രോഗിയെ കിടത്തി രക്ത സമ്മര്‍ദ്ദ പരിശോധന നടത്തുമ്പോഴാണ് കൃത്യമായ ഫലം ലഭിക്കുന്നതെന്ന് ഗവേഷകര്‍
രോഗിയെ കിടത്തിയശേഷം രക്ത സമ്മര്‍ദ്ദ പരിശോധന നടത്തുമ്പോഴാണ് കൂടുതല്‍ കൃത്യമായ റീഡിംഗ് ലഭിക്കുന്നതെന്ന് പഠനം. ബെത്ത് യിസ്രായേല്‍ ഡികോണസ് മെഡിക്കല്‍ സെന്ററിലെ ഡോ. സ്റ്റീഫന്‍ ജുറാഷെകിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്.
ഹാര്‍വാഡ് മെഡിക്കല്‍ സ്കൂളിലെ അസോസിയേറ്റ് പ്രൊഫസര്‍ കൂടിയാണ് അദ്ദേഹം. ഹൃദ്രോഗത്തെയും പക്ഷാഘാതത്തെയും മരണസാദ്ധ്യതയെയും കുറിച്ച് കൂടുതല്‍ കൃത്യമായ പ്രവചനങ്ങള്‍ നടത്താവുന്നത് കിടക്കുന്ന രോഗിയില്‍ എടുക്കുന്ന രക്ത സമ്മര്‍ദ്ദ പരിശോധനയ്ക്കാണെന്നും പഠനം വ്യക്തമാക്കുന്നു.
പഠനത്തിനായി 11,369 പേരെ 25-28 വര്‍ഷം തുടര്‍ച്ചയായി നിരീക്ഷിക്കുകയുണ്ടായി. 54 വര്‍ഷമാണ് ഇപ്പോള്‍ ഇവരുടെ ശരാശരി പ്രായം.
കിടക്കുന്ന അവസരത്തില്‍ മാത്രം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം രേഖപ്പെടുത്തിയവര്‍ക്ക് ഹൃദ്രോഗത്തിനുള്ള സാദ്ധ്യത 53 ശതമാനവും ഹൃദയ സ്തംഭനത്തിനുള്ള സാദ്ധ്യത 51 ശതമാനവും പക്ഷാഘാതത്തിനുള്ള സാദ്ധ്യത 62 ശതമാനവും മറ്റ് കാരണങ്ങള്‍ മൂലമുള്ള മരണ സാദ്ധ്യത 34 ശതമാനവും വര്‍ദ്ധിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി.
ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും ഭൂഗുരുത്വാകര്‍ഷണ ബലത്തിന്റെ സ്വാധീനം രക്തസമ്മര്‍ദ്ദത്തിന്റെ കൃത്യതയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ഒപിയില്‍ വരുന്ന രോഗികളുടെ രക്ത സമ്മര്‍ദ്ദ പരിശോധന അവരെ ഇരുത്തിക്കൊണ്ടാണ് ഡോക്ടര്‍മാര്‍ എടുക്കാറുള്ളത്.
ഇത് അത്ര കൃത്യമായ ഫല സൂചകങ്ങള്‍ നല്‍കിയേക്കില്ലെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ബോസ്റ്റണില്‍ നടന്ന അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ഹൈപ്പര്‍ ടെന്‍ഷന്‍ സയന്റിഫിക് സെക്ഷന്‍ 2023-ല്‍ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

