കോംഗോയില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ 80 ഓളം ക്രിസ്ത്യാനികള്‍ക്ക് ജീവന് നഷ്ടമായി
കിന്‍ഷാസ: ആഫ്രിക്കന്‍ രാഷ്ട്രമായ ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയില്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണ പരമ്പരയില്‍ 80 ഓളം ക്രിസ്ത്യാനികള്‍ക്ക് ജീവന് നഷ്ടമായി. സൈനിക, പ്രാദേശിക വൃത്തങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള നോര്‍ത്ത് കിവു പ്രവിശ്യയിലെ ബെനി പ്രദേശത്തെ നിരവധി ഗ്രാമങ്ങളില്‍ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് എന്ന തീവ്രവാദി ഗ്രൂപ്പിന്റെ ഏകോപിപ്പിച്ച ആക്രമങ്ങളാണ് നടന്നത്.
ജൂണ്‍ 7-ന് ലുബെറോ പ്രദേശത്തെ മെയ്കെങ്കേറ ഗ്രാമത്തില്‍ 40 തിലധികം ആളുകള്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം സംഘടന ഏറ്റെടുത്തു.
ജൂണ്‍ ആദ്യം മുതല്‍ ഡെമോക്രാറ്റിക് സേനയുടെ ആക്രമണത്തില്‍ 150-ഓളം പേര് കൊല്ലപ്പെട്ടിരുന്നു. അന്താരാഷ്ട്ര ക്രിസ്ത്യന്‍ നിരീക്ഷണ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് പോസ്റ്റു ചെയ്ത റിപ്പോര്‍ട്ട് പ്രകാരം ഇതില്‍ 80 പേരെങ്കിലും ക്രൈസ്തവരുണ്ടെന്നാണ് വിവരം.
സംഘടനയുടെ ആക്രമണങ്ങള്‍ പുതിയതല്ലെങ്കിലും അടുത്ത കാലത്തായി ഇവര്‍ നടത്തുന്ന ആക്രമണങ്ങള്‍ മാരകങ്ങളാണെന്നാണ് ഓപ്പണ്‍ ഡോര്‍സ് പറയുന്നത്. സംഭവത്തെത്തുടര്‍ന്നു ക്രിസ്ത്യാനികള്‍ പ്രദേശങ്ങളില്‍ നിന്നും പാലായനം ചെയ്തു.
നിരവധി ചര്‍ച്ചുകള്‍ അടച്ചു പൂട്ടി. ക്രിസ്ത്യാനികള്‍ വിളവെടുപ്പു നടത്തുന്ന സമയത്താണ് ഈ അനിയന്ത്രിത ആക്രമണങ്ങളെന്നും ഓപ്പണ്‍ ഡോര്‍സ് സിഇഒ റയാന് ബ്രൌണ്‍ പറഞ്ഞു.
ക്രിസ്ത്യന്‍ ഗ്രാമങ്ങളായ മസാല മപാസിന, മഹിനി ഗ്രാമങ്ങളില്‍ ആക്രമണത്തിന്റെ ആഘാതം വര്‍ദ്ധിച്ചു.
തോക്കുകളും വെട്ടുകത്തികളും ഏന്തിയ അക്രമികള്‍ നിഷ്ഠൂരമായ കൊലപാതകമാണ് നടത്തിയതെന്നും പ്രാദേശിക ആരോഗ്യകേന്ദ്രത്തിനു തീയിട്ടെന്നും പ്രാദേശിക ഉദ്യോഗസ്ഥന് പറഞ്ഞു.

