ഒമിക്രോണിന്റെ പുതിയ വകഭേദം കടുപ്പമേറിയതെന്ന് പഠനം
ഒമിക്രോണിന്റെ പുതിയ ഉപ വകഭേദമായ ബി.എ.2.75.2നെക്കുറിച്ച് ആശങ്കയുയര്‍ത്തി പഠന റിപ്പോര്‍ട്ട്.
ബി.എ.2.75.2 രക്തത്തിലെ ന്യൂട്രലൈസിങ് ആന്റി ബോഡികളെ വെട്ടിച്ച് രക്ഷപെടുമെന്നും പല കോവിഡ് 19 ആന്റിബോഡി തെറാപ്പികളും ഇവയ്ക്കെതിരെ ഫലപ്രദമല്ലെന്നുമാണ് പുതിയ പഠനത്തില്‍ പറയുന്നത്.
ഒമിക്രോണ്‍ വകഭേദമായ ബി.എ.2.75 പരിണമിച്ചുണ്ടായതാണ് ബി.എ.2.75.2 ഉപവകഭേദം. ഈ വര്‍ഷം ആദ്യം കണ്ടെത്തിയ ഈ ഉപവകഭേദം വിവിധ രാജ്യങ്ങളിലേക്ക് പകര്‍ന്നെങ്കിലും ഇതുമൂലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം കുറവാണ്.
ബി.എ.2.75.2 മൂലം വരുന്ന ശൈത്യകാലത്ത് സാര്‍സ് കോവ് 2 അണുബാധകളുടെ എണ്ണം ഉയരാന്‍ സാദ്ധ്യതയുണ്ടെന്നും സ്വീഡനിലെ കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു.
സ്റ്റോക് ഹോമിലെ 75 രക്തദാതാക്കളില്‍ നിന്നെടുത്ത സിറം സാമ്പിളുകളിലുള്ള ആന്റിബോഡികള്‍ ബിഎ.5 വകഭേദത്തോടുകാണിച്ച കാര്യക്ഷമതയുടെ ആറിലൊന്ന് മാത്രമേ ബി.എ.2.75.2 ന് എതിരെ പ്രദര്‍ശിപ്പിക്കുന്നുള്ളെന്നും ഗവേഷകര്‍ പറയുന്നു.
പഠനത്തില്‍ ലഭ്യമായ മോണോക്ളോണല്‍ ആന്റിബോഡി ട്രീറ്റ്മെന്റുകളില്‍ ബെസ്ടെലൊവിമാബ് മാത്രമാണ് പുതിയ വകഭേദത്തെ നിര്‍വ്വീര്യമാക്കിമാറ്റിയതെന്നും റിപ്പോര്‍ട്ട് ചൂണ്ട്ക്കാട്ടി.
ലാന്‍സെറ്റിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

