യു.എസില്‍ മുതിര്‍ന്ന പാസ്റ്ററെ പിറ്റ് ബുള്‍സ് വളഞ്ഞിട്ടു കടിച്ചു കൊന്നു
ഇന്‍ഡ്യാന: യു.എസില്‍ 85 വയസ്സുള്ള പാസ്റ്റര്‍ പിറ്റ്ബുള്‍സിന്റെ (യു.എസിലെ അക്രമകാരിയായ നായ വര്‍ഗ്ഗം) ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
കഴിഞ്ഞ ചൊവ്വാഴ്ച ഇന്‍ഡ്യാന പൊളിസിലെ ഫെയ്ത്ത് ടാബര്‍നാക്കിള്‍ അപ്പോസ്തോലിക് ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ വില്യം മുണ്ട് ആണ് ദാരുണമായി മരിച്ചത്. പാസ്റ്ററും ഭാര്യ ബെറ്റിയും ചെറുമകള്‍ ഹോളി മാറ്റ്കിന്‍സ് (37)ഉം മാത്രമായിരുന്നു സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത്.
നോര്‍ത്ത് കൊറിയന്‍ സ്ട്രീറ്റിലെ 2300 ബ്ളോക്കിലുള്ള ഇവരുടെ വീട്ടു മുറ്റത്തേക്ക് രണ്ട് തെരുവു നായ്ക്കളായ പിറ്റ് ബുള്‍സ് എത്തി.
വീട്ടുമുറ്റത്തുനിന്ന് ബെറ്റിയുടെയും ഹോളിയുടെയും നേര്‍ക്ക് ആദ്യം നായ്ക്കള്‍ അക്രമിക്കാനായി ഓടിയെത്തി. ഇരുവരും വീട്ടിനുള്ളില്‍ കയറി കതകടച്ചിരുന്നതിനാല്‍ രക്ഷപെട്ടു. വീട്ടിനു പുറത്തുനിന്ന പാസ്റ്റര്‍ വില്യം നായ്ക്കളെ ഓടിച്ചു വിടാന്‍ ശ്രമിച്ചു. എന്നാല്‍ നായ്ക്കള്‍ വില്യമിനു നേരെ തിരിഞ്ഞു ആക്രമണം നടത്തി.
ശരീരമാസകലം കടിച്ചു മുറിവേല്‍പ്പിച്ചു. ഉടനെതന്നെ മകള്‍ ഒരു ബാറ്റുമായെത്തി നായ്ക്കളെ ഓടിക്കാന്‍ ശ്രമിച്ചു. അവ പോയില്ല.
ഈ സമയം ബെറ്റി ആംബുലന്‍സ് നമ്പര്‍ 911 ല്‍ വിളിച്ചു. അവര്‍ വരാന്‍ കുറച്ചു സമയമെടുത്തു. ബഹളം കേട്ട് അയല്‍ക്കാരില്‍ ചിലര്‍ ഓടിയെത്തി.
ആര്‍ക്കും ഒന്നും ചെയ്യുവാന്‍ കഴിയുമായിരുന്നില്ല. അവരും പോലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ 25 മനിറ്റിനുശേഷമാണ് അവര്‍ എത്തിയതെന്ന് ഹോളി വിമര്‍ശിക്കുന്നു.
ഐഎംപിഡി ഉദ്യോഗസ്ഥന്‍ കൊലയാളി നായ്ക്കള്‍ക്കു നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചു. ഒന്നിനെ വെടിവെച്ചപ്പോള്‍ മറ്റൊന്ന് ഓടി രക്ഷപെട്ടു.
നായ്ക്കള്‍ ആദ്യം പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കു നേരെ തിരിഞ്ഞു. ആദ്യം ആംബുലന്‍സ് വന്നിരുന്നുവെങ്കിലും തോക്ക് ഇല്ലാത്തതിനാല്‍ അവര്‍ക്ക് മാറി നില്‍ക്കേണ്ടി വന്നു.
അങ്ങനെ പോലീസ് വരുന്നതു വരെ നായ്ക്കള്‍ വില്യമിനെ ആക്രമിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ചെറുമകള്‍ പറഞ്ഞു. ദേഹമാസകലം മുറിവേറ്റ പാസ്റ്റര്‍ വില്യം പിന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നു.

