താല്‍ക്കാലിക നഷ്ടം (എഡിറ്റോറിയൽ)
“ഈ നീതിമാന്റെ രക്തത്തില്‍ എനിക്കു കുറ്റമില്ല” (മത്താ.27:24) എന്നു പറഞ്ഞു പീലാത്തോസ് വെള്ളം എടുത്തു കൈ കഴുകി.
യേശുവിനെ വിസ്തരിച്ച സമയത്ത് മൂന്നു പ്രാവശ്യവും യേശുവില്‍ ഒരു കുറ്റവും കാണുന്നില്ല എന്നു പ്രഖ്യാപിച്ച പീലാത്തോസ് തന്റെ ചില സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കായി മാത്രമാണ് യേശുവിനെ ക്രൂശിക്കുവാന്‍ വിധിച്ചത്.
പീലാത്തോസിന് റോമന്‍ നാടുവാഴിയായി തുടരുവാന്‍ സന്നിദ്രീം സംഘത്തിന്റെ പിന്‍തുണ ആവശ്യമായിരുന്നു. അതുകൊണ്ട് നിരപരാധിയായ യേശുവിനെ വിട്ടയച്ചാല്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ തനിക്കെതിരെ ഇളക്കിവിടുമെന്ന് പീലാത്തോസ് ശരിക്കും ഭയപ്പെട്ടു.
ജനത്തിന്റെ ആവശ്യം നിരാകരിക്കുമ്പോള്‍ ക്രമസമാധാന നില തകരും. അങ്ങനെ വന്നാല്‍ റോമന്‍ ഭരണകൂടം അവനെ സ്ഥാനഭ്രഷ്ടനാക്കിക്കുമെന്ന് പീലാത്തോസിനറിയാമായിരുന്നു.
തന്റെ തലതിരിഞ്ഞ ചിന്താഗതികളുടെ അനന്തരഫലത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ പീലാത്തോസ് തന്റെ കൈകള്‍ കഴുകി സ്വയം ശാന്തനാകുകയായിരുന്നു. എന്നാല്‍ കാലം അവന്റെ ദാരുണ അന്ത്യം കണ്ട് തരിച്ചുപോയി. പീലാത്തോസ് പിന്നീട് ഒരു ഭ്രാന്തനേപ്പോലെ അലഞ്ഞു തിരിഞ്ഞു നടന്നുവെന്ന് ചരിത്രം പറയുന്നു.
പീലാത്തോസിന്റെ വിധിപ്രകാരം യേശു എന്നെന്നേക്കുമായി ഇല്ലാതാകുകയായിരുന്നു. യേശുവിനെ ക്രൂശിക്കുവാന്‍ ഏറ്റവും മുന്‍പന്തിയില്‍നിന്ന് ആര്‍ത്തട്ടഹസിക്കുന്ന കയ്യാഫാവിന്റെ ദുര്‍ബുദ്ധി പ്രകാരം യേശുവിന്റെ ആഗമനവും, ലക്ഷ്യവും, പദ്ധതിയും തകര്‍ന്നടിയുകയല്ല ചെയ്തത്.
അവയെ പരാജയപ്പെടുത്തി യേശു ഉയിര്‍ത്തെവുന്നേറ്റു. അന്നുതൊട്ടിന്നുവരെയും ലോകത്ത് കോടിക്കണക്കിന് ജനങ്ങള്‍ യേശുവിനെ വിശ്വസിച്ച് രക്ഷപ്രാപിച്ചു.
ഒരു കുറ്റവും ചെയ്യാത്ത യേശു പാപികളായ മനുഷ്യ വര്‍ഗ്ഗത്തിനുവേണ്ടിയാണ് എല്ലാം സഹിച്ചത്. പാപികള്‍ക്കേ നിരപരാധിയായ ഒരുവനെ കുറ്റം വിധിപ്പാന്‍ കഴിയുകയുള്ളു.
അവനില്‍ സാത്താന്‍ കടന്നു എല്ലാ വിശുദ്ധന്മാരെയും തകര്‍ക്കുവാന്‍ ഊടാടി സഞ്ചരിക്കുകയാണ്. കുറ്റമില്ലായെങ്കിലും വ്യാജ കുറ്റം ആരോപിച്ച് ദൈവമക്കളെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ അനേകരാണ്.
മറുവശത്ത് അനേകര്‍ എല്ലാ തിന്മകളും ചെയ്തുകൂട്ടി തഴച്ചു വളരുന്നു. ഇത് കണ്ടില്ലെന്ന് നടിക്കുന്ന സമൂഹമാണിന്ന്. ബൈബിള്‍ പറയുന്നു “അന്ത്യകാലത്ത് ദുര്‍ഘട സമയങ്ങള്‍ വരും എന്നറിക.
മനുഷ്യര്‍ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും….. ഭക്തിയുടെ വേഷം ധരിച്ച് അതിന്റെ ശക്തി ത്യജിക്കുന്നവരായിരിക്കും”. (2 തിമൊഥി.3:1-5).
നാം ഈ ഭൂമിയില്‍ വിശ്വസ്തതയോടെ ജീവിക്കുമ്പോഴും, നിഷ്ക്കളങ്കരായി ജീവിക്കുമ്പോഴും നമുക്കെതിരെ സാത്താന്‍ പരീക്ഷണങ്ങളുമായി വരും.
താല്‍ക്കാലിക സൌകര്യങ്ങള്‍ക്കും സുഖസൌകര്യങ്ങള്‍ക്കുമായി നമ്മുടെ വിലയേറിയ വിശ്വാസവും ഉപദേശവും വിറ്റുകളയരുത്. അങ്ങനെ ചെയ്താല്‍ പിന്നീട് നാം ദുഃഖിക്കേണ്ടി വരും.
പിന്നീട് കരകയറുവാന്‍ പ്രയാസപ്പെടേണ്ടിവരും. നമ്മിലുള്ള സത്യസന്ധതയും വിശ്വസ്തതയും നാം തന്നെ മുറുകെ പിടിക്കുക. നമുക്കെതിരായി നില്‍ക്കുന്നവര്‍ പിന്നീട് താളടിയായിത്തീരുന്ന അനുഭവം ഒരുപക്ഷെ നമുക്ക് കാണുവാന്‍ ഇടവരും.
നമുക്കുണ്ടാകുന്ന താല്‍ക്കാലിക നഷ്ടം പിന്നീട് ലാഭമായിത്തീരുമെന്ന് തീര്‍ച്ച. ഇത് മനസ്സിലാക്കി നാം ജീവിക്കുക.
പാസ്റ്റര്‍ ഷാജി. എസ്.

