുന്നു.
6 പുരുഷന്മാരും 4 സ്ത്രീകളുമടങ്ങിയ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ക്ക് ഭക്ഷണം പോലും നല്‍കാതെ പീഢിപ്പിക്കുകയാണ്. ഇതേ സമയത്തുതന്നെ തെക്കന്‍ എറിത്രിയയിലെ അഡിപ്പൊളയിലും സമാനമായ റെയ്ഡു നടക്കുകയുണ്ടായി.
ചില വിശ്വാസികളെ പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. എറിത്രിയയില്‍ മതാചാരാനുഷ്ഠാനങ്ങള്‍ക്കും ആരാധനകള്‍ക്കും നിയന്ത്രണങ്ങളുണ്ട്. ലംഘിച്ചാല്‍ ജയില്‍ശിക്ഷയാകും അനുഭവം. 2002 മുതല്‍ രാജ്യത്ത് ആയിരക്കണക്കിനു വിശ്വാസികളെയാണ് അറസ്റ്റു ചെയ്ത് റിമാന്റിലും ജലിലുകളിലും പാര്‍പ്പിച്ചിരിക്കുന്നത്.
അറസ്റ്റു ചെയ്യുന്ന വിശ്വാസികളെ വിചാരണപോലും നടത്താതെ മാസങ്ങളും വര്‍ഷങ്ങളും നീണ്ട തടവിലിടുന്നത് പതിവാണ്. ജയിലുകളില്‍ സ്ഥലമില്ലാത്തതിനാല്‍ കപ്പലുകളില്‍ ഉപയോഗിക്കുന്ന പഴയ കണ്ടെയ്നറുകളിലും മറ്റും വാതില്‍ പിടിപ്പിച്ച് ഇതിനുള്ളില്‍ കുറ്റവാളികളെ പാര്‍പ്പിച്ചിരിക്കുന്നത് എറിത്രിയയിലെ പൊതു കാഴ്ചയാണ്.
വെയിലും ഉഷ്ണവുമേറ്റ് നരകയാതന അനുഭവിക്കുന്ന വിശ്വാസികള്‍ നിരവധിയാണ്. ഇതിനെതിരെ ക്രൈസ്തവ സഭകളും സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ശക്തമായി പ്രതിഷേധിക്കുന്നുണ്ടെങ്കിലും അധികാരികള്‍ ഇതൊക്കെ അടിച്ചമര്‍ത്തുകയാണ് രീതി.
രാജ്യത്ത് ഭരണകൂടം ചില സമയങ്ങളില്‍ അപ്രഖ്യാപിതമായി റെയ്ഡു നടത്താറുണ്ട്. ലൈസന്‍സില്ലാത്ത ആരാധനാലയങ്ങളിലും പ്രാര്‍ത്ഥനാ കേന്ദ്രങ്ങളിലും കടന്നുകൂടി പാസ്റ്റര്‍മാരേയും വിശ്വാസികളേയും പിടികൂടുകയാണ് പതിവ്.