‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ’ ഹൃദയം തന്നെ ബാഗിനുള്ളില്‍ സൂക്ഷിക്കുന്ന യുവതി
വെല്ലിംഗ്ടണ്‍ : ഹൃദയത്തില്‍സൂക്ഷിക്കാന്‍ എന്ന വാക്കുകള്‍ നൂറ്റാണ്ടുകളായി മനുഷ്യര്‍ പങ്കുവെയ്ക്കാറുണ്ട്. ഹൃദയ സ്പര്‍ശിയായ ഇത്തരം വാക്കുകള്‍ സ്നേഹത്തിനും കടപ്പാടുകള്‍ക്കും വേണ്ടിയാണ് സാധാരണയായി ഉപയോഗിക്കുന്നത്.
എന്നാല്‍ വാക്കുകള്‍കൊണ്ടു മാത്രമല്ല ജന്മനായുള്ള തന്റെ സ്വന്തം ഹൃദയം തന്നെ തന്നോടു സ്നേഹവും കടപ്പാടും ഉള്ള ഒരു വ്യക്തിക്കായി പ്ളാസ്റ്റിക് ബാഗില്‍ സൂക്ഷിച്ചുവച്ചിരിക്കുകയാണ് ന്യൂസിലാന്റ് സ്വദേശിനിയായ ജെസീക്ക മാനിംഗ് എന്ന യുവതി.
ജന്മനാ ഹൃദ്രോഗിയായിരുന്ന ജെസീക്ക മൂന്നു വയസിനുള്ളില്‍ത്തന്നെ 200-ല്‍ അധികം ശസ്ത്രക്രീയകള്‍ക്ക് വിധേയയായിട്ടുണ്ട്. അതില്‍ ഹൃദയം തുറന്നുള്ള രണ്ട് ശസ്ത്രക്രീയയും ഉള്‍പ്പെടുന്നുണ്ട്. പലവട്ടം ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയയ്ക്ക് ശ്രമിച്ചെങ്കിലും ദാതാവിനെ കിട്ടാത്തതുമൂലം ശ്രമം വിജയിച്ചിരുന്നില്ല.
ഒടുവില്‍ 25-ാം വയസില്‍ ഒരു ദാതാവിനെ കിട്ടുകയും ഹൃദയം മാറ്റിവെയ്ക്കുകയും ചെയ്തു. ആ ശസ്ത്രക്രീയ വിജയിച്ചതോടെ ജെസീക്ക സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്തു.
ഇതിന്റെ നന്ദി സൂചകമായി ജെസീക്ക തനിക്ക് ഹൃദയം നല്‍കിയ ദാതാവിനോടും കുടുംബത്തിനോടുമുള്ള കടപ്പാടുമൂലം തന്റെ പഴയ ഹൃദയം വാക്വം സീല്‍ ചെയ്ത ഒരു ബാഗില്‍ ഒരു പ്രിസര്‍വേഷന്‍ ലായനിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
സ്വന്തമായി ഒരു വീട് വയ്ക്കുമ്പോള്‍ അതിനടുത്തായി ഈ ഹൃദയം കുഴിച്ചിട്ട് മുകളില്‍ ഒരു വൃക്ഷത്തൈ നടാനുള്ള ആഗ്രഹത്തിലാണ് ജെസീക്ക.
ഇതിലൂടെ ഹൃദയ ദാതാവിന്റെ ഓര്‍മ്മകളും തന്നോടൊപ്പം ജീവിക്കുമെന്നാണ് ജെസീക്ക വിശ്വസിക്കുന്നത്.

