പ്രതിസന്ധിയില്‍ വീഴാതെ നില്‍ക്കുക

പ്രതിസന്ധിയില്‍ വീഴാതെ നില്‍ക്കുക

Articles Breaking News Editorials

പ്രതിസന്ധിയില്‍ വീഴാതെ നില്‍ക്കുക

ലോകത്ത് ഇന്ന് ക്രൈസ്തവര്‍ വലിയ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളിലും ഭൂരിപക്ഷ മതക്കാരില്‍നിന്നും ഭരണകൂടങ്ങളില്‍നിന്നും ഒരുപോലെ പീഢനങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കൂട്ടക്കൊലകളും, തട്ടിക്കൊണ്ടുപോകലും, നാടുകടത്തലുമൊക്കെ ഇന്നു വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. അന്ധമായ ക്രൈസ്തവ വിരോധത്തിന്റെ പേരിലാണ് ഇതൊക്കെ നടക്കുന്നത്.

ചില ഭീകര സംഘടനകള്‍ പാരമ്പര്യമായ പാശ്ചാത്യ വിരോധത്തിന്റെ പേരിലും നിരപരാധികളായ ക്രൈസ്തവരെ പീഢിപ്പിച്ചുകൊണ്ടിരിക്കുന്നു. കൊലപാതകങ്ങളും, അക്രമങ്ങളും നിര്‍ദ്ദാക്ഷിണ്യം തുടരുകയാണ്.

ക്രൈസ്തവ വിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുന്ന ദൈവജനം തങ്ങളുടെ നാടും വീടും ഉപേക്ഷിക്കേണ്ടി വന്നിട്ടും വിലയേറിയ തങ്ങളുടെ വിശ്വാസം തള്ളിക്കളായത്തത് മഹത്തായ കാര്യമാണ്. യേശുവും ഈ ലോകത്ത് വളരെയധികം കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നിരുന്നു. പരസ്യ ശുശ്രൂഷാ വേളകളില്‍ പരസ്യമായും രഹസ്യമായും അനേകം എതിര്‍പ്പുകളെ അതിജീവിച്ചു. ഒടുവില്‍ മരക്കുരിശില്‍ ജീവന്‍ നഷ്ടപ്പെടുന്നതു വരെയും വിവരിക്കാനാവാത്തവിധം കഷ്ടം സഹിച്ചു.

യേശുവിനുവേണ്ടിയല്ലായിരുന്നു ഇവയൊക്കെ. പാപികളായ മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയായിരുന്നു. “യേശുവും സ്വന്ത രക്തത്താല്‍ ജനത്തെ വിശുദ്ധീകരിക്കേണ്ടതിനു നഗരവാതിലിനു പുറത്തുവച്ച് കഷ്ടം അനുഭവിച്ചു. ആകയാല്‍ നാം അവന്റെ നിന്ദ ചുമന്നുകൊണ്ട് പാളയത്തിനു പുറത്ത് അവന്റെ അടുക്കല്‍ ചെല്ലുക. ഇവിടെ നമുക്ക് നിലനില്‍ക്കുന്ന നഗരമില്ലല്ലോ. വരുവാനുള്ളത് അത്രേ നാം അന്വേഷിക്കുന്നത്”. (എബ്രാ.13:12-14).

അനേക വിദേശ രാജ്യങ്ങളില്‍ ക്രൈസ്തവരെ വെറും മൃഗതുല്യരായാണ് കാണുന്നത്. അവിടെ ജനിച്ചു വളര്‍ന്ന പൌരന്മാര്‍ എന്ന പരിഗണനപോലും നല്‍കാതെ അവരെ മാനസീകമായും ശാരീരികമായും പീഢിപ്പിക്കുന്നു. നല്ലൊരു ശതമാനം ക്രൈസ്തവരും തങ്ങളുടെ എല്ലാം നഷ്ടപ്പെട്ട് ഒളിയിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും ജീവിതം തള്ളി നീക്കുന്നു.

മുതിര്‍ന്നവര്‍ക്ക് തങ്ങളുടെ കുടുംബം പോറ്റുവാന്‍ തൊഴില്‍ ചെയ്യുവാനോ, കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുവാനോ കഴിയുന്നില്ല. അതിനുള്ള സൌകര്യങ്ങളില്ല. ദൈവത്തിന്റെ കൃപയാല്‍ അവര്‍ വിശ്വാസം കാത്തു സൂക്ഷിക്കുന്നു. ഒന്നാം നൂറ്റാണ്ടില്‍ ക്രൈസ്തവര്‍ വിവിധ പീഢകള്‍ ഏറ്റിരുന്നു. ഇന്നും അതിനെ അനുസ്മരിപ്പിക്കുന്ന കാഴ്ചകളാണ് നാം ക്രൈസ്തവ വിരുദ്ധത ആഘോഷിക്കുന്ന രാജ്യങ്ങളില്‍ കണ്ടു വരുന്നത്.

എന്നിട്ടും ഇതിന്റെ മദ്ധ്യത്തില്‍ മറ്റു വിശ്വാസങ്ങളില്‍നിന്നും രക്ഷിക്കപ്പെട്ടു യേശുക്രിസ്തുവിനെ സ്വീകരിച്ച് ആത്മാവിലും സത്യത്തിലും രഹസ്യമായി ആരാധിക്കുവാന്‍ ആത്മാക്കള്‍ തയ്യാറാകുന്നതാണ് നമ്മെ ആവേശം കൊള്ളിക്കുന്നത്.

കര്‍ത്താവിലുള്ള നമ്മുടെ വിശ്വാസത്തെ തോക്കുകള്‍ക്കും, ബോംബുകള്‍ക്കും നിയമസംഹിതകള്‍ക്കും തകര്‍ക്കുവാന്‍ സാദ്ധ്യമല്ല. വിശ്വസിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരികയാണ്. അതാണ് ദൈവത്തിന്റെ പദ്ധതി. ആര്‍ക്കും തടയാനാകാത്തവണ്ണം ദൈവപ്രവൃത്തി ശക്തമായി നടക്കുന്നതില്‍ നമുക്ക് ആശ്വസിക്കാം.
പാസ്റ്റര്‍ ഷാജി. എസ്.