യിസ്രായേലില്‍നിന്നും കണ്ടെത്തിയ ആരാധനാ ശില ഹിസ്ക്കിയാവു രാജാവിന്റെ കാലത്തേതാണെന്നു കരുതപ്പെടുന്നു
യെരുശലേം: ബിസി 8-മത്തെ നൂറ്റാണ്ടിന്റെ അവസാനത്തില്‍ അസീറിയക്കാര്‍ നശിപ്പിച്ച ഒരു യിസ്രായേലി മാളികയില്‍നിന്നും കണ്ടെത്തിയ ഒരു കൂറ്റന്‍ ആരാധനാ ശില ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് യെരുശലേം ദൈവാലയത്തില്‍ യഹൂദ ആരാധനയെ കേന്ദ്രീകരിക്കാന്‍ യഹൂദ രാജാവായ ഹിസ്ക്കിയാവു നടത്തിയ പരിഷ്ക്കാരത്തിന്റെ ചരിത്രത്തിലേക്കു കൂടുതല്‍ തെളിവുകള്‍ നല്‍കിയേക്കാമെന്ന് പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
രണ്ട് രാജാക്കന്മാര് 18-മത്തെ അദ്ധ്യായത്തില്‍ വിവരിക്കുന്നതുപോലെ ഹിസ്ക്കിയാവ് തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ യഹോവയ്ക്കു പ്രസാദമായതു ചെയ്തു.
അവന് പൂജാഗിരികളെ നീക്കി വിഗ്രഹ സ്തംഭങ്ങളെ തകര്‍ത്തു. അശേരാ പ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു. അപ്രകാരം ചെയ്ത സമയത്ത് ആ കല്ല് നീക്കം ചെയ്തിരിക്കാമെന്നാണ് ബാര്‍ ഇലാണ് സര്‍വ്വകലാശാലയിലെ പ്രൊഫ. അവ്രഹാം ഫൌസ്റ്റ് പറയുന്നത്.
ഏകദേശം 1.4 മീറ്റര്‍ ഉയരവും 750 കിലോഗ്രാം ഭരവുമുള്ള ഒരു കൂറ്റന്‍ കല്ല് യിസ്രായേലിലെ യഹൂദ്യന്‍ ഷെഫാലയുടെ (താഴ്ന്ന പ്രദേശങ്ങള്‍) തെക്കുകിഴക്കന്‍ പ്രദേശത്തുള്ള ടെല്‍ ഈറ്റണില്നിന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
കല്ല് രണ്ട് ഭാഗങ്ങളായി വെട്ടിമുറിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഹീബ്രുവില്‍ മസ്സെബ (ഇംഗ്ളീഷല് സ്റ്റാന്‍ഡിംഗ് സ്റ്റോണ്‍) എന്നറിയപ്പെടുന്നു.
അന്നത്തെ ആളുകള്‍ വലിയ കല്ലുകള്‍ ചെത്തിയൊരുക്കി അതിനെ ഒരു പ്രതീകമായി കണ്ട് ആരാധിച്ചിരുന്നുവെന്നാണ് പൊതുവെ എല്ലാ പണ്ഡിതന്മാരും മതനേതാക്കളും അഭിപ്രായപ്പെടുന്നത്.
ഒരു മത പരിഷ്ക്കാരത്തിന്റെ ഫലമായിട്ടായിരിക്കാം ഈ കല്ല് നീക്കം ചെയ്തതെന്ന് ഫൌസ്റ്റ് പറഞ്ഞു.

