ഈജിപ്റ്റില്‍ ഫറവോയുടെ ക്ഷേത്രത്തില്‍ 2000 ചെമ്മരിയാടുകളുടെ തലകള്‍ കണ്ടെത്തി

ഈജിപ്റ്റില്‍ ഫറവോയുടെ ക്ഷേത്രത്തില്‍ 2000 ചെമ്മരിയാടുകളുടെ തലകള്‍ കണ്ടെത്തി

Breaking News Middle East

ഈജിപ്റ്റില്‍ ഫറവോയുടെ ക്ഷേത്രത്തില്‍ 2000 ചെമ്മരിയാടുകളുടെ തലകള്‍ കണ്ടെത്തി
കെയ്റോ: ഈജിപ്റ്റില്‍ റാംസെസ് രണ്ടാമന്‍ ഫറവോയുടെ പുരാതന ക്ഷേത്രത്തില്‍ ചെമ്മരിയാടുകളുടെ 2000ത്തിലേറെ തലകള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള മമ്മിയുടെ രൂപത്തിലുള്ള ഈ ആട്ടിന്‍ തലകള്‍ റാംസെസ് രണ്ടാമന്റെ ക്ഷേത്രത്തില്‍ നേര്‍ച്ചയായി സമര്‍പ്പിച്ചതാണെന്നു കരുതപ്പെടുന്നു.

ചെമ്മരിയാടുകള്‍ക്കു പുറമേ നായ, പശു, മാന്‍ തുടങ്ങിയവയുടെ മമ്മികളും ന്യുയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷക സംഘം നടത്തിയ ഖനനത്തിനിടെ കണ്ടെത്തി.

തെക്കന്‍ ഈജിപ്റ്റില്‍ പുരാതന ക്ഷേത്രങ്ങള്‍ക്കും കല്ലറകള്‍ക്കും പ്രശസ്തമായ അബൈഡോസിലാണ് ഈ നിര്‍ണായക കണ്ടെത്തല്‍ ‍. ബിസി 1304 മുതല്‍ ബിസി 1237 വരെയുള്ള ഏഴ് ദശാബ്ദ കാലത്തോളം ഈജിപ്റ്റ് ഭരിച്ച ഭരണാധികാരിയാണ് റാംസെസ് രണ്ടാമന്‍ ‍.

ബിസി 2374നും ബിസി 2140 നും ഇടയിലാകാം ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടതെന്നു കരുതുന്നു. ചെമ്മരിയാടുകളുടെ ഇത്രയധികം തലകള്‍ കണ്ടെത്തിയത് അത്ഭുതപ്പെടുത്തിയെന്ന് ഗവേഷകര്‍ പറയുന്നു.

മമ്മികള്‍ കൂടാതെ 16 അടി കനമുള്ള ഭിത്തിയോട് കൂടിയ ഒരു കൊട്ടാരത്തിന്റെ അവശിഷ്ടവും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇതിന് 4000 വര്‍ഷം പഴക്കമുണ്ടെന്നു കരുതുന്നു.

നിരവധി ശില്‍പ്പങ്ങള്‍ ‍, പാപ്പറസ് ഇലകള്‍ ‍, പുരാതന വൃക്ഷങ്ങള്‍ ‍, ലെതര്‍ വസ്ത്രങ്ങള്‍ ‍, ചെരുപ്പ് തുടങ്ങിയവയുടെ ശേഷിപ്പുകളും കണ്ടെത്തി.

ജനുവരിയില്‍ നൈല്‍ നദിയുടെ പടിഞ്ഞാറന്‍ തീരത്തെ ഖാവെത്ത് അല്‍ ‍-ഹവയിലെ പുരാതന കല്ലറയില്‍നിന്ന് 2500 വര്‍ഷം പഴക്കമുള്ള മുതലകളുടെ മമ്മികള്‍ കണ്ടെത്തിയിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.