ഇന്ത്യയില്‍ ഈ വര്‍ഷം ക്രൈസ്തവര്‍ക്കെതിരായി 673 അതിക്രമങ്ങള്‍ നടന്നു
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ക്രൈസ്തവര്‍ക്കെതിരായി 673 അതിക്രമ സംഭവങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്.
ന്യൂഡെല്‍ഹി ആസ്ഥാനമായുള്ള യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ (യു.സി.എഫ്) ഏറ്റവും പുതിയ വയലന്‍സ് മോണിറ്റര്‍ റിപ്പോര്‍ട്ട് 2024 പ്രകാരം രാജ്യത്ത് 28 സംസ്ഥാനങ്ങളില്‍ 23-ലെയും ക്രിസ്ത്യാനികള്‍ ദൈനംദിന വിവേചനവും അക്രമവും സഹിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ക്രിസ്ത്യന്‍ സമൂഹങ്ങളുടെ ഭയാനകമായ യാഥാര്‍ത്ഥ്യത്തെ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടുന്നു. ശാരീരിക അതിക്രമങ്ങളും കൊലപാതകങ്ങളും മുതല്‍ സാമൂഹിക ബഹിഷ്ക്കരണങ്ങളും മതചിഹ്നങ്ങളെ അവഹേളിക്കുന്നതും വരെയുള്ള സംഭവങ്ങള്‍ രേഖപ്പെടുത്തുന്നു.
ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള യുസിഎഫിന്റെ ഹെല്‍പ് ലൈന്‍ വഴി സമാഹരിച്ച ഡാറ്റാ ക്രിസ്ത്യാനികള്‍ നേരിടുന്ന വെല്ലുവിളികളുടെ തീവ്രത വരച്ചു കാട്ടുന്നു. 12 കേസുകള്‍ സ്ത്രീകളെ ലക്ഷ്യം വച്ചുള്ളതും 14 സംഭവങ്ങള്‍ ദളിത് ക്രിസ്ത്യാനികള്‍ ഉള്‍പ്പെട്ടതും 24 ആദിവാസി ക്രിസ്ത്യാനികള്‍ക്ക് എതിരെയുള്ളതുമായ സംഭവങ്ങളാണ്.
ഈ വര്‍ഷം 673 സംഭവങ്ങള്‍ ഞങ്ങളുടെ ഹെല്‍പ്പ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യു.സി.എഫ് നാഷണല്‍ കോര്‍ഡിനേറ്റര്‍ എസി മൈക്കിള്‍ പറഞ്ഞു.
ഇവ ക്രിസ്ത്യന്‍ വിശ്വാസികളെ ലക്ഷ്യമിട്ട് ഹിന്ദു അനുകൂല ഗ്രൂപ്പുകളുടെ സംഘടിത അക്രമ പ്രവര്‍ത്തനങ്ങളാണ്. അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശ് (182 സംഭവങ്ങള്‍), ഛത്തീസ്ഗഢ് (139 സംഭവങ്ങള്‍), ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.
പരാതികള്‍ ഉയര്‍ന്നിട്ടും 47 കേസുകള്‍ മാത്രമാണ് പ്രഥമ വിവര റിപ്പോര്‍ട്ടായി (എഫ്ഐആര്‍) രജിസ്റ്റര്‍ ചെയ്തത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നു വ്യാജാരോപണങ്ങള്‍ ചുമത്തി പാസ്റ്റര്‍മാരെ തടങ്കലില്‍ വയ്ക്കാറുണ്ട്.
അക്രമങ്ങള്‍ നടത്തിയവര്‍ക്കെതിരെ നടപടികളൊന്നും എടുക്കാറുമില്ല. 2023-ല്‍ 750 സംഭവങ്ങള്‍ രേഖപ്പെടുത്തിയിരുന്നു.

