കോടതികളില്‍ ആശ്രയിക്കുന്നുവോ? (എഡിറ്റോറിയൽ)

കോടതികളില്‍ ആശ്രയിക്കുന്നുവോ? (എഡിറ്റോറിയൽ)

Articles Breaking News Editorials

കോടതികളില്‍ ആശ്രയിക്കുന്നുവോ? (എഡിറ്റോറിയൽ)

കോടതിയും കേസും ശിക്ഷകളുമൊക്കെ ഇന്ന് എല്ലാവര്‍ക്കും സുപരിചിതമാണ്. ക്രൈസ്തവരായാലും അക്രൈസ്തവരായാലും പല കാര്യങ്ങലിലും കോടതികളെ ആശ്രയിക്കേണ്ടി വരുന്നു.

അക്രൈസ്തവരായവര്‍ക്ക് നീതിയും ന്യായവും സ്പഷ്ടമായി നടക്കണമെന്നില്ല. ഒരു കുറ്റകൃത്യത്തില്‍ പ്രതിയായ വ്യക്തിയോ മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്കു പ്രതിസ്ഥാനത്തുവന്നവരോ ആയവര്‍ക്ക് തങ്ങള്‍ക്കു ലഭിക്കുന്ന ശിക്ഷയില്‍നിന്നും ഒരു മോചനം അവര്‍ ആഗ്രഹിക്കുന്നുണ്ട്.

അവിടെ സത്യവും നീതിയും നടക്കണെമെന്നില്ല. വാദികളായവരും ആഗ്രഹിക്കുന്നത് തങ്ങളുടെ വാദം ജയിക്കണമെന്നാണ്. പ്രതിഭാഗത്തുള്ളവര്‍ക്ക് ഏറ്റവും മുന്തിയ ശിക്ഷതന്നെ ലഭിക്കണെമെന്നു ആഗ്രഹിക്കുന്നവരാണ് ഈ കൂട്ടര്‍. ഈ ലോകത്തിന്റെ പീനല്‍കോഡ് അനുശാസിക്കുന്ന സംരക്ഷണമോ ശിക്ഷയോ നടപ്പാക്കുവാനാണ് കോടതിയുടെ കര്‍ത്തവ്യം.

ഇന്ന് എന്തു കാര്യങ്ങള്‍ക്കും കോടതികളെ സമീപിക്കുന്നത് ഒരു ഫാഷനായി വളര്‍ന്നു വരികയാണ്. നീതിക്കും ന്യായത്തിനും വേണ്ടി പോരാടുന്നവര്‍ അനേകരാണ്.

അവരുടെ ന്യായവാദങ്ങളെ നമുക്ക് തമസ്ക്കരിക്കുവാന്‍ പാടില്ല. എന്നാല്‍ പേരിനും പ്രശസ്തിക്കും വേണ്ടി വ്യവഹാരം നടത്തുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്. അവര്‍ക്കും കോടതികളുടെ വിലപ്പെട്ട സമയങ്ങള്‍ ലഭിക്കുന്നുണ്ട്.

ലോകക്കാരായവരെപ്പറ്റി കൂടുതല്‍ വിവരിക്കുവാന്‍ ഞാന്‍ സന്നദ്ധനല്ല. ക്രൈസ്തവരുടെ സ്ഥിതികളെപ്പറ്റിയാണ് ഞാന്‍ ചൂണ്ടിക്കാണിക്കുന്നത്.

ക്രൈസ്തവ വിശ്വാസികള്‍ എന്നു അഭിമാനിക്കുന്നവരില്‍ പലരും എന്തിനു കര്‍ത്തൃവേലക്കാര്‍-പുരോഹിതന്മാര്‍ ഇവരും ഇന്നു നിസ്സാര കാര്യങ്ങള്‍ക്കു പോലും കോടതികളുടെ വാതില്‍ കയറി ഇറങ്ങുന്ന അവസ്ഥയാണ് കാണുവാന്‍ കഴിയുന്നത്.

ശുഭ്രവസ്ത്രം ധരിച്ച ഈ വിശുദ്ധന്മാര്‍ എന്തിനും ഏതിനും അവസാന വാക്കായി കോടതികളെ ആശ്രയിക്കുന്നു. ക്രിസ്തുവിന്റെ അനുയായികളായ നമ്മള്‍ നമ്മുടെ പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞും അനുതപിച്ചും ക്ഷമചോദിച്ചും പരിഹാരം കാണുവാനാണ് ശ്രമിക്കേണ്ടത്.

സഹോദര്യ സ്നേഹത്തിന്റെ ഫലം കായ്ക്കണ്ടിയവര്‍ അതിനു തയ്യാറാകാതെ ലോകക്കാരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് വാര്‍ത്ത സൃഷ്ടിക്കുന്നത് അനുചിതമാണ്. ഇന്ത്യാക്കാരായ നമ്മള്‍ നമ്മുടെ കോടതികളെ ത്യജിക്കണമെന്നല്ല ഞാന്‍ വിവക്ഷിക്കുന്നത്. മറിച്ച് മഹുമാനിക്കുകതന്നെ ചെയ്യണം.

വിശ്വാസികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ സഭയില്‍വച്ച് ശുശ്രൂഷകന്റെ സാന്നിദ്ധ്യത്തില്‍ പറഞ്ഞു തീര്‍ത്ത് പരസ്പരം വിട്ടുവീഴ്ച ചെയ്ത് പരിഹാരം കാണണം. ശുശ്രൂഷകര്‍ക്കും നേതാക്കള്‍ക്കും ഇത് ബാധകമാണ്. ഈ ദുസ്ഥിതി നമ്മുടെ തലമുറകള്‍ കണ്ടു വളരുന്നു എന്ന ബോദ്ധ്യമുണ്ടായിരിക്കണം.

സഭയ്ക്കു പുറത്തുള്ളവരോട് എന്തെങ്കിലും പ്രശ്നങ്ങള്‍ നമുക്കുണ്ടെങ്കില്‍ നമുക്ക് ആശ്രയം കോടതി തന്നെയാണ്. നമ്മുടെ രാജ്യത്തെ നിയമം എല്ലാ പൌരന്മാരുടെയും സംരക്ഷണം വാഗ്ദാനം ചെയ്യുന്നു.

ആദ്യം നമ്മുടെ കര്‍ത്താവായ യേശുവില്‍ ആശ്രയിച്ചു നിയമപ്രകാരം നടപടികള്‍ക്ക് മുതിരുന്നത് ഉചിതം തന്നെയാണ്. എന്നാല്‍ നമ്മുടെ കൂട്ടു സഹോദരന്മാരോട് ഇപ്രകാരം അരുത്. അവരുമായി കോടതിക്കു പുറത്ത് രമ്യതയിലാകാം. അതാണ് ദൈവം ഇഷ്ടപ്പെടുന്നത്.

വിശുദ്ധ ബൈബിള്‍ നമുക്കു മാര്‍ഗ്ഗരേഖ നല്‍കുന്നു. അപ്പോസ്തോലന്റെ വാക്കുകള്‍ നാം ശ്രദ്ധിക്കുക. “നിങ്ങളുടെ ഐഹികകാര്യങ്ങളെക്കുറിച്ചു വ്യവഹാരം ഉണ്ടെങ്കില്‍ വിധിപ്പാന്‍ സഭ ഗണ്യമാക്കാത്തവരെ ഇരുത്തുന്നുവോ? നിങ്ങളുടെ ലജ്ജക്കായി ഞാന്‍ ചോദിക്കുന്നു.

ഇങ്ങനെ സഹോദരന്മാര്‍ക്കു മദ്ധ്യേ കാര്യം തീര്‍പ്പാന്‍ പ്രാപ്തിയുള്ളൊരു ജ്ഞാനിയും നിങ്ങളുടെ ഇടയില്‍ ഇല്ലയോ? അല്ല സഹോദരന്‍ സഹോദരനോടു വ്യവഹരിക്കുന്നു അതും അവിശ്വാസികളുടെ മുമ്പില്‍തന്നെ.

നിങ്ങള്‍ക്കു തമ്മില്‍ വ്യവഹാരം ഉണ്ടാകുന്നതു തന്നേ കേവലം പോരായ്മയാകുന്നു”( 1 കൊരി. 6:4-7). ഈ ദൈവവചനം നമ്മുടെ അറിവും കരുത്തുമാകട്ടെ.
പാസ്റ്റര്‍ ഷാജി. എസ്.