പുറത്തുനിന്നുള്ള ക്രൈസ്തവര്‍ ഗ്രാമത്തില്‍ കടക്കരുത്, ഗുജറാത്തില്‍ ബോര്‍ഡുകളും ബാനറുകളും

പുറത്തുനിന്നുള്ള ക്രൈസ്തവര്‍ ഗ്രാമത്തില്‍ കടക്കരുത്, ഗുജറാത്തില്‍ ബോര്‍ഡുകളും ബാനറുകളും

Breaking News India

പുറത്തുനിന്നുള്ള ക്രൈസ്തവര്‍ ഗ്രാമത്തില്‍ കടക്കരുത്, ഗുജറാത്തില്‍ ബോര്‍ഡുകളും ബാനറുകളും
നവസരി: “പുറത്തുനിന്നുള്ള ക്രൈസ്തവര്‍ ഈ ഗ്രാമത്തില്‍ കയറിന്നത് നിരോധിച്ചിരിക്കുന്നു”

ഇത് ആരെങ്കിലും വാക്കാല്‍ അറിയിച്ചതല്ല, ഒരു ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ ബോര്‍ഡുകളിലും, ബാനറുകളിലും കാണുന്ന മുന്നറിയിപ്പാണിത്. മതേതര രാഷ്ട്രമെന്ന് അഭിമാനം കൊള്ളുന്ന ഇന്ത്യയിലെ ഒരു ഹിന്ദു ഗോത്രവര്‍ഗ്ഗക്കാര്‍ കൂടുതലായി താമസിക്കുന്ന ഒരു ഗ്രാമത്തിലാണ് ലജ്ജാകരമായ സംഭവം ഉണ്ടായത്.

ഗുജറാത്തിലെ നവസരി ജില്ലയിലെ ഗന്ദേവ ഗ്രാമത്തിലാണ് ഇന്ത്യന്‍ പൌരന്മാരായ ക്രൈസ്തവര്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പു ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചിരിക്കുന്നത്. ഹരിപുര റോഡരുകില്‍ ഗുജറാത്തി ഭാഷയിലുള്ള മുന്നറിയിപ്പു ബോര്‍ഡിലും ബാനറിലും “പുറത്തുനിന്നുള്ള എല്ലാ ക്രിസ്ത്യന്‍ സഹോദരിമാരും സഹോദരന്മാരും ഹരിപുര റോഡിലേക്കു പ്രവേശിക്കരുത്” എന്നാണ് എഴുതിയിരിക്കുന്നത്.

പ്രാദേശിക ഗോത്രവിഭാഗക്കാരാണ് ഈ ഗ്രാമത്തില്‍ ഭൂരിപക്ഷവും. ആകെ ജനസംഖ്യ 7,500 മാത്രമാണ്. ഇതില്‍ ഭൂരിപക്ഷ ഗോത്രവിഭാഗക്കാര്‍ ഹില്‍പതി വിഭാഗക്കാരാണ്. ഈ ഗ്രാമത്തില്‍ ആകെ 900 ക്രൈസ്തവര്‍ മാത്രമാണുള്ളത്. നിരവധി ഗോത്ര കുടുംബങ്ങള്‍ ക്രിസ്തു മാര്‍ഗ്ഗത്തിലേക്കു വന്നിട്ടുണ്ട്. ഇവിടെ ഞായറാഴ്ച സഭാ ആരാധനയ്ക്കായി പുറത്തുനിന്നുള്ള ശുശ്രൂഷകരാണ് എത്താറുള്ളത്.

ഈ ഗ്രാമത്തില്‍ ക്രൈസ്തവ മാര്‍ഗ്ഗം ആദ്യമായി സ്വീകരിച്ചത് 8 വര്‍ഷം മുമ്പാണ്. അന്ന് ഇവിടെ ഒരു ആരാധനാലയം സ്ഥാപിച്ചു. 8 വര്‍ഷത്തിനിടയില്‍ 4 ഓളം സഭാഹാളുകളായി. ഗ്രാമത്തിലെ ഒരു പ്രമുഖ ഹൈന്ദവ നേതാവ് രോഷം പ്രകടിപ്പിച്ചു.

ആദിവാസി ഗോത്രവിഭാഗക്കാര്‍ യേശുക്രിസ്തുവിങ്കലേക്കു കടന്നുവരുന്നതിനു പ്രതിരോധം സൃഷ്ടിച്ചാണ് ഇവിടെ ഹൈന്ദവ സംഘടനകളുടെ പിന്‍ബലത്തില്‍ പുറത്തുനിന്നുള്ള ക്രൈസ്തവര്‍ക്ക് പ്രവേശനം നിഷേധിക്കുന്നതെന്ന് ക്രൈസ്തവര്‍ ആരോപിക്കുന്നു. ഇന്ത്യന്‍ പൌരന്മാരായ ഏതൊരാള്‍ക്കും ഇന്ത്യയുടെ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നുണ്ട്.