മൃഗങ്ങള്‍ക്ക് സിംഹത്തേക്കാള്‍ ഭയം മനുഷ്യരെയെന്ന് ഗവേഷകര്‍
ജോഹന്നാസ്ബര്‍ഗ്ഗ്: കാട്ടിലെ രാജാവായ സിംഹത്തെ പേടിക്കാത്തവരാരുമില്ല. സകലമാന മൃഗങ്ങള്‍ക്കും ഒരു പേടിസ്വപ്നമാണ് കരയിലെ ഏറ്റവും വലിയ വേട്ടക്കാരില്‍ ഒന്നായ സിംഹത്തെ. സിംഹങ്ങളുടെ കൂട്ടം ചേര്‍ന്നുള്ള ആക്രമണങ്ങള്‍ ഭയാനകവുമാണ്. സിംഹത്തിന്റെ ഗര്‍ജ്ജനം കേട്ടാല്‍ത്തന്നെ ഏതു ജീവിയും ഓടിയൊളിക്കും.
പക്ഷെ കാര്യങ്ങളൊക്കെ ഇങ്ങനെയാണെങ്കിലും ആഫ്രിക്കന്‍ സാവന്നയിലെ മൃഗങ്ങള്‍ക്ക് സിംഹത്തേക്കാള്‍ ഭയം മനുഷ്യരെയാണെന്നാണ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.
കാനഡയിലെ വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
മനുഷ്യരുടെയും സിംഹത്തിന്റെയും ശബ്ദം കേള്‍പ്പിച്ച് മൃഗങ്ങളുടെ പ്രതികരണം റെക്കോര്‍ഡ് ചെയ്താണ് പഠനം നടത്തിയത്. ഇത്തരത്തില്‍ വന്യമൃഗങ്ങളുടെ 10,000 ത്തിലേറെ പ്രതികരണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനായി. 95 ശതമാനം മൃഗങ്ങളും സിംഹത്തിന്റെ ഗര്‍ജ്ജനത്തേക്കാള്‍ ഭയക്കുന്നത് മനുഷ്യരുടെ ശബ്ദങ്ങളെയാണെന്ന് ഇതിലൂടെ കണ്ടെത്തി.
ദക്ഷിണാഫ്രിക്കയിലെ ഗ്രേറ്റര്‍ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കില്‍ ജലാശയങ്ങള്‍ക്ക് സമീപമാണ് ഗവേഷകര്‍ മനുഷ്യന്റെയും സിംഹത്തിന്റെയും റെക്കോര്‍ഡ് ചെയ്ത ശബ്ദങ്ങള്‍ കേള്‍പ്പിച്ചത്.
സിംഹങ്ങള്‍ ധാരാളമുള്ള മേഖലയാണിവിടം. എന്നിട്ടും ഭൂരിപക്ഷം മൃഗങ്ങളും മനുഷ്യരെയാണ് സിംഹത്തേക്കാള്‍ ഭീഷണിയായി കാണുന്നത്. ഇതിനിടെ സിംഹത്തിന്റെ ശബ്ദം കേട്ട് റെക്കോര്‍ഡിംഗ് ഉപകരണങ്ങള്‍ ആന ചവിട്ടി തകര്‍ത്ത സംഭവവും ഉണ്ടായത്രെ.

