യഹൂദ മരുഭൂമിയിലെ പുരാതന ക്രിസ്ത്യന്‍ സാന്നിദ്ധ്യത്തിന്റെ തെളിവായി സ്വര്‍ണ്ണ നാണയങ്ങളും മോതിരവും കണ്ടെടുത്തു
യെരുശലേം: ചാവുകടലിനടുത്തുള്ള യഹൂദ മരുഭൂമിയിലെ ഹാസ്മോണിയന്‍ കാലഘട്ടത്തിലെ കോട്ടയായ എര്‍കാനിയയില്‍നിന്ന് അടുത്തിടെ രണ്ട് സ്വര്‍ണ്ണ നാണയങ്ങളും ഒരു സ്വര്‍ണ്ണ മോതിരവും കണ്ടെടുത്തതായി യിസ്രായേലിന്റെ സിവില്‍ അഡ്മിനിസ്ട്രേഷന്റെ പുരാവസ്തു യൂണിറ്റ് പ്രഖ്യാപിച്ചു.
പുരാവസ്തു യൂണിറ്റ് യെരുശലേമിലെ ഹീബ്രു സര്‍വ്വകലാശാലയിലെ അക്കാദമിക് സംഘങ്ങളുമായി സഹകരിച്ച് നടത്തിയ ഉല്‍ഖനനം, ഗവേഷണം, സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കിടയിലാണ് ഈ കണ്ടെത്തലുണ്ടായത്.
ബൈസെന്റൈന്‍ സാമ്രാജ്യ കാലത്ത് അവതരിപ്പിച്ച ഒരു തരം ഖര സ്വര്‍ണ്ണ കറന്‍സിയായ രണ്ട് സ്വര്‍ണ്ണ സോളിഡസ് നാണയങ്ങളില്‍ ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഭരിച്ചിരുന്ന ബൈസെന്റൈന്‍ ചക്രവര്‍ത്തി ഹെരാക്ളിയസിന്റെ ചിത്രം കാണാം.
ഈ സ്ഥലത്ത് അടുത്തിടെ നടത്തിയ ഖനനങ്ങളിലും ഗവേഷണങ്ങളിലും ബൈസെന്റൈന്‍ കാലഘട്ടത്തിലെ സമ്പത്തും മതപരമായ പ്രവര്‍ത്തനങ്ങളുടെ വര്‍ദ്ധനവും സൂചിപ്പിക്കുന്ന അപൂര്‍വ്വ കണ്ടെത്തലുകള്‍ ഉണ്ടായിരുന്നു.
5-മത്തെ നൂറ്റാണ്ടിലെ ഒരു ക്രിസ്ത്യന്‍ സന്യാസിയായിരുന്ന സബാസ് ഒരു ആശ്രമം സ്ഥാപിച്ചിരുന്നു. ഏഷ്യാ മൈനറില്‍നിന്നുമുള്ള ആളായിരുന്നു അദ്ദേഹം.
പുരാതന ക്രിസ്ത്യന്‍ പാരമ്പര്യം നിലനിന്നിരുന്ന ഈ സ്ഥലത്തുനിന്നും അപൂര്‍വ്വമായ പുരാവസ്തുക്കള്‍ കണ്ടെത്തിയത് ക്രൈസ്തവ സാന്നിദ്ധ്യത്തിന്റെ കൂടുതല്‍ തെളിവുകളാണെന്ന് പുരാവസ്തു വിഭാഗം മേധാവി ബെഞ്ചമിന്‍ ഹാര ഈവന്‍ പറഞ്ഞു.

