കൌമാരക്കാരി രക്ഷിക്കപ്പെടാന്‍ കാരണമായതിന് അഭയാര്‍ത്ഥി ക്യാമ്പിലെ പാസ്റ്ററെ ജയിലിലടച്ചു.
യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചതിനു വീട്ടില്‍നിന്നും പുറത്താക്കപ്പെട്ട കൌമാരക്കാരിയുടെ ബന്ധുക്കള്‍ പാസ്റ്ററെ ജയിലിലേക്ക് വലിച്ചിഴച്ചതായി റിപ്പോര്‍ട്ട്.
ദക്ഷിണ സുഡാനിലെ അജോങ് തോക്ക് അഭയാര്‍ത്ഥി ക്യാമ്പിലെ ഗ്ളോറി ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ പാസ്റ്റ്ര്‍ ജോസഫിനെയാണ് ക്യാമ്പ് പോലീസ് സ്റ്റേഷനിലേക്ക് ബലമായി കൊണ്ടുപോവുകയും റിമാന്‍ഡ് തടവിലാക്കുകയും ചെയ്തത്.
പാസ്റ്റര്‍ ജോസഫ് കസ്റ്റഡിയിലാണെങ്കിലും അദ്ദേഹം കുറ്റം ഒന്നും ചെയ്തിട്ടില്ലെന്ന് പ്രാദേശിക വൃത്തങ്ങള്‍ പറഞ്ഞു.
സുഡാനിലെ നുബ പര്‍വ്വത നിരകളില്‍നിന്നുള്ള അഭയാര്‍ത്ഥിയായ അമോണ എന്ന 18 കാരി കഴിഞ്ഞ നവംബര്‍ 30-ന് ചര്‍ച്ചിലെത്തി സഭാ ആരാധനയില്‍ പങ്കെടുക്കുകയും ഡിസംബര്‍ 25-നു തന്റെ വിസ്വാസം പരസ്യമായി സാക്ഷീകരിക്കുകയും ചെയ്തു.
യാഥാസ്ഥിക മുസ്ളീം കുടുംബത്തിലെ അംഗമായ അമോണ അഭയാര്‍ത്ഥി ക്യാമ്പിലെ തന്റെ വീട്ടില്‍ സഹോദരന്‍ സൂക്ഷിച്ചിരുന്ന ബൈബിള്‍ കാണുകയും പതിവായി വായിച്ച് രക്ഷിക്കപ്പെടുകയും യഥാര്‍ത്ഥ ദൈവകൃപയിലെത്തിയതായും സഭയിലെ അംഗങ്ങളോടു പറഞ്ഞു.
ഇത് മനസ്സിലാക്കിയ ചില മുസ്ളീങ്ങള്‍ അമോണയുടെ വീട്ടില്‍ വിവരം അറിയിച്ചു. ഇതേത്തുടര്‍ന്ന് തന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ അമോണയെ തന്റെ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചു.
ഈ ആവശ്യം നിരസിച്ച അമോണയെ വീട്ടില്‍നിന്നും പുറത്താക്കി. അമോണ ക്രിസ്ത്യാനിയായതിനു കാരണം പാസ്റ്റര്‍ ആണെന്ന് പറഞ്ഞാണ് പോലീസില്‍ പരാതി നല്‍കിയതും പാസ്റ്ററെ കസ്റ്റഡിയിലെടുത്തതും.

