എറിത്രിയ: നൂറോളം ക്രൈസ്തവര്‍ക്ക് ജയില്‍മോചനം; മൂന്നിറിലേറെപ്പേര്‍ ഇപ്പോഴും അഴിക്കുള്ളില്‍
അസ്മാര: എറിത്രിയന്‍ ഏകാധിപത്യ സര്‍ക്കാര്‍ ക്രൈസ്തവ ആരാധനയുടെയും സുവിശേഷ പ്രവര്‍ത്തനങ്ങളുടെയും പേരില്‍ അന്യായമായി തടവിലാക്കിയ നൂറോളം വിശ്വാസികളെ വിട്ടയച്ചു.
എന്നാല്‍ ഇപ്പോഴും മുന്നൂറിലധികം പേര്‍ വിവിധ ജയിലുകളില്‍ നരകയാതന അനുഭവിക്കുന്നുണ്ട്. വിട്ടയക്കപ്പെട്ടവരില്‍ നല്ലൊരു വിഭാഗം പേരും ക്രിസ്ത്യന്‍ സംഗീതക്കാരായ യുവാക്കളായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മഹല്ലിയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സംഗീത ട്രൂപ്പിലെ അംഗങ്ങളെ അറസ്റ്റു ചെയ്തിരുന്നു. ഇവരുടെ സംഗീത ശുശ്രൂഷകള്‍ യുട്യൂബില്‍ പോസ്റ്റു ചെയ്തതിനെത്തുടര്‍ന്നാണ് ഗവണ്മെന്റ് ശ്രദ്ധയില്‍പ്പെട്ടത്.
ഗായകരായ യുവാക്കളില്‍ 20 പേരെയെങ്കിലും ഇപ്പോഴും തടവില്‍തന്നെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. അറസ്റ്റു ചെയ്യപ്പെട്ട ക്രൈസ്തവരില്‍ നല്ലൊരു വിഭാഗത്തെയും കപ്പല്‍ കണ്ടെയ്നറുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
പകല്‍ കനത്ത ചൂടില്‍ ഇവര്‍ നരകയാതന അനുഭവിക്കുകയാണ്. പ്രസിഡന്റ് യെശയ്യാവ് അഫ്വേര്‍ക്കിയുടെ കീഴിലുള്ള ഭരണകൂടം ഇപ്പോള്‍ വടക്കന്‍ കൊറിയയെപ്പോലെ ക്രൈസ്തവ പീഢനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഏകാധിപത്യ രാഷ്ട്രമാണ്.
ഓപ്പണ്‍ ഡോര്‍സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ക്രൈസ്തവ പീഢനങ്ങളില്‍ എറിത്രിയ നാലാം സ്ഥാനത്താണ് നില്‍ക്കുന്നത്.