ആല്‍പ്സിന് വടക്കുനിന്ന് യേശുക്രിസ്തുവിനെ സ്തുതിക്കുന്ന പുരാതന വെള്ളി ചുരുള്‍ കണ്ടെത്തി
ജര്‍മ്മനിയിലെ പുരാവസ്തു ഗവേഷകര്‍ 1750 വര്‍ഷം പഴക്കമുള്ള ഒരു വെള്ളി ചുരുള്‍ അടങ്ങിയ രക്ഷാകവചം (അമ്യൂലറ്റ്) കണ്ടെത്തിയതായി സ്ഥിരീകരിച്ചു. ഇപ്പോള്‍ ആല്‍പ്സിന് വടക്ക് ക്രിസ്തുമതത്തിന്റെ ഏറ്റവും പഴയ ഭൌതിക തെളിവായി ഇത് അംഗീകരിക്കപ്പെട്ടിരിക്കുന്നു.
2018-ല്‍ ഫ്രാങ്ക് ഫര്‍ട്ടിലെ റോമന്‍ കാലഘട്ടത്തിലെ ഒരു ശവക്കുഴിയുടെ ഖനനത്തിനിടെയാണ് ഈ അസാധാരണ പുരാവസ്തു ആദ്യമായി കണ്ടെത്തിയത്. ഡിസംബര്‍ 11-ന് ഫ്രാങ്കഫര്‍ട്ട് ആംമെയിനില്‍ നിന്നുള്ള ഒരു പത്രക്കുറിപ്പില്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. എഡി 230-നും 270നും ഇടയിലുള്ള ശവകുടീരത്തില്‍ അമ്യുലറ്റ് അടങ്ങിയിരുന്നു.
അതിനുള്ളില്‍ ഒരു ചെറിയ വെള്ളിച്ചുരുള്‍ പുരാവസ്തു ഗവേഷകര്‍ ശ്രദ്ധിച്ചു. എന്നിരുന്നാലും അതിന്റെ ദുര്‍ബലത അതിന്റെ ഉള്ളടക്കങ്ങള്‍ വായിക്കാന്‍ ശ്രമിക്കുന്ന ഗവേഷകര്‍ക്ക് കാര്യമായ വെല്ലുവിളികള്‍ ഉയര്‍ത്തി.
കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ കൈകൊണ്ട് ചുരുള്‍ തുറക്കാനുള്ള പരിശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. എക്സറേയും മൈക്രോസ്കോപ്പും ഉപയോഗിച്ചുള്ള തുടര്‍ന്നുള്ള ശ്രമങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടായില്ല.
ഒടുവില്‍ കംപ്യൂട്ടഡ് ടോമോഗ്രഫി എന്നറിയപ്പെടുന്ന ഒരു 3ഡി എക്സ്റേ രീതി ഉപയോഗിച്ചു. അത് ശാരീരികമായി കൈകാര്യം ചെയ്യാതെ സ്ക്രോള്‍ ഡിജിറ്റലായി അണ്‍റോള്‍ ചെയ്യാന്‍ വിദഗ്ദ്ധരെ പ്രാപ്തരാക്കി. ഈ പ്രക്രീയ ലാറ്റിന്‍ വാചകത്തിന്റെ 18 വരികള്‍ വെളിപ്പെടുത്തി.
അത് ഭാഷാ ശാസ്ത്രജ്ഞര്‍ മാസങ്ങളോളം മനസ്സിലാക്കാന്‍ ചിലവഴിച്ചു. ഈ ലിഖിതത്തില്‍ യേശുക്രിസ്തുവിനെ സ്തുതിക്കുന്ന വാക്യങ്ങള്‍ അടങ്ങിയിരിക്കുന്നു. അതില്‍ “പരിശുദ്ധന്‍! ദൈവത്തിന്റെ, യേശുക്രിസ്തുവിന്റെ മുമ്പാകെ എല്ലാ മുട്ടുകളും മടങ്ങും” എന്ന വാക്കുകളും ഉള്‍പ്പെടുന്നു.
ഈ ശവക്കുഴി ഒരു ക്രിസ്ത്യാനിയുടേതാണെന്ന് പുരാവസ്തു ഗവേഷകര്‍ വിശ്വസിക്കുന്നു. യഹൂദ പാരമ്പര്യത്തില്‍ ഉപയോഗിക്കുന്ന ഫൈലക്റ്റമിക്ക് സമാനമായി കഴുത്തില്‍ ഒരു ചരടില്‍ അമ്യൂലറ്റ് ധരിച്ചിരിക്കാം.
ഒരു ഭക്തന്‍ അന്ന് പരസ്യമായിട്ടാണോ രഹസ്യമായിട്ടാണോ തന്റെ വിശ്വാസം കാത്തുസൂക്ഷിച്ചതെന്ന് വ്യക്തമല്ല. കാരണം അന്ന് റോമന്‍ സാമ്രാജ്യം ഫ്രാങ്ക്ഫര്‍ട്ട് പ്രദേശം നിയന്ത്രിച്ചിരുന്നു.

