മണിപ്പൂരിലേത് ക്രൈസ്തവര്‍ക്കെതിരായ ആസൂത്രിത ആക്രമണം: ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ്
ഇംഫാല്‍ : മണിപ്പൂരില്‍ മെയ്തെയ്-കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ കലാപത്തിന്റെ മറവില്‍ ക്രൈസ്തവര്‍ക്കും ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കുമെതിരെ നടന്നത് ആസൂത്രിത ആക്രമണമെന്ന് ഇംഫാല്‍ ആര്‍ച്ച് ബിഷപ് ഡോ. ഡൊമനിക് ലുമോണ്‍ .
കലാപം തുടങ്ങി 36 മണിക്കൂറിനുള്ളില്‍ മെയ്തെയ് ഹൃദയ ഭൂമിയായ ഇംഫാല്‍ താഴ്വരയില് മെയ്തെയ്കളുടെ മാത്രം 249 ക്രൈസ്തവ ആരാധനലായങ്ങള്‍ തകര്‍ത്തതിന് പിന്നില്‍ ക്രൈസ്തവ വിരുദ്ധതയും മതപരമായ അസഹിഷ്ണതയും വ്യക്തമാണെന്നും ദിവയര്‍ പോര്‍ട്ടലിനു വേണ്ടി മുതിര്‍ന്ന പത്ര പ്രവര്ത്തകന് കരണ്‍ ഥാപ്പറിന് കഴിഞ്ഞ ദിവസം അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
കുക്കി മേഖലയായ ചുരാചന്ദ്പുരില്‍ 13 മെയ്തെയ് ക്രൈസ്തവ ആരാധനാലയങ്ങളും ഒരു ക്ഷേത്രവും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കുക്കികളുടെ കേന്ദ്രത്തിലാണ് മെയ്തെയ് ചര്‍ച്ചുകള്‍ അതേപടി നിലനില്‍ക്കുന്നത്.
മെയ്തെയ് കേന്ദ്രമായ ഇംഫാല്‍ താഴ്വരയില്‍നിന്നും കുക്കികള്‍ ആക്രമണങ്ങളെ ഭയന്ന് ജീവനുംകൊണ്ട് ഓടുകയായിരുന്നു. അതിനാല്‍ തന്നെ പള്ളികള്‍ തകര്‍ത്തത് ക്രൈസ്തവ ഭൂരിപക്ഷമുള്ള കുക്കികളാണെന്നു കരുതാനാവില്ല.
വിവിധ ജില്ലകളിലായി കുക്കികളുടെ അനേകം ചര്‍ച്ചുകള്‍ വേറെയും തകര്‍ത്തതായും അദ്ദേഹം വിശദീകരിച്ചു. തകര്‍ത്ത ആരാധനാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കരുതെന്ന് ചില തീവ്രവാദി ഗ്രൂപ്പുകള്‍ ചില പാസ്റ്റര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മെയ്തെയ് ക്രിസ്ത്യാനികള്‍ അവരുടെ യഥാര്‍ത്ഥ മതത്തിലേക്കു മടങ്ങിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നു മുന്നറിയിപ്പ് നല്‍കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

