പ്രമേഹത്തിന്റെ ഉല്‍പ്പത്തി സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമെന്ന് പഠനം
മറ്റു പല രോഗങ്ങളെയും പോലെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൊഴുപ്പ് പ്രമേഹത്തിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്നതായി ഗവേഷകര്‍ .
എന്നാല്‍ പുരുഷന്മാരിലും സ്ത്രീകളിലും ഈ കൊഴുപ്പിന്റെ വിന്യാസം വ്യത്യസ്തമാകയാല്‍ പ്രമേഹത്തിന്റെ ഉല്‍പ്പത്തി ഇരു കൂട്ടരിലും വ്യത്യസ്തമായിരിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. കോണ്‍കോര്‍ഡിയയിലെ ഗവേഷകരായ കെറി ഡെലനെയും സില്‍വിയ സാന്‍ടോസയുമാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്.
പുരുഷന്മാരിലും സ്ത്രീകളിലും പ്രമേഹ ഉല്‍പ്പത്തിയും സാധ്യതകളും വ്യത്യസ്തമാണെന്ന് കണ്ടെത്തിയത് ഇരു കൂട്ടര്‍ക്കുമുള്ള ചികിത്സാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലും ഇതിനനുസരിച്ച് മാറ്റം വരുത്താമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ സ്ത്രീ പുരുഷന്മാര്‍ ഒരേ തരത്തിലുള്ള പ്രമേഹ ചികിത്സയാണ് പിന്തുടരുന്നത്. കൂടുതല്‍ ധാരണ ഈ വിഷയത്തില്‍ കൈവരിക്കാന്‍ സാധിച്ചാല്‍ വ്യത്യസ്തമായ ചികിത്സാ പദ്ധതികള്‍ക്ക് രൂപം നല്‍കാമെന്നും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു.
പഠനത്തിന്റെ ഭാഗമായി 200-ലധികം ശാസ്ത്ര റിപ്പോര്‍ട്ടുകള്‍ ഗവേഷകര്‍ അവലോകനം ചെയ്തു. തൊലിപ്പുറത്തും കോശങ്ങളുടെ തലത്തിലും എപ്രകാരമാണ് കൊഴുപ്പ് പ്രവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ച് ഈ പ്രബന്ധങ്ങള്‍ വിശദീകരിക്കുന്നു. അടിവയറ്റിലെ കൊഴുപ്പും പ്രമേഹവുമായി അടുത്ത ബന്ധമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. സ്ത്രീകളില്‍ കൊഴുപ്പ് ചര്‍മ്മത്തിനു തൊട്ടു താഴെയുള്ള പാളികളിലാണ് കൂടുതലായി ശേഖരിക്കപ്പെടുന്നത്.
സബ്ക്യൂട്ടേനിയസ് ഫാറ്റ് എന്നാണ് ഇതിനു പേര്. പുരുഷന്മാരില്‍ പ്രധാനമായും അവയവങ്ങള്‍ക്ക് ചുറ്റുമാണ് കൊഴുപ്പ് അടിയുന്നത്. വിസറല്‍ ഫാറ്റ് എന്നാണ് ഇതിനെ വിളിക്കുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും കൊഴുപ്പ് വളരുന്നതും പ്രതിരോധ സംവിധാനവുമായി അവ പ്രവര്‍ത്തിക്കുന്നതും വ്യത്യസ്ത രീതിയിലാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

