യു.പിയിലെ വ്യാജ മതപരിവര്‍ത്തന കേസ് റദ്ദാക്കി കോടതി
ലക്നൌ: ഗ്രാമവാസികളെ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് രണ്ട് പേരുടെ മേല്‍ ചുമത്തിയ കേസുകള്‍ ഉത്തര്‍പ്രദേശിലെ ബെറെയ്ലി കോടതി അസാധുവാക്കി.
അഭിഷേക് ഗുപ്ത, കുന്ദന്‍ ലാല്‍ കോറി എന്നിവര്‍ക്കെതിരായ നടപടികളാണ് ബെറെയ്ലി അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജി ജ്ഞാനേന്ദ്ര ത്രിപാഠി അസാധുവാക്കിയത്.
ഹിന്ദു ജാഗരണ്‍ മഞ്ച് യുവ വാഹിനിയുടെ പ്രവര്‍ത്തകരെന്ന് സോഷ്യല്‍ മീഡിയായില്‍ സ്വയം അവകാശപ്പെട്ട് ഹിമാന്‍ഷു പട്ടേലിന്റെ പരാതിപ്രകാരമായിരുന്നു പോലീസ് കേസെടുത്തത്.
സ്വയം പ്രഖ്യാപിത ഗോരക്ഷാ പ്രവര്‍ത്തകന്റെ അടിസ്ഥാന രഹിതമായ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും പ്രതി ചേര്‍ത്തതിന് അന്നത്തെ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ക്കും രണ്ട് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്കും കെട്ടിച്ചമച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളേത്തുടര്‍ന്ന് എഫ് ഐ ആറിനു അനുമതി നല്‍കിയ സര്‍ക്കിള്‍ ഓഫീസര്‍ക്കും എതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ കോടതി ജില്ലാ സീനിയര്‍ പോലീസ് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ബാഹ്യ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ഇതിലൂടെ പ്രശസ്തി നേടാന്‍ പരാതിക്കാരന്‍ ആഗ്രഹിച്ചിരുന്നുവെന്നും 27 പേജുള്ള വിധി ന്യായത്തില്‍ ജഡ്ജി ചൂണ്ടിക്കാട്ടി.
2022 മെയ് 29-ന് മമത എന്നയാളുടെ വീട്ടില്‍ ഗുപ്തയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയെന്നും വാഗ്ദാനങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ച് 40 പേരെ അവിടെവച്ച് മനപരിവര്‍ത്തനം നടത്തിയെന്നുമായിരുന്നു പട്ടേലിന്റെ പരാതിയില്‍ പറഞ്ഞിരുന്നത്.