മനുഷ്യന് പ്രകൃതിയുമായുള്ള ബന്ധം 60 ശതമാനം കുറഞ്ഞതായി പഠനം
ലണ്ടന്‍: ഇന്ന് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം എത്രത്തോളമുണ്ടെന്ന് നമ്മെ ഓര്‍പ്പിക്കുന്ന ഒരു പുതിയ പഠന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്.
1800 മുതലുള്ള രണ്ടു നൂറ്റാണ്ടിനിടെ മനുഷ്യന് പ്രകൃതിയുമായുള്ള ഇഴയടുപ്പം 60 ശതമാനം കുറഞ്ഞുവെന്ന് വ്യക്തമാക്കുകയാണ് ബ്രിട്ടനിലെ ഡെര്‍ബി സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ മൈല്‍സ് റിച്ചാഡ്സണ്.
പുസ്തകങ്ങളില്‍നിന്നുള്ള പ്രകൃതി, നദി, പുല്, പൂക്കള്‍, പായല്‍, പക്ഷികള്‍ തുടങ്ങിയ പദങ്ങളൊക്കെ അപ്രത്യക്ഷമാകുന്നുവെന്ന് അദ്ദേഹം നടത്തിയ പഠനത്തില്‍ കണ്ടെത്തി. മനുഷ്യന് പ്രകൃതിയില്‍നിന്നും അകലുന്നതിന്റെ തെളിവാണിതെന്നു റിച്ചാഡ്സണ് അതിനെ കാണുന്നു.
1800 മുതല്‍ 2020 വരെയുള്ള കാലയളവില്‍ പുസ്തകങ്ങളില്‍നിന്ന് ഇത്തരം പദങ്ങള്‍ ഏറ്റവും കൂടുതല്‍ അപ്രത്യക്ഷമായത് 1990-ലാണ്.
നഗരവല്‍ക്കരണം ചുറ്റുവട്ടത്തെ സ്വാഭാവിക പ്രകൃതിയുടെ നാശം, വനശോഷണം, കുട്ടികള്‍ക്ക് പ്രകൃതിയുമായി ഇണങ്ങി ജീവിക്കുവാനുള്ള അവസരമില്ലാതാക്കല് എന്നിവയെക്കുറിച്ചുള്ള 220 വര്‍ഷത്തെ വിവര ശേഖരണം കമ്പ്യൂട്ടര്‍ മോഡലുകളുപയോഗിച്ച് പഠിച്ചാണ് റിച്ചാഡ്സണ് ഈ നിഗമനത്തിലെത്തിയത്.
ഇങ്ങനെപോയാല്‍ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വിടവ് ഇനിയും കൂടുമെന്നും പഠനം മുന്നറിയിപ്പ് നല്കുന്നു.
അതൊഴിവാക്കാന് ചെറുപ്രായത്തില്‍ത്തന്നെ കുഞ്ഞുങ്ങളെ പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതുള്‍പ്പെടെയുള്ള നയങ്ങള്‍ വേണമെന്നും പഠനം നിര്‍ദ്ദേശിക്കുന്നു. എര്‍ത്ത് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

