അന്ധനായ ക്രിസ്ത്യാനിയെ ദൈവനിന്ദാ കുറ്റത്തില്‍നിന്ന് വെറുതേ വിട്ടു.
ലാഹോര്‍: ദൈവനിന്ദ വ്യാജമായി ആരോപിച്ച് ഒരു അന്ധനായ ക്രിസ്ത്യാനിയെ കോടതി കുറ്റവിമുക്തനാക്കി.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ലാഹോറിലെ അഡീഷണല്‍ സെക്ഷന്‍ കോടതി 49 കാരനായ നദിം മസിഹിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നു വിധിച്ചു.
ജനനം മുതല്‍ അന്ധനും നടക്കാന്‍ സഹായിക്കുന്നതിന് കാലില്‍ ഇരുമ്പ് വടിയും ഉള്ള നദീമിനെതിരെ ഇസ്ളാമിന്റെ പ്രവാചകനായ മുഹമ്മദിന്റെ പേര് അശുദ്ധമാക്കി എന്ന കുറ്റം ചുമത്തി 2025 ഓഗസ്റ്റിലാണ് കേസ് ചമച്ചത്.
വധശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റമാണിത്.
ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടു. എന്റെ മകനെ മരണത്തിന്റെ നിഴലില്‍നിന്ന് രക്ഷിച്ചു. നദീമിന്റെ മാതാവ് മാര്‍ത്ത പറഞ്ഞു.
രണ്ട് മുസ്ളീം പുരുഷന്മാര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണ്ണമായും അടിസ്ഥാന രഹിതമാണെന്ന നദീമിന്റെ വാദം കോടതി അംഗീകരിച്ചു.
വഖസ് മഷറിനും, ആസിഫ് മുക്താറിനും തന്റെ ചെറുകിട ബിസിനസ് ഏറ്റെടുക്കാന്‍ നദീം വിസമ്മതിച്ചതിനാലാണ് തെറ്റായ ആരോപണം ഉന്നയിച്ചതെന്ന നദീമിന്റെ പ്രതിഭാഗം അഭിഭാഷകന്‍ ലാസര്‍ അല്ലാഹ് വാദിച്ചു.
നദീമിന്റെ വൈകല്യം കാരണം രണ്ടുപേരും മകനെ ഉപദ്രവിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

