രാജ്യത്തെ ആദ്യ അവയവ മാറ്റ ആശുപത്രിക്ക് 7-ന് മുഖ്യമന്ത്രി കല്ലിടും
കോഴിക്കോട്: ആരോഗ്യ കേരളത്തിനു അഭിമാനമായി രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കോഴിക്കോട് യാഥാര്‍ത്ഥ്യമാകുന്നു.
ഏഴിന് പകല്‍ 12-ന് ചേറായൂരിലെ നിര്‍ദ്ദിഷ്ട ഭൂമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ളാന്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കല്ലിടും. 20 ഏക്കറിലാണ് നിര്‍മ്മാണം.
അവയവ മാറ്റത്തിലെ മുഴുവന്‍ പ്രവര്‍ത്തനവും ഒരു കുടയ്ക്കു കീഴിലാക്കുകയാണ് ലക്ഷ്യം. വിശദ പദ്ധതി രേഖ (ഡിപിആര്‍) കിഫ്ബി അംഗീകരിച്ച് ടെന്‍ഡര്‍ ക്ഷണിച്ചു.
ഈ മാസ അവസാനം നിര്‍മ്മാണത്തിലേക്ക് നീങ്ങും. 643.88 കോടി രൂപായാണ് വകയിരുത്തിയത്. എച്ച്എല്‍എന്‍ ഇന്‍ഫ്രാടെക് സര്‍വ്വീസസ് ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല.
സ്ഥലം കണ്ടെത്തല്‍ പൂര്‍ത്തിയാക്കി. ആറ് നിലകളില്‍ നാല് ബ്ളോക്കായുള്ള കെട്ടിടത്തില്‍ 510 കിടക്കയുണ്ടാകും. അവയവം മാറ്റിവയ്ക്കല്‍, അധ്യാപനം, പരിശീലനം, ഗവേഷണം, അവയവ ദാന പ്രവര്‍ത്തനം തുടങ്ങിയവ ഈ ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രീകരിച്ച് നടക്കും.
രണ്ട് വര്‍ഷംകൊണ്ടാണ് അവയവമാറ്റ ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാവുക.

