ഗ്രഹാം സ്റ്റെയിന്‍സ് വധം: ധാരാസിങ്ങിന്റെ ശിക്ഷാ കാലയളവില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി
ന്യൂഡെല്‍ഹി: ഒഡീഷയില്‍ ഓസ്ട്രേലിയന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകൊന്ന കേസിലെ മുഖ്യ പ്രതി ധാരാസിങ്ങിന്റെ ശിക്ഷാ ഇളവില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി.
ധാരാസിങ്ങിന്റെ ജയില്‍ മോചനത്തില്‍ തീരുമാനം വൈകുന്നതില്‍ ഒഡീഷ സര്‍ക്കാരിനെ വിമര്‍ശിച്ച കോടതി അടുത്ത മാസം രണ്ടിനകം തീരുമാനമെടുത്തില്ലെങ്കില്‍ കോടതി തന്നെ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കി.
ധാരാസിങ്ങിന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
1999-ലായിരുന്നു മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്.
ജനുവരി 23-ന് യാത്രയിലായിരുന്ന ഗ്രഹാം സ്റ്റെയിന്‍സിനെയും ആണ്മക്കളായ ഫിലിപ്പ് (10) തിമോത്തി (6) എന്നിവരെയും ഹിന്ദുത്വ സംഘടനയായ ബജറംഗദള്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനത്തില്‍ ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു.
1965 മുതല്‍ ഒഡീഷയില്‍ മയൂര്‍ഭഞ്ച് ലെപ്രസി ഹോം എന്ന സുവിശേഷ മിഷണറി സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
കുഷ്ഠ രോഗികളായ ആളുകളെ പരിചരിക്കുകയും കടുത്ത ദാരിദ്യ്രത്തില്‍ കഴിയുന്ന പ്രദേശ വാസികളെ സഹായിക്കുകയും ചെയ്തിരുന്നു. 26 വര്‍ഷമായി ധാരാസിങ്ങ് ജയിലിലാണ്.

