വീഡിയോ ഗെയിം തലച്ചോറിനെ അപകടത്തിലാക്കുമെന്ന് പഠനം
ടൊറന്റോ: കൊച്ചു കുട്ടികള്‍തൊട്ട് ചില മുതിര്‍ന്നവര്‍ വരെ ഇന്നു വീഡിയോ ഗെയിമുകളുടെ മായാവലയത്തില്‍ അകപ്പെട്ടിരിക്കുകയാണ്.
കൃത്യ സമയത്ത് പഠിക്കുവാനോ ആഹാരം കഴിക്കുവാനോ നേരമില്ലാതെ വീഡിയോ ഗെയിമുകളില്‍ മുഴുകുന്നത് വലിയ ദോഷം വരുത്തി വെയ്ക്കുമെന്ന് പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
ആക്ഷന്‍ വീഡിയോ ഗെയിമുകള്‍ തലച്ചോറിനെ അപകടത്തിലാക്കുമെന്നും വിഷാദം, സ്കീസോഫ്രീനിയ, അല്‍ഷൈമേഴ്സ് എന്നിവയ്ക്കു കാരണമാകുമെന്നും കാനഡയിലെ മോണ്‍ട്രിയല്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.
വീഡിയോ ഗെയിം ശ്രദ്ധകേന്ദ്രീകരണം, കഴിഞ്ഞകാല സംഭവങ്ങള്‍ ഓര്‍ത്തെടുക്കല്‍ എന്നിവയ്ക്ക് സഹായിക്കുന്ന തലച്ചോറിലെ പ്രധാന വിഭാഗമായ ഹൈപോകാമ്പസിനെ ബാധിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
തലച്ചോറിനുള്ളിലെ ‘ക്യുഡേറ്റ് ന്യൂക്ലിയസിനെ’ ഈ ഗെയിമുകള്‍ ഉത്തേജിപ്പിക്കും. ഈ സമയത്ത് ഹൈപോകാമ്പസിനെ കുറച്ചു മാത്രമെ ആശ്രയിക്കു. ഈ അവസ്ഥയില്‍ ഹൈപോകാമ്പസിന് നാശം സംഭവിക്കുന്നു.
51 പുരുഷന്മാരെയും 46 സ്ത്രീകളെയും സൂഷ്മമായി പഠിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. സ്ഥിരമായി ഗെയിം കളിക്കുന്നവരുടെ തലച്ചോറുകള്‍ സ്കാന്‍ ചെയ്ത് കളിക്കാത്തവരുമായി താരതമ്യം ചെയ്തായിരുന്നു പഠനം നടത്തിയത്.

