ക്യൂബയില്‍ സഭാ ഹാള്‍ പൊളിച്ചുമാറ്റി, 200 വിശ്വാസികളെ തടവിലാക്കി
സാന്റിയാഗോ: കിഴക്കന്‍ ക്യൂബയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കരിസ്മാറ്റിക് സഭയായ അപ്പോസ്റ്റലിക് മൂവ്മെന്റിന്റെ പ്രദേശിക സഭയുടെ ആരാധനാ ഹാള്‍ പോലീസെത്തി ഇടിച്ചു നിരത്തി.
തുടര്‍ന്നു സഭാ നേതാക്കള്‍ , വിശ്വാസികള്‍ ഉള്‍പ്പെടെ 200 പേരെ അറസ്റ്റു ചെയ്ത് തടങ്കലിലാക്കി. ഫെബ്രുവരി 5-നു പുലര്‍ച്ചെ 5 മണിക്ക് സാന്റിയാഗോ ഡീയിലെ ഇമ്മാനുവേല്‍ ചര്‍ച്ചിന്റെ ആരാധനാ ഹാളാണ് പോലീസും അധികാരികളും ചേര്‍ന്ന് പൊളിച്ചു മാറ്റിയത്. ഇവിടത്തെ ഫര്‍ണീച്ചറുകള്‍ , സംഗീത ഉപകരണങ്ങള്‍ , ബൈബിളുകള്‍ , പുസ്തകങ്ങള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
സഭാ ശുശ്രൂഷകന്‍ റവ. അലൈന്‍ ടെളെഡാനോ ഈ സമയം അമേരിക്കയിലായിരുന്നു. പോലീസെത്തിയപ്പോള്‍ പാസ്റ്ററുടെ ഭാര്യയും 11ഉം 12 ഉം വയസ്സുള്ള രണ്ടു പെണ്‍മക്കളും മാത്രമേ ചര്‍ച്ച് ഹാളിനോടു ചേര്‍ന്നുള്ള സ്വന്ത ഭവനത്തില്‍ ഉണ്ടായിരുന്നുള്ളു.
പിന്നീട് പോലീസ് പാസ്റ്ററുടെ ഭാര്യയേയും, സഭയിലെ നേതാക്കളും വിശ്വാസികളും ഉള്‍പ്പെടെ 200 പേരേയും അറസ്റ്റു ചെയ്തു കൊണ്ടുപോയി തടങ്കലിലാക്കി. അപ്പോസ്റ്റലിക്ക് മൂവ്മെന്റിന്റെ നിരവധി സഭകള്‍ നേരത്തേതന്നെ ഇതുപോലെ പോലീസ് എത്തി ഇടിച്ചു നിരത്തിയിട്ടുണ്ട്.
അംഗീകാരം ഇല്ലെന്നു പറഞ്ഞാണ് പൊളിക്കുന്നത്. അംഗീകാരത്തിനു അപേക്ഷിച്ചാല്‍ നടപടികള്‍ എടുക്കാറുമില്ല.

