രാജ്യത്ത് 74 ശതമാനം സ്കൂള്‍ കുട്ടികള്‍ ഡിജിറ്റല്‍ അടിമത്തത്തിലാണെന്ന് സര്‍വ്വേ.
ന്യൂഡെല്‍ഹി: ഡിജിറ്റല്‍ യുഗം നമ്മുടെ തലമുറകളെ എത്രത്തോളം സ്വാധീനിച്ചു എന്ന് ഞെട്ടിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
രാജ്യത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ 74 ശതമാനം പേര് പഠനാവശ്യങ്ങള്‍ക്ക് ദിവസേന രണ്ട് മണിക്കൂറില്‍ കൂടുതല്‍ സ്ക്രീനുകളില്‍ ചിലവഴിക്കുന്നതായാണ് പുതിയ സര്‍വ്വേയില്‍ കണ്ടെത്തിയത്.
21 ശതമാനം പേര് നാലു മണിക്കൂറില്‍ കൂടുതല്‍ മൊബൈല്‍ ഫോണ്‍ ഗെയിമിങ് പ്ളാറ്റ്ഫോമുകള്‍, സാമൂഹിക മാധ്യമങ്ങള്‍ എന്നിവയില്‍ ചിലവഴിക്കുന്നതായും വിശാല കേന്ദ്രത്തില്‍ സിബിഎസ്ഐ സ്കൂള്‍സ് (എന്‍സിസിഎസ്) നടത്തിയ പഠനത്തില്‍ കണ്ടെത്തി.
ദേശീയ സര്‍വ്വേയില്‍ പങ്കെടുത്ത 6,30,000 പ്രമുഖ പ്രതികരണങ്ങള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് എന്‍സിസിഎസ് സെക്രട്ടറി ജനറല്‍ ഡോ. ഇന്ദിര രാജന് പറഞ്ഞു.
സര്‍വ്വേയില്‍ പങ്കെടുത്ത 69 ശതമാനം അദ്ധ്യാപകരും സ്കൂള്‍ അധികൃതരും വിദ്യാര്‍ത്ഥികളില്‍ ഏകാഗ്രതയും ശ്രദ്ധയും കുറയുന്നതായി അഭിപ്രായപ്പെട്ടു. 63 ശതമാനം വിദ്യാര്‍ത്ഥികളില്‍ അസഹിഷ്ണത, ആശങ്ക, മാനസിക സമ്മര്‍ദ്ദം, സാമൂഹിക പിന്മാറ്റം തുടങ്ങിയ പ്രവണതകള്‍ വര്‍ദ്ധിച്ചു.
കായിക പ്രവര്‍ത്തനങ്ങളിലും സാമൂഹിക ഇടപെടലുകളിലും കുറവുണ്ടായതായി 66 ശതമാനം പേര് പ്രതികരിച്ചു. 18 വയസില്‍ താഴെ വരുന്നവരുടെ ഡിജിറ്റല്‍ ഉപയോഗം പരിമിതപ്പെടുത്താന്‍ ദേശീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആവശ്യമാണ്.
ഘട്ടങ്ങളായി നടപ്പാക്കുന്ന ചില നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും എന്‍സിസിഎസ് സര്‍ക്കാരിനു സമര്‍പ്പിച്ചു.

