രാജ്യത്ത് ക്രൈസ്തവ സമൂഹത്തിന് അവഗണന മാത്രം: കേന്ദ്ര മന്ത്രി ജോണ്‍ ബിര്‍ല
കൊല്‍ക്കൊത്ത: രാജ്യ പുരോഗതിക്കു വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ക്രൈസ്തവ സമൂഹത്തിന് അവഗണന മാത്രമാണ് പ്രതിഫലമെന്നു കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോണ്‍ ബിര്‍ല.
ക്രൈസ്തവര്‍ മതപരിവര്‍ത്തനത്തിനു ശ്രമിക്കുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കൊല്‍ക്കൊത്തയില്‍ സംഘടിപ്പിച്ച സമാധാന റാലിയില്‍ അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ സേവന മേഖലകളിലെ വിലപ്പെട്ട സംഭാവനകള്‍ക്ക് അര്‍ഹമായ പരിഗണന ക്രൈസ്തവ സമൂഹത്തിനു ലഭിക്കുന്നില്ല. രാജ്യത്തെല്ലായിടത്തും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. മഹാത്മാഗാന്ധി മുതല്‍ ബോളീവുഡ് സൂപ്പര്‍താരം ഷാരൂഖ്ഖാന്‍ വരെ ഇത്തരം സ്കൂളുകളിലാണ് വിദ്യാഭ്യാസം നേടിയത്.
ആരോഗ്യ കേന്ദ്രങ്ങള്‍ , വൃദ്ധസദനങ്ങള്‍ തുടങ്ങിയ സംഭാവനകള്‍ നിരവധിയുണ്ട്. എന്നിട്ടും മതംമാറ്റുന്നവരെന്ന ആരോപണമാണ് സമുദായത്തിന് അഭിമുഖീകരിക്കേണ്ടി വരുന്നത്.
രാജ്യത്തിനു ക്രൈസ്തവ സമൂഹം നല്‍കിയ സംഭാവനകള്‍ പൊതു സമൂഹത്തിനു മുന്നിലെത്തിക്കാന്‍ സമാധാന റാലികള്‍ രാജ്യത്തെമ്പാടും നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
പശ്ചിമ ബംഗാളില്‍ അലിപുര്‍ദ്വഡ സമണ്ഡലത്തില്‍നിന്നും 2019-ല്‍ ലോക്സഭാംഗമായി ബിജെപി ടിക്കറ്റില്‍ തിരഞ്ഞെടുക്കപ്പെട്ട ജോണ്‍ ബിര്‍ല 2021 മുതല്‍ കേന്ദ്ര മന്ത്രിയാണ്.

