പാക്കിസ്ഥാനില്‍ പട്ടിണി; ഭക്ഷണത്തിനായി ധാന്യങ്ങള്‍ കൊള്ളയടിക്കുന്നു
ഇസ്ളാമബാദ്: പാക്കിസ്ഥാനില്‍ ഭക്ഷ്യക്ഷാമവും പട്ടിണിയും രൂക്ഷമായി. ഭക്ഷണവിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിക്കുന്ന സംഭവം ഉണ്ടാകുന്നു.
ഒരു മാസത്തിനിടെ വിവിധ സംഭവങ്ങളിലായി 17 പേര്‍ക്ക് ജീവന്‍ നഷ്ടമായി. വിലക്കയറ്റത്തിന്റെ ദുരിതം പേറുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ പിന്തുണയില്‍ വിതരണം ചെയ്ത ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ ആയിരങ്ങളാണ് ഒത്തുകൂടിയത്.
വിതരണ കേന്ദ്രത്തില്‍നിന്ന് ആയിരക്കണക്കിന് ചാക്ക് ധാന്യപ്പൊടികള്‍ കൊള്ളയടിക്കപ്പെട്ടു. റമദാനോടനുബന്ധിച്ച് സര്‍ക്കാര്‍ ധാന്യപ്പൊടി വിതരണം ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ പണപ്പെരുപ്പം 50 വര്‍ഷത്തിലെ ഉയര്‍ന്ന നിലയായ 30 ശതമാനത്തിനും മുകളിലാണ്. അടിസ്ഥാന ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില ഒരു വര്‍ഷത്തിനിടെ 45 ശതമാനത്തിലേറെ വര്‍ദ്ധിച്ചു.
ഒരു ലിറ്റര്‍ പാലിന് 200 പാക് രൂപയ്ക്ക് മുകളിലായി വില. അന്താരാഷ്ട്ര നാണയ നിധിയുടെ വായ്പാ നിബന്ധനകളുടെ ഭാഗമായി രാജ്യത്ത് സബ്സീഡികള്‍ വെട്ടിക്കുറയ്ക്കുന്നു.
കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയം കര്‍ഷകരുടെയും ചെറുകിട വ്യാപാരികളുടെയും നടുവൊടിക്കുകയുണ്ടായി. 10 ലക്ഷം വീടുകളും ആയിരക്കണക്കിനു കടകളും 20 ലക്ഷം ഏക്കറിലെ വിളകളുമാണ് പ്രളയത്തില്‍ നശിച്ചത്.
7.20 ലക്ഷം വളര്‍ത്തു മൃഗങ്ങള്‍ ചത്തു. നാലുകോടിയോളം ആളുകളെ പ്രളയം ബാധിച്ചു. കൂടാതെ രാഷ്ട്രീയ അരക്ഷിതാവസ്ഥയും പാക്കിസ്ഥാനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്.

