ബൈബിളിലെ ബാബേല്‍ ഗോപുരം പോലെ; വരുന്നു സൌദിയില്‍ 1 കിമി. ഉയരമുള്ള ടവര്‍
ജിദ്ദ: ബൈബിളില്‍ ഉല്‍പ്പത്തി പുസ്തകം 11-ാം അദ്ധ്യായത്തില്‍ ശീനാര്‍ ദേശത്തു ഒരു സമഭൂമിയില്‍ ഇഷ്ടിക കല്ലായും പശമണ്ണും കുമ്മായവും ഉപയോഗിച്ച് ആകാശത്തോളം എത്തുന്ന ഒരു ഗോപുരം പണിതതായും അത് കാണേണ്ടതിനായി ദൈവം സ്വര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങിവന്നതായും വായിക്കുന്നു.
അന്നു മുതല്‍ ഇന്നയോളം ലോകത്തിന്റെ വിവിധയിടങ്ങളില്‍ ചെറുതും വലുതുമായ ഒട്ടനവധി ഗോപുരങ്ങള്‍ മനുഷ്യന്‍ പണിതുയര്‍ത്തിയിട്ടുണ്ട്.
നിലവില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുര്‍ജ് ഖലീഫയാണ്. ദുബായില്‍ 2004-ല്‍ പണി തുടങ്ങി 2010-ല്‍ ഔദ്യോഗികമായി ബുര്‍ജ് ഖലീഫ പ്രവര്‍ത്തിച്ചു തുടങ്ങി. 828 മീറ്റര്‍ ഉയരമാണിതിനുള്ളത്. നിരവധി ഓഫീസുകളും കടകളും ഇതിനുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വര്‍ഷംതോറും ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി ലക്ഷക്കണക്കിനു സഞ്ചാരികളാണ് ഇവിടം സന്ദര്‍ശിക്കാനെത്തുന്നത്.
എന്നാല്‍ സൌദി അറേബ്യയില്‍നിന്നും അടുത്തിടെ ഒരു പുതിയ വാര്‍ത്ത കേള്‍ക്കുന്നു. ഒരു വലിയ കെട്ടിടം പണി പുരോഗമിക്കുന്നു. ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ നിലവില്‍ ലോകത്തിലെ ഉയരം കൂടിയ കെട്ടിടം എന്ന റിക്കോര്‍ഡ് വൈകാതെ ബുര്‍ജ് ഖലീഫയ്ക്ക് നഷ്ടമാകുമത്രെ.
ജിദ്ദയില്‍ കിംഗ്ഡം ടവര്‍ എന്നറിയപ്പെടുന്ന ജിദ്ദ ടവറാണ് ഉയരുന്നത്. 1000 മീറ്ററിലധികം (1 കിലോമീറ്റര്‍, 3281 അടി) ഉയരമുണ്ടാകുമെന്ന് കരുതപ്പെടുന്നു.
20 ബില്യണ്‍ ഡോളറിന്റെ മെഗാ പ്രോജക്ടിന്റെ ഭാഗമാകും ഈ കെട്ടിടം. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം 2023-ല്‍ നിര്‍മ്മാണം പുനരാരംഭിച്ചു. പണി പൂര്‍ത്തിയായാല്‍ പുതിയ ചരിത്രം കുറിക്കുകയാണ് ഈ ടവര്‍.

