അഞ്ച് വര്‍ഷംകൊണ്ട് ബാങ്കുകള്‍ എഴുതിത്തള്ളിയത് 10 ലക്ഷം കോടി
ന്യൂഡെല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 10 ലക്ഷത്തിലധികം കോടിയുടെ വായ്പകള്‍ എഴുതിത്തള്ളിയെന്ന് കേന്ദ്ര സര്‍ക്കാര്‍ .
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അറിയിച്ച കണക്കിലാണ് ഇത് വ്യക്തമാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1.65 ലക്ഷം കോടി നിഷ്ക്രിയ ആസ്തികളാണ് (എന്‍പിഎ) അഞ്ചു വര്‍ഷത്തിനിടെ എഴുതിത്തള്ളിയത്.
രണ്ടാം സ്ഥാനത്തുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് 59,807 കോടി എഴുതിത്തള്ളി. കിട്ടാക്കടങ്ങള്‍ നാല് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ എഴുതിത്തള്ളല്‍ വഴി ബന്ധപ്പെട്ട ബാങ്കിന്റെ ബാലന്‍സ്ഷീറ്റില്‍നിന്നും നീക്കം ചെയ്യപ്പെടുന്നുവെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
ആര്‍ബിഐയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷത്തില്‍ ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകള്‍ (എസ്സിബി) 10,09,811 കോടി രൂപ എഴുതിത്തള്ളിയതായി മന്ത്രി കൂട്ടിച്ചേര്‍ത്തു. 2022 സാമ്പത്തിക വര്‍ഷത്തില്‍ എസ്ബിഐ 19,666 കോടി എഴുതിത്തള്ളി.
34,402 (2021), 52,362 (2020), 58,905 (2019) എന്നിങ്ങനെയാണ് കണക്കുകള്‍ . ഐഡിബിഐ ബാങ്ക് 33,135 കോടിയാണ് എഴുതിത്തള്ളിയത്.
2022-ല്‍ മാത്രം 2,889 കോടി. സ്വകാര്യ ബാങ്കുകളില്‍ 42,164 കോടി എഴുതിത്തള്ളിയ ഐസിഐസിഐ ബാങ്കാണ് മുന്നില്‍ നില്‍ക്കുന്നത്. 34,516 കോടിയാണ് എച്ച്ഡിഎഫ്സി ബാങ്ക് എഴുതിത്തള്ളിയത്.

