പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് രണ്ട് ക്രിസ്ത്യന്‍ കൌമാരക്കാരെ ജയിലിലടച്ചു
ലാഹോര്‍ : പാക്കിസ്ഥാനില്‍ വ്യാജ മതനിന്ദാ കുറ്റം ചുമത്തി നിരപരാധികളായ രണ്ട് ക്രിസ്ത്യന്‍ കൌമാരക്കാരെ ജയിലില്‍ അടച്ചു. ലാഹോറിനു സമീപം ഖുര്‍ബാന്‍ ലൈന്‍സില്‍ ആദില്‍ ബാബര്‍ (18), സുഹൃത്ത് ശിമോന്‍ നദിം മസി (14) എന്നീ കുട്ടികളെയാണ് ജയിലില്‍ അടച്ചത്.
മെയ് 18-ന് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന ബാബര്‍ സാന്തു മസി പുറത്ത് ഒരു ഒച്ചപ്പാട് കേട്ടുകൊണ്ടാണ് വെളിയില്‍ ഇറങ്ങിയത്. അപ്പോള്‍ തന്റെ മകനായ ആദിലിനെയും ശിമോനെയും അയല്‍ക്കാരനായ പോലീസുകാരന്‍ സാഹിദ് സൊഹൈല്‍ മര്‍ദ്ദിക്കുന്ന രംഗമാണ് കണ്ടത്.
വിവരം ചോദിച്ചപ്പോള്‍ ഇവര്‍ മതനിന്ദ നടത്തിയെന്നായിരുന്നു വാദം. താന്‍ നടന്നു പോയപ്പോള്‍ ഇരുവരും മുഹമ്മദ് പ്രവാചകനോട് അനാദരവ് കാട്ടിയെന്നും പരിഹസിച്ചെന്നുമായിരുന്നു പോലീസുകാരന്‍ പറഞ്ഞത്. ഉടന്‍തന്നെ കുട്ടികളെ ആക്രമിക്കുകയും ചെയ്തു.
എന്നാല്‍ കുട്ടികള്‍ തങ്ങള്‍ മുഹമ്മദിനെതിരായൊന്നും പറഞ്ഞില്ലെന്നും വ്യാജ ആരോപണമാണെന്നു പറഞ്ഞ് കരയുകയുണ്ടായി. സൊഹൈല്‍ ഉടന്‍തന്നെ പോലീസ് സ്റ്റേഷനില്‍ വിവരം പരഞ്ഞു.
പോലീസ് എത്തി രണ്ടു കുട്ടികളെയും കസ്റ്റഡിയില്‍ എടുക്കുകയും അഴിക്കുള്ളില്‍ അടയ്ക്കുകയും ചെയ്യുകയായിരുന്നു. അപ്രതീക്ഷിതമായി കുട്ടികള്‍ ജയിലില്‍ ആയതില്‍ ബാബറും കുട്ടികളുടെ മറ്റു ബന്ധുക്കളും നാട്ടുകാരും വലിയ ദുഃഖത്തിലാണ്.
കുട്ടികള്‍ പറഞ്ഞതെന്താണെന്ന് സമീപവാസികള്‍ ചോദിച്ചപ്പോള്‍ സൊഹൈല്‍ പറഞ്ഞ മറുപടി ആരും കാര്യമായി എടുത്തില്ല.
ഖുര്‍ബാനില്‍ 500 ഓളം ക്രൈസ്തവ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇതുവരെയായി യാതൊരു വിധ മത വിദ്വേഷങ്ങളോ സംഘര്‍ഷങ്ങളോ ഇവിടെ ഉണ്ടായിട്ടില്ല.
സൊഹൈല്‍ പണ്ടേ പ്രശ്നക്കാരനാണെന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്. ബാബര്‍ പെയിന്റിംഗ് വര്‍ക്ഷോപ്പ് നടത്തുന്ന വ്യക്തിയാണ്. സൊഹൈല്‍ നല്‍കിയ പരാതിയില്‍ മതനിന്ദാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പാക്കിസ്ഥാനില്‍ ഇത്തരം മതനിന്ദാ കേസുകളില്‍ നിരപരാധികളായവരാണ് ക്രൂരമായി ആക്രമിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും.
കഴിഞ്ഞ ജനുവരി 1 മുതല്‍ മെയ് 10 വരെ ഇത്തരത്തില്‍ 57 കേസുകളാണ് നിരപരാധികള്‍ക്കെതിരായി എടുത്തിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

