ആത്മീയത കുഞ്ഞുങ്ങളില്‍ (എഡിറ്റോറിയൽ)
കേരളത്തിലെ വിദ്യാര്‍ത്ഥികളില്‍ നല്ലൊരു വിഭാഗം പേരും അന്യ സംസ്ഥാനങ്ങളിലേക്ക് ഉന്നത പഠനത്തിനായി പോകുന്നുണ്ട്. അങ്ങനെ നാട്ടിലും മറുനാട്ടിലുമൊക്കെയായി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്.
ഇനി ഇവരുടെ മോഡേണിസത്തെക്കുറിച്ച് നമുക്ക് അല്‍പ്പം ചിന്തിക്കാം. ഇന്നത്തെ കുട്ടികള്‍ക്ക് (ആണായാലും, പെണ്ണായാലും) ഭക്ഷണത്തേക്കാളും, ആത്മീയതയേക്കാളും കൂടുതല്‍ താല്‍പ്പര്യം നില്‍ക്കുന്നത് ഫാഷന്‍ ഭ്രമത്തലാണ്.
എല്‍.പി.എസ്. വിദ്യാര്‍ത്ഥികള്‍ക്കു പോലും മൊബൈല്‍ ഫോണ്‍ തങ്ങളുടെ മാതാപിതാക്കള്‍ രഹസ്യമായി ബാഗിനുള്ളില്‍ തിരുകി കയറ്റി സൈലന്റാക്കി കൊടുത്തുവിട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
രാവിലെ 10.30-ന് ടിഫിന്‍ കഴിച്ചോ?, ഉച്ചയ്ക്ക് ചോറു മുഴുവന്‍ കഴിച്ചോ? എന്നു ചോദിക്കാനും, മേലു നോവിക്കുന്ന മറ്റു കുട്ടികളുടെ പേര് ലൈവായി പറയാനുമൊക്കെയാണ് ഈ സജ്ജീകരണം. പക്ഷേ ഇത് തീക്കളിയാണ്.
കഴിഞ്ഞ വര്‍ഷം തന്നെ മൊബൈല്‍ പ്രണയങ്ങളില്‍ ചില കുട്ടികള്‍ അകപ്പെട്ട് നിരാശരായി ആത്മഹത്യ ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. കൂടാതെ നിരവധി കുട്ടികള്‍ ബ്ളാക്ക് മെയിലിംഗിന് ഇരയായതായും കാണാം. നാണക്കേടുകൊണ്ടോ ഭയന്നോ ആരും പുറത്തു പറയാറില്ല എന്നു മാത്രം.
മറ്റൊരു ആഡംബര ഭ്രമം ടൂവീലറുകളാണ്. ആണ്‍ കുട്ടികള്‍ താടിയും, മീശയും നീട്ടി വളര്‍ത്തി ഒരു ബൈക്കില്‍ത്തന്നെ രണ്ടു മൂന്നും പേര്‍ കയറി റോഡിലൂടെ ചീറിപ്പാഞ്ഞു പോകുന്ന രംഗങ്ങള്‍ ഭീതി ഉളവാക്കുന്നു.
ഇതൊടൊപ്പം അപകടങ്ങളും വര്‍ദ്ധിക്കുന്നു. നിരവധി യുവതി യുവാക്കള്‍ മദ്യ-മയക്കുമരുന്ന്-മാഫിയാ-ഗുണ്ടാ-സെക്സ് റാക്കറ്റുകളുടെ വലയില്‍ അകപ്പെട്ടിട്ടുണ്ട്. കലാലയങ്ങളെ കേന്ദ്രീകരിച്ചാണ് കുറ്റകൃത്യങ്ങളും മുളയ്ക്കുന്നത്.
മോഷണവും, അടിപിടികളും പിന്നീട് കലാലയങ്ങള്‍ക്ക് പുറത്തേക്കു വ്യാപിക്കുന്നു എന്നു മാത്രം. അതുപോലെ അന്യ നാടുകളിലേക്ക് ട്രെയിനിനുള്ളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥിനികളും യാത്രകളില്‍ പരിചയപ്പെടുന്ന യുവാക്കളും തമ്മിലുള്ള കേളീ രംഗങ്ങള്‍ സഹയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
യാത്ര അവസാനിക്കുന്നതിനു മുമ്പായി മൊബൈല്‍ നമ്പരും, മൊബൈലിലേക്ക് ഫോട്ടോയും യുവാക്കള്‍ക്ക് കിട്ടിക്കഴിയും.
ദുഷിച്ച സമൂഹത്തിലേക്ക് ഒട്ടുമിക്ക വിദ്യാര്‍ത്ഥികളും അറിഞ്ഞോ, അറിയാതെയോ വഴുതി വീഴുന്നു. ഇതിനു മുഖ്യ കാരണം ദൈവത്തെ ഭയമില്ലായ്മയാണ്. കാലത്തിനു തക്ക കോലമായി മാറുവാന്‍ മാതാപിതാക്കളും കൂട്ടുനില്‍ക്കുന്നു എന്നതാണ് സത്യം.
കൃത്യമായി സഭായോഗങ്ങളില്‍ പങ്കെടുക്കാത്ത കുട്ടികള്‍ കുടുംബ പ്രാര്‍ത്ഥനകളില്‍ പോലും സഹകരിക്കുന്നില്ല. ദൈവവുമായി യാതൊരു ബന്ധവുമില്ലാത്ത ക്രൈസ്തവരായ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
സമൂഹത്തിന് മാതൃക കാണിക്കേണ്ട ക്രൈസ്തവരായ വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് അപമാനമാണ് വരുത്തി വയ്ക്കുക്കുന്നത്. കലാലയങ്ങളില്‍ ക്രൈസ്തവ വിദ്യാര്‍ത്ഥി സംഘടനകള്‍ പലതുമുണ്ട്. ഇവയെല്ലാം ഇന്നു മരിച്ചു കിടക്കുകയാണ്.
ഏറ്റെടുത്തു നടത്തുവാന്‍ ആളില്ലാതായി. ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ സുവിശേഷത്തിന്റെ സാക്ഷികളാകുവാന്‍ മനസ്സില്ലാതെ മറ്റ് സാമൂഹിക രാഷ്ട്രീയ സംഘടനകളുമായി ബന്ധപ്പെടുന്നു.
പെന്തക്കോസ്ത് വിദ്യാര്‍ത്ഥികളും സമൂഹത്തിലെ മറ്റു വിദ്യാര്‍ത്ഥികളും തമ്മില്‍ ഒരുപാട് അന്തരമുണ്ട്. അവര്‍ ദൈത്തിന്റെ പ്രതിമ ധരിച്ചിരിക്കുന്നവരാണ്. ദൈവത്തിന്റെ പത്രങ്ങളാണ്. മറ്റുള്ളവരെപ്പോലെ ലക്ഷ്യമില്ലാതെ ജീവിച്ചാല്‍ ഭാവി അപകടത്തിലാകും.
അതുകൊണ്ട് ഈ അദ്ധ്യയന വര്‍ഷത്തില്‍ ദൈവ ഭയത്തോടും അനുസരണയോടും നല്ല മാതൃകയുള്ള കുട്ടികളായിത്തീരുവാന്‍ ശ്രമിക്കുക. മാതാപിതാക്കള്‍ ഇതിനായി കുട്ടികളെ പരിശീലിപ്പിക്കുക.
പാസ്റ്റര്‍ ഷാജി. എസ്.