പ്രാര്‍ത്ഥന എന്ന കര്‍ത്തവ്യം

പ്രാര്‍ത്ഥന എന്ന കര്‍ത്തവ്യം

Articles Breaking News Editorials

പ്രാര്‍ത്ഥന എന്ന കര്‍ത്തവ്യം
ഒരു വ്യക്തിക്ക് ഈ ലോകത്ത് ചില കര്‍ത്തവ്യങ്ങള്‍ ചെയ്തെടുക്കുവാനുണ്ട്. ദൈവം ഓരോരുത്തരെ വിളിച്ചും, തിരഞ്ഞെടുത്തും, നിയോഗിച്ചും ആക്കിയിരിക്കുന്നത് ദൈവത്തിന്റെ ഉദ്ദേശങ്ങള്‍ ചെയ്തെടുക്കുവാന്‍ വേണ്ടിയാണ്.

ഒരു സാധാരണ വ്യക്തിക്ക് അവരുടേതായ ചില കാഴ്ചപ്പാടുകളുണ്ട്. ഇന്നത് ചെയ്യുവാനും ഇന്നകാര്യം തെരഞ്ഞെടുക്കുവാനും ഇഷ്ടം പോലെ സ്വാതന്ത്ര്യം ഉണ്ട്. എങ്കിലും ദൈവത്തിന്റെ പാദപീഠത്തില്‍ എല്ലായ്പ്പോഴും എത്തിയെങ്കില്‍ മാത്രമേ ഈ ലോകത്ത് ജീവിതം ശരിയായ രീതിയില്‍ മുന്നോട്ടു പോകുവാന്‍ സാധിക്കുകയുള്ളു.

ക്രൈസ്തവര്‍ക്ക് ദൈവത്തില്‍ നിന്നും ലഭിച്ച വ്യക്തമായ പ്രമാണമുണ്ട്. അതാണ് വിശുദ്ധ ബൈബിള്‍ ‍. ഒരു വിശ്വാസി എങ്ങനെ ജീവിക്കണമെന്നും പ്രവര്‍ത്തിക്കണമെന്നും വിശുദ്ധ ബൈബിളിലൂടെ മാര്‍ഗ്ഗരേഖ നല്‍കുന്നു.

ബൈബിള്‍ ഇല്ലാതെ ആര്‍ക്കും മുന്നോട്ടു പോകുവാന്‍ സാദ്ധ്യമല്ല. ക്രിസ്തുവിലുള്ള വിശ്വാസം ഉണ്ടെങ്കില്‍ ഏതു കാര്യവും നമുക്ക് ചെയ്തെടുക്കുവാന്‍ സാധിക്കും. നാം ആഗ്രഹിക്കുന്ന വിഷയങ്ങള്‍ക്ക് മറുപടി ലഭിക്കുവാനിടയാകും.

ഒരു പക്ഷെ നാം പ്രാര്‍ത്ഥിക്കുന്ന എല്ലാ വിഷയങ്ങളും നൊടിനേരംകൊണ്ട് മറുപടി ലഭിക്കണമെന്നില്ല. ദൈവത്തിന് ആ വിഷയത്തെപ്പറ്റി നന്നായി ഗ്രാഹ്യമുണ്ട്. ദൈവം നമ്മുടെ ഹൃദയ നിലവാരവും നമ്മുടെ സാഹചര്യങ്ങളും മനസിലാക്കി ശരിയായ രീതിയിലേ പ്രവര്‍ത്തിക്കും. അതിന് ദൈവം ആഗ്രഹിക്കുന്നത് ഓരോരുത്തരുടെയും വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനയാണ്.

അപ്പോസ്തോലനായ പൌലോ സും തിമൊഥെയോസും ക്രിസ്തുയേശുവിലുള്ള സകല വിശുദ്ധന്മാര്‍ക്കും, ശുശ്രൂഷകന്മാര്‍ക്കും എഴുതിയ ലേഖനത്തില്‍ ഇപ്രകാരം പറയുന്നു “നിങ്ങളുടെ പ്രാര്‍ത്ഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും അതു എനിക്കു രക്ഷയ്ക്കു കാരണമായിത്തീരും എന്നു ഞാന്‍ അറിയുന്നു”. (ഫിലി.1:19). ഇവര്‍ ഇതു പറയുവാന്‍ കാരണം മുകളിലത്തെ ചില വാക്യങ്ങളില്‍ ദൃശ്യമാണ്. “ഞങ്ങള്‍ ക്രിസ്തുവിനെയല്ലോ പ്രസംഗിക്കുന്നത് ഇതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു”. ക്രിസ്തുവിനെപ്പറ്റി പ്രസംഗിക്കുമ്പോള്‍ പലവിധമായ പ്രതികൂലങ്ങള്‍ നേരിടേണ്ടതായി വരുന്നു.

ഇത് പൌലോസും സഹപ്രവര്‍ത്തകരും അനുഭവിച്ചതാണ്. ഇനിയും പലവിധ പ്രിതികൂലങ്ങളേയും അതിജീവിക്കേണ്ടതായുണ്ട്. അതിനാണ് പൌലോസ് ലേഖനത്തിലൂടെ ക്രൈസ്തവരുടെ പ്രാര്‍ത്ഥന ആവശ്യപ്പെടുന്നത്. യഥാര്‍ത്ഥ്യമായി ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്നവര്‍ക്കേ ശരിയായ വിധത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍ കഴിയുകയുള്ളു.

ഈ പ്രാര്‍ത്ഥനയാണ് ഇന്ന് ലോകത്ത് നടക്കുന്ന സുവിശേ പ്രവര്‍ത്തനങ്ങളുടെ വിജയത്തിന്റെ മുഖ്യ ശില്‍പ്പി. അതുകൊണ്ടു തന്നെയാണ് പൌലോസ് പ്രാര്‍ത്ഥിക്കുന്ന സകല വിശ്വാസികളേയും കൂട്ടു പിടിക്കുന്നത്. തങ്ങള്‍ക്കു നേരിട്ട പീഢനങ്ങള്‍ ‍, വേദനകള്‍ എല്ലാം പ്രാര്‍ത്ഥിക്കുന്ന ഒരു കൂട്ടരുമായി പൌലോസ് പങ്കു വെയ്ക്കുന്നു.

ശരിയായ പ്രാര്‍ത്ഥനയും വിശ്വാസവുമില്ലാതെ ആര്‍ക്കും നിലനില്‍ക്കുവാന്‍ കഴിയുകയില്ലെന്ന് ഈ വാക്യം നമ്മെ പഠിപ്പിക്കുന്നു. രണ്ടാമതായി യേശുക്രിസ്തുവിന്റെ സഹായം ദൈവദാസന്മാര്‍ക്ക് ലഭിക്കുന്നു. പ്രാര്‍ത്ഥനയും സമര്‍പ്പണവും ശരിയായ ദിശയില്‍ മാത്രമാണെങ്കില്‍ മാത്രമേ യേശുക്രിസ്തുവിന്റെ സഹായം ലഭിക്കുകയുള്ളു. യേശുവിന്റെ സഹായം ഇല്ലാതെ ഒന്നും ചെയ്തെടുക്കുവാന്‍ സാദ്ധ്യമല്ല എന്നു ഞാന്‍ ഓര്‍പ്പിക്കുന്നു.
പാസ്റ്റര്‍ ഷാജി. എസ്.