പീഢനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്ന കാലം

പീഢനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്ന കാലം

Articles Breaking News Editorials

പീഢനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്ന കാലം

ദൈവസഭയുടെ ആരംഭ കാലംതന്നെ പ്രതികൂലങ്ങളുടെ സമാനതകളായിരുന്നു. അപ്പോസ്തോലന്മാരും വിശ്വാസികളും തങ്ങളുടെ വിശ്വാസത്തെ മുറുകെ പിടിക്കുവാനായി രക്തസാക്ഷികളാകേണ്ടി വന്നു.

പലരും തെരുവോരങ്ങളില്‍ മെഴുകുതിരി കത്തുന്നതുപോലെ കത്തിക്കൊണ്ടിരുന്നു. കഴുത്തറക്കപ്പെട്ടു, കാളപ്പോരിനു വിട്ടുകൊടുക്കപ്പെട്ടു, കാരാഗൃഹങ്ങളില്‍ നരക യാതന അനുഭവിക്കേണ്ടതായി വന്നു, വീടും സ്ഥലവും വിടേണ്ടി വന്നു. ഇതെല്ലാം സംഭവിച്ചത് യേശു ക്രിസ്തുവിനുവേണ്ടി മാത്രമായിരുന്നു.

അപ്പോസ്തോല പ്രവര്‍ത്തിയില്‍ പ്രതിപാദിക്കുന്നതുപോലെ പൌലോസും ശീലാസും അധിപതികളുടെ മുമ്പില്‍ വിചാരണയ്ക്കായി എത്തപ്പെടേണ്ടതായി വന്നു. അവരെ കാരാഗൃഹത്തില്‍ അടയ്ക്കുകയുണ്ടായി. പക്ഷേ ഇരുവരും അവിടെ അടങ്ങിയിരുന്നില്ല. അവര്‍ എല്ലാറ്റിനും ദൈവത്തിനു മഹത്വം നല്‍കി.

അവര്‍ പ്രാര്‍ത്ഥിച്ചു ദൈവത്തെ പാടിസ്തുതിക്കുകയാണുണ്ടായത്. തങ്ങളെ സൂക്ഷിക്കുവാന്‍ പുറത്തു കാരാഗൃഹ പ്രമാണിയേയും നിറുത്തി. പൌലോസിന്റെയും ശീലാസിന്റെയും ഉച്ചത്തിലുള്ള ആരാധന മറ്റു തുടവുകാരും ശ്രദ്ധിച്ചു. ആരാധനയിങ്കല്‍ ദൈവത്തിന്റെ പ്രവര്‍ത്തി വെളിപ്പെടുവാന്‍ ഏറെ സമയം എടുത്തില്ല. പെട്ടന്ന് വലിയൊരു ഭൂകമ്പം ഉണ്ടായി.

കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി, വാതില്‍ ഒക്കെയും തുറന്നു പോയി. എല്ലാവരുടെയും ചങ്ങല അഴിഞ്ഞു വീണു. ഭയന്നുപോയ കാരാഗൃഹപ്രമാണി സ്വയം ഹത്യയ്ക്കൊരുങ്ങി. അപ്പോള്‍ പൌലോസും ശീലാസും അദ്ദേഹത്തെ വിലക്കി സുവിശേഷം പറഞ്ഞു. കാരാഗൃഹ പ്രമാണിയും കുടുംബവും രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനികളായ ചരിത്രമാണ് നാം തുടര്‍ന്നു വായിക്കുന്നത്. പിന്നീട് ഇരുവരും ജയില്‍ മോചിതരുമായി.

ഇന്നും സുവിശേഷ വിരോധ രാജ്യങ്ങളില്‍ അനേക സംഭവങ്ങള്‍ സമാന രീതിയില്‍ നടമാടുന്നു. പക്ഷെ ജയിലില്‍ ഭൂകമ്പങ്ങളൊന്നും നടക്കുന്നില്ല. അതുകൊണ്ടുതന്നെ വലിയ മാദ്ധ്യമ ശ്രദ്ധ കിട്ടുന്നുമില്ല എന്നു കരുതിയാല്‍ മതി. അക്ഷെ അനേക കാരാഗൃഹ പ്രമാണിമാര്‍ ‍, തടവുകാര്‍ രക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.

ക്രൈസ്തവ വിരോധത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ലോകരാഷ്ട്രങ്ങളില്‍ ഉത്തര കൊറിയ, സൌദി അറേബ്യ, ചൈന, വിയറ്റ്നാം, ക്യൂബ, ആഫ്രിക്കന്‍ ഇസ്ളാമിക രാഷ്ട്രങ്ങള്‍ ‍, മദ്ധ്യ ഏഷ്യയിലെ അറബി രാഷ്ട്രങ്ങള്‍ ‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ ക്രൈസ്തവര്‍ പീഢിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇവിടങ്ങളില്‍ കൊലപാതകങ്ങള്‍ ‍, മാനഭംഗങ്ങള്‍ ‍, ആക്രമണം, തട്ടിക്കൊണ്ടുപോകല്‍ ‍, കൊള്ളയടി, നാടുകടത്തല്‍ ‍, ജയില്‍വാസം എന്നിവ തകൃതിയായി നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

എന്നാല്‍ ഈ രാജ്യങ്ങളിലൊന്നിലും സുവിശേഷത്തിനു സ്വാതന്ത്ര്യമില്ലെങ്കിലും സുവിശേഷം രഹസ്യമോ, പരസ്യമോ ആയി വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പരിവര്‍ത്തനമായി ധാരാള പേര്‍ ക്രിസ്ത്യാനികളായിക്കൊണ്ടിരിക്കുന്നു. നിരീശ്വരവാദത്തില്‍നിന്നും, ഇസ്ളാം മതത്തില്‍നിന്നും, മറ്റു ക്രൈസ്തവ ഇതര മതത്തില്‍നിന്നും വരെ അനേകായിരങ്ങള്‍ വിവിധ രാജ്യങ്ങളില്‍ ക്രിസ്ത്യാനികളായിക്കൊണ്ടിരിക്കുന്നു.

മതസ്വാതന്ത്ര്യങ്ങളില്ലാത്തതും, ക്രൈസ്തവ വിരോധ സാഹചര്യങ്ങളുള്ളതുമായ രാജ്യങ്ങളില്‍ സുവിശേഷ പ്രവര്‍ത്തകരേയും ക്രൈസ്തവരേയും കൊല്ലുകയും പീഢിപ്പിക്കുകയും ചെയ്യുന്നതിന്റെ പ്രധാന ഉദ്ദേശ്യം ഇനിമേല്‍ ക്രൈസ്തവര്‍ ഉയിര്‍ക്കില്ലെന്നും ക്രൈസ്തവ വളര്‍ച്ചാ നിരക്ക് കുറയ്ക്കണമെന്നുള്ളതുമാണ്.

എന്നാല്‍ ബൈബിള്‍ ശരിക്ക് പഠിച്ചാല്‍ മനസ്സിലാകും, പീഢനങ്ങള്‍ ഉള്ളിടത്ത് ദൈവസഭ ശക്തിയാര്‍ജ്ജിക്കുകയും, എതിര്‍പ്പുകളുള്ളയിടത്ത് ദൈവസഭ വളരുകയും ചെയ്യും എന്നുള്ളതാണ്.

കാരാഗൃഹ ജീവിതം ഏതു ക്രൈസ്തവനേയും കരുത്തുറ്റവനാക്കും. അവരുടെ പ്രാര്‍ത്ഥനയും നിലവിളിയും സ്തുതിയും ആരാധനയുമൊക്കെ ദൈവസഭ വളരുവാനുള്ള വളമാണ്. ദൈവത്തിന്റെ പരിശുദ്ധാത്മാവ് എതിര്‍പ്പുകളുടെ അതിര്‍ വരമ്പുകള്‍ തകര്‍ത്തുകളയും.

ഇന്ന് ക്രൈസ്തവര്‍ക്കെതിരായി പീഢനങ്ങള്‍ നടക്കുന്ന ഒട്ടുമിക്ക രാഷ്ട്രങ്ങളിലും ദൈവസഭകള്‍ പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. രഹസ്യമായും പരസ്യമായും സഭാ ആരാധനകള്‍ നടന്നു വരുന്നു. ശത്രുവിന്റെ വാളും, കുന്തവും, തൂക്കു കയറും, തോക്കും, കാരാഗൃഹവും ഒക്കെ ദൈവജനത്തിനു മുമ്പില്‍ ഉണ്ടെന്നുള്ള യാഥാര്‍ത്ഥ്യത്തോടുകൂടിതന്നെയാണ് ധൈര്യത്തോടെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്നത്.

അതിന് സഹായിക്കുന്നത് ക്രിസ്തുവിലുള്ള പ്രത്യാശ ഒന്നു മാത്രമാണ്. കര്‍ത്താവിന്റെ വരവ് ഏറ്റവും ആസന്നമായിരിക്കുന്നു.

വല്ലവിധേനയും ആരെങ്കിലും നരകത്തിലേക്കു പോകാതിരിക്കട്ടെ എന്നു ചിലരെങ്കിലും ആത്മാര്‍ത്ഥമായി മനസ്സിലാക്കുന്നു. ഇതെല്ലാം അന്ത്യാകാലത്തു സംഭവിക്കാനുള്ളതെന്നു ഒരിക്കല്‍ക്കൂടി ബൈബിള്‍ നമ്മെ ഓര്‍പ്പിക്കുന്നു.

പാസ്റ്റര്‍ ഷാജി. എസ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.