ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ശവപ്പെട്ടിക്കുള്ളില്‍ ജിവനുള്ള അമ്മയെയുംകൊണ്ടു നടന്നു മകന്‍
ബീജിംഗ്: ജീവിച്ചിരിക്കുന്നവര്‍ക്ക് ശവപ്പെട്ടി വാങ്ങിവെയ്ക്കുന്ന സബ്രദായം ലോകത്തെവിടെയും കേട്ടിട്ടില്ല. എന്നാല്‍ ജീവിച്ചിരിക്കുന്ന സ്വന്തം അമ്മയെ ശവപ്പെട്ടിക്കുള്ളിലാക്കി രാജകീയമായി ചുമന്നുകൊണ്ടുനടന്ന ഒരു സംഭവ വാര്‍ത്ത സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ചയായി.
തെക്കന്‍ ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ചാങ്ഡെയിലെ തായോ യുവാന്‍ കൌണ്ടിയിലെ ഷുവാഹസിക്കോ നഗരത്തിലാണ് കൌതുകകരമായ വാര്‍ത്ത വരുന്നത്.
യുവാവിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. തന്റെ 70 വയസുള്ള അമ്മയ്ക്കായി കടയില്‍നിന്ന് വാങ്ങിയ ശവപ്പെട്ടിയില്‍ കടയില്‍നിന്ന് വീട്ടിലേക്ക് ചുമക്കാന്‍ 16 പേരെയും ചുമതലപ്പെടുത്തി.
ഇത്തരത്തില്‍ ശവപ്പെട്ടിയില്‍ കൊണ്ടുവരുന്നത് തന്റെ അമ്മയുടെ ദീര്‍ഘായുസ്സ് വര്‍ദ്ധിപ്പിക്കുമെന്ന് വിശ്വസിച്ചാണ് മകന്‍ ഇത് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വീഡിയോയില്‍ ശവപ്പെട്ടിക്കുള്ളില്‍ ഒരു വൃദ്ധ വിശറിയും പിടിച്ചിരിക്കുന്നതും ആളുകള്‍ ശവപ്പെട്ടി ചുമന്ന് ഘോഷയാത്രപോലെ പോകുന്നതായും ചൈനീസ് സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമായ ഡൌയിനില്‍ കാണാം. വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയാണ് വൃദ്ധയെ ശവപ്പെട്ടിയില്‍ കൊണ്ടുപോകുന്നത്.
വീട്ടിലെത്തി ശവപ്പെട്ടി ഇറക്കിയശേഷം പഴങ്ങളും ധൂപങ്ങളും ഒക്കെ വച്ച് പ്രത്യേക ചടങ്ങുകളും നടത്തുന്നുണ്ട്. ഇത് ഒരു പരമ്പരാഗത ആചാരമാണ്. ഇങ്ങനെ നടത്തിയാല്‍ ആയുസ്സ് കൂടുമെന്നു വിശ്വസിക്കുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു.
എന്നാല്‍ ഇപ്പോള്‍ ഇത്തരം ആചാരങ്ങള്‍ നടത്താറില്ലെന്നും ഈ ചടങ്ങിനു ഏകദേശം 2800 ഡോളര്‍ (2.4 ലക്ഷം രൂപ) ചിലവു വരുമെന്നും പ്രദേശ വാസികള്‍ പറയുന്നു.

