യിസ്രായേല്‍ കോരെശ് രാജാവിന്റെയും ഡൊണാള്‍ഡ് ട്രംപിന്റെയും ചിത്രമുള്ള അരശേക്കെല്‍ നാണയം പുറത്തിറക്കി
യെരുശലേം: മൂന്നാം യെരുശലേം ദൈവാലയം പണിയുവാനുള്ള എല്ലാ ഒരുക്കങ്ങളും യിസ്രായേല്‍ നടത്തുന്നതിനിടയില്‍ ദൈവാലയവുമായി ബന്ധപ്പെട്ടിട്ടുള്ള വെള്ളിനാണയം പുറത്തിറക്കി.
ബൈബിളില്‍ രണ്ടാം യെരുശലേം ദൈവാലയം പണിയുവാന്‍ യെഹൂദ ജനത്തിനു അനുവാദം നല്‍കുവാന്‍ ദൈവം ഉണര്‍ത്തിച്ച കോരെശ് രാജാവിന്റെയും ഇപ്പോഴത്തെ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും മുഖ ചിത്രങ്ങള്‍ ആലോഖനം ചെയ്ത അര ശേക്കെല്‍ വെള്ളിനാണയമാണ് സന്നിദ്രിം സംഘവും യെരുശലേം ദൈവാലയ എജ്യുക്കേഷണല്‍ സെന്ററും ചേര്‍ന്ന് പുറത്തിറക്കിയത്.
നാണയത്തിനു നടുവില്‍ ട്രംപിന്റെയും കോരെശിന്റെയും ചിത്രവും, അതിനു മുകളില്‍ ഇംഗ്ളീഷ് അക്ഷരത്തില്‍ സൈറസ് (കോരെശ്) ബാല്‍ഫര്‍ -ട്രംപ്-ഡിക്ലറേഷന്‍ 2018 എന്നും ചിത്രത്തിനു താഴെ ടെമ്പിള്‍ കോയിന്‍ എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഇതിനു താഴെ ഹീബ്രു ഭാഷയുമുണ്ട്. നാണയത്തിനു മറുവശത്ത് യെരുശലേം ദൈവാലയത്തിന്റെ ചിത്രവുമുണ്ട്.
ബാല്‍ഫര്‍ എന്നു പേര് മുദ്ര കൊത്താന്‍ കാരണം ലോഡ് ആര്‍തര്‍ ബാല്‍ഫറാണിത്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബാല്‍ഫര്‍ വിളംമ്പരത്തിന്റെ ഉപജ്ഞാതാവുമാണ് ഇദ്ദേഹം. ഒന്നാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടന് യുദ്ധം ജയിക്കുവാന്‍ യെഹൂദന്മാരുടെ സഹായം വേണ്ടിവന്നതിനാല്‍ ബാല്‍ഫര്‍ വിളംമ്പരത്തിലൂടെ യിസ്രായേല്യര്‍ക്ക് അവരുടെ സ്വദേശത്തേക്ക് ചെന്നു ചേരുവാനുള്ള സൌകര്യം ബ്രിട്ടീഷ് ഗവണ്മെന്റ് ചെയ്തു കൊടുത്തു.
ഇങ്ങനെ അവര്‍ 1920 മുതല്‍ സ്വന്ത ദേശത്തേക്ക് എത്തിത്തുടങ്ങി. ഇതിനാണ് ബാല്‍ഫറിന്റെ പേര് ഉള്‍പ്പെടുത്തിയതെന്ന് റബ്ബി ഹില്ലേല്‍ വെയ്സ് പറഞ്ഞു.
ബൈബിളില്‍ കോരെശ് രാജാവിനെ യെരുശലേം ദൈവാലയം പണിയുവാനായി ദൈവം എഴുന്നേല്‍പ്പിക്കുമെന്ന് പരാമര്‍ശിക്കുന്നുണ്ട്.
“കോരെശ് എന്റെ ഇടയന്‍ അവന്‍ എന്റെ ഹിതമൊക്കെയും നിവര്‍ത്തിക്കും എന്നും യെരുശലേം പണിയപ്പെടും, മന്ദിരത്തിനു അടിസ്ഥാനം ഇടും എന്നും ഞാന്‍ കല്‍പ്പിക്കുന്നു” (യെശയ്യാവ് 44:28) എന്നു വായിക്കുന്നു.
പേര്‍ഷ്യന്‍ രാജാവായ കോരെശ് 538-529 ബി.സി. വരെ രാജ്യം ഭരിച്ചു. പ്രവാസത്തില്‍ കഴിഞ്ഞിരുന്ന യെഹൂദന്മാര്‍ യെരുശലേമിലേക്കു മടങ്ങി പോകുന്നതിനു അദ്ദേഹം അനുവദിക്കുകയും ദൈവാലയത്തിന്റെ പുനര്‍ നിര്‍മ്മിതിക്ക് അനുമതി നല്‍കുന്ന ശാസനം പുറപ്പെടുവിക്കുകയും ചെയ്തതായി 2 ദിനവൃ. 36:22,23. എസ്രാ 1:1-4 എന്നീ ഭാഗങ്ങളില്‍ പ്രസ്താവിക്കുന്നു.
കോരെശിന്റെ കാലത്തിനു ഏകദേശം 150 വര്‍ഷം മുമ്പായിരുന്നു യെശയ്യാവിന്റെ പ്രവചനം. യെശയ്യാവ് പ്രവാചകന്റെ കാലത്ത് യെരുശലേം ദൈവാലയം പ്രൌഢമായി നില്‍ക്കുമ്പോള്‍ത്തന്നെ ഭാവിയില്‍ കോരെശ് രണ്ടാം യെരുശലേം ദൈവാലയത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനു മുന്‍കൈ എടുക്കുമെന്നും ദൈവം പ്രവാചകനില്‍ക്കൂടി അറിയിച്ചതും അത്ഭുതമുളവാക്കുന്നു.
ഇപ്പോള്‍ യെഹൂദന്മാര്‍ക്ക് പണിയേണ്ടത് മൂന്നാം യെരുശലേം ദൈവാലയമാണ്. യെരുശലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലം ഇപ്പോള്‍ മുസ്ളീങ്ങളുടെ മോസ്ക്കാണ്. ഈ സ്ഥലം പലസ്തീനിന് അവകാശപ്പെട്ടതാണെന്ന് യുനെസ്കോ തന്നെ പ്രഖ്യാപിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ചില ലോക രാഷ്ട്രങ്ങളും ഇതിനു പിന്തുണ നല്‍കിയിരുന്നു. ചരിത്രത്തെ വിസ്മരിച്ച ഈ തീരുമാനത്തിനെതിരെ യിസ്രായേല്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു.
എന്നാല്‍ അമേരിക്ക പോലുള്ള ചില രാഷ്ട്രങ്ങള്‍ യുനെസ്കോയുടെ തീരുമാനത്തെ എതിര്‍ക്കുകയുണ്ടായി. പ്രത്യേകിച്ച് ഇപ്പോഴത്തെ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭരണകൂടവും യിസ്രായേലിനു ശക്തമായ പിന്തുണ നല്‍കുകയും ചെയ്തു.
കൂടാതെ യിസ്രായേലിന്റെ ഇപ്പോഴത്തെ തലസ്ഥാനം ടെല്‍ -അവീവാണ്. തലസ്ഥാന നഗരം ഇനി യെരുശലേമാണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചുകൊണ്ട് യു.എസ്. എംമ്പസി ആസ്ഥാനം യെരുശലേമിലേക്കു മാറ്റിയതും വന്‍ വാര്‍ത്തയായിരുന്നു.
ട്രംപിന്റെ ധീരമായ ഈ നടപടിയില്‍ യിസ്രായേല്‍ ഒന്നടങ്കം ആഹ്ളാദിക്കുകയും യിസ്രായേലിലെങ്ങും ട്രംപിന്റെ ഫോട്ടോവച്ച് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ യെരുശലേമിലെ പുതിയ റയില്‍വേസ്റ്റേഷനു ട്രംപിന്റെ പേരും നല്‍കിയാണ് യിസ്രായേല്‍ ട്രംപിനെ പ്രത്യേകമായി ആദരിച്ചത്.
യിസ്രായേല്‍ മന്ത്രി ട്രംപിനെ കോരെശ് രാജാവിനോടു സാദൃശ്യപ്പെടുത്തി സംസാരിച്തും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ട്രംപ് രണ്ടാം കോരെശ് ആണെന്നും മൂന്നാം യെരുശലേം ദൈവാലയം പണിയുവാന്‍ ട്രംപിന്റെ സഹായം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നതായും യിസ്രായേല്‍ പ്രതികരിച്ചിരുന്നു.
ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന പുതിയ അര ശേക്കെല്‍ വെള്ളി നാണയം. ഇതില്‍ കോരെശിന്റെയും ട്രംപിന്റെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തു പുറത്തിറക്കിയത് യാദൃശ്ചികമായിട്ടല്ലെന്ന് രാഷ്ട്രീയ ലോകം നിരീക്ഷിക്കുന്നു.
യെഹൂദന്റെ ചിരകാല സ്വപ്നമായ യെരുശലേം ദൈവാലയം പണിയുവാനുള്ള ആഗ്രഹത്തിന്റെ പൂര്‍ത്തീകരണത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ദൈവാലയം പണി കഴിഞ്ഞാല്‍ യെഹൂദന്മാര്‍ക്ക ഉപയോഗിക്കുവാന്‍ വളരെ പരമപ്രധാനമായ ഒരു കല്‍പ്പനയാണ് യഹോവയായ ദൈവം മോശെ മുഖാന്തിരം യിസ്രായേലിനോട് അറിയിച്ചത്.
“യിസ്രായേല്‍ മക്കളുടെ ജനസംഖ്യ എടുക്കേണ്ടതിന് അവരെ എണ്ണുമ്പോള്‍ അവരുടെ മദ്ധ്യേ ബാധ ഉണ്ടാകാതിരിപ്പാന്‍ അവരില്‍ ഓരോരുത്തന്‍ താന്താന്റെ ജീവനുവേണ്ടി യഹോവയ്ക്കു വീണ്ടെടുപ്പു വില കൊടുക്കേണം.
എണ്ണപ്പെടുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ഏവനും വിശുദ്ധ മന്ദിരത്തിലെ തൂക്ക പ്രകാരം അര ശേക്കെല്‍ കൊടുക്കേണം. ശേക്കെല്‍ എന്നതു ഇരുതു ഗേരാ… ഈ പ്രായശ്ചിത്ത ദ്രവ്യം നീ യിസ്രയേല്‍ മക്കളോടു വാങ്ങി സമാഗമന കൂടാരത്തിന്റെ ശുശ്രൂഷയ്ക്കായി കൊടുക്കേണം”. (പുറ.30:12-16). യെഹൂദന്മാര്‍ യെരുശലേം ദൈവാലയം പണിയുവാനുള്ള നീക്കങ്ങള്‍ക്കു വേഗത വര്‍ദ്ധിപ്പിക്കുകയാണ്.
ദൈവാലയം പണിയുന്നതിനു മുമ്പായി അത്ഭുതകരമായ ഒരു സംഭവം ഈ ലോകത്തു നടക്കണം. അതു കര്‍ത്താവിന്റെ രണ്ടാം വരവാണ്.

