ദൈവ വിശ്വാസത്തിൻറെ പേരിൽ ചൂഷണങ്ങൾ

ദൈവ വിശ്വാസത്തിൻറെ പേരിൽ ചൂഷണങ്ങൾ

Articles Breaking News Editorials

ദൈവ വിശ്വാസത്തിൻറെ പേരിൽ ചൂഷണങ്ങൾ
ക്രൈസ്തവ വിശ്വാസികള്‍ എന്ന പേരില്‍ അറിയപ്പെടുവാന്‍ പണ്ടത്തേപ്പോലെ ഇന്ന് ആര്‍ക്കും ലജ്ജയില്ലാതായി. പണ്ട് ക്രിസ്ത്യാനി എന്ന് പരസ്യമായി പറയുവാന്‍ പലര്‍ക്കും മടിയുണ്ടായിരുന്നു.

അതിനു പിന്നിലെ രഹസ്യങ്ങള്‍ പലതാണ്. അതില്‍ ചിലത്, ചിലര്‍ക്ക് ഭയംകൊണ്ട് പറയുവാന്‍ പേടി, മറ്റ് ചിലര്‍ക്ക് ലോകത്തില്‍നിന്ന് വേര്‍പെട്ട ജീവിതം നയിക്കുവാന്‍ മടി, മൂന്നാമതായി കഷ്ടതകള്‍ സഹിക്കുവാനുള്ള സഹിഷ്ണതയില്ലായ്മ എന്നിവയായിരുന്നു കാരണങ്ങളില്‍ ചിലത്. ഇതില്‍ രണ്ടാമത് സൂചിപ്പിച്ച ചില കാര്യങ്ങളെപ്പറ്റി ഓര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നു.

അക്രൈസ്തവര്‍ എങ്ങനെ ജീവിച്ചാലും ആരും പഴി പറയില്ല. എന്നാല്‍ ക്രൈസ്തവര്‍ അക്രൈസ്തവര്‍ ജീവിക്കുന്ന ശൈലിയില്‍ ജീവിച്ചാല്‍ അത് ശ്രദ്ധയില്‍പ്പെടും. വേഷത്തിലും ഭാഷാ സംസാരത്തിലും ജീവിത ചംക്രമണത്തിലും ക്രൈസ്തവര്‍ വ്യത്യസ്തമായ മാതൃക കാട്ടേണ്ടവരാണ്.

എന്നാല്‍ ഇന്ന് ക്രൈസ്തവരും അക്രൈസ്തവരും തമ്മില്‍ വ്യത്യാസമില്ലാത്ത ജീവിത സംസ്ക്കാരമാണ് പലരിലും കണ്ടുവരുന്നത്. പ്രത്യേകിച്ച് നാമധേയ ക്രൈസ്തവരായ പൌരോഹിത്യ സഭക്കാര്‍ അവരുടെ ജീവിതത്തിലും ആരാധനയിലും ഹൈന്ദവ ക്ഷേത്ര സാമ്യമുള്ള ആചാരാനുഷ്ഠാനങ്ങളും, ജീവിത ശൈലികളും പ്രാവര്‍ത്തികമാക്കി വരുന്നു.

പ്രത്യേകിച്ച് ക്രൈസ്തവര്‍ എന്നഭിമാനിക്കുന്നവര്‍ ജീവിത സംശുദ്ധി, സാന്മാര്‍ഗ്ഗിക ജീവിതം, ക്ഷമ, വിശ്വസ്തത എന്നിവ കാത്തു സൂക്ഷിക്കുന്നതില്‍ തീര്‍ത്തും പരാജിതരാണ്. പെന്തക്കോസ്തു വിശ്വാസികളിലും ഈ ദുര്‍ന്നടപടികള്‍ ഒളിഞ്ഞും തെളിഞ്ഞും കണ്ടുവരുന്നു. വേഷത്തില്‍ ‍, പ്രത്യേകിച്ച് കുട്ടികളും, യുവതലമുറകളും ലജ്ജാകരമായ രീതിയിലാണ് വസ്ത്രങ്ങള്‍ ധരിക്കുന്നത്.

സിനിമാ നടന്മാരേയും, നടികളേയും അനുകരിച്ചു വേഷം ധരിക്കുന്നവരും ഹെയര്‍സ്റ്റൈല്‍ ഉണ്ടാക്കുന്നവരും പെരുകി വരികയാണ്. പലപ്പോഴും ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് പൊതു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ലജ്ജയായിത്തോന്നാറുണ്ട്.

പല കുട്ടികളും കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്നതും പതിവാണ്. ഈ രീതികള്‍കൊണ്ടൊക്കെത്തന്നെയാണ് ഞാന്‍ ആദ്യം പറഞ്ഞത്, ക്രിസ്ത്യാനിയായി ജീവിക്കുന്നതില്‍ പഴയതുപോലെ ലജ്ജയില്ലെന്ന്. പുതു തലമുറ ഫാഷന്‍ സങ്കല്‍പ്പത്തില്‍ അധിഷ്ഠിതരാണ്. അതുകൊണ്ട് എങ്ങനെ ജീവിച്ചാലും മതിയെന്ന് ഇവര്‍ ധരിച്ചുവെച്ചിരിക്കുന്നു.

പല മക്കള്‍ക്കും സര്‍വ്വവിധ പിന്തുണയുമായി സ്വന്തം മാതാപിതാക്കളും രംഗത്തു വരുന്നതാണ് ഏറെ രസകരം. തങ്ങളുടെ മക്കള്‍ ബൈബിളിലധിഷ്ഠിതമായ ജീവിതശൈലിയില്‍ ജീവിക്കണമെന്നോ, പൂര്‍വ്വ പിതാക്കന്മാരായ വിശുദ്ധന്മാര്‍ കാത്തുസൂക്ഷിച്ച വിശുദ്ധിയും വേര്‍പാടും പുതുതലമുറ അനുകരിക്കണമെന്നോ ആര്‍ക്കും നിര്‍ബന്ധമില്ലെന്ന് തോന്നിപ്പോകുന്നു.

മറ്റുള്ള വിശുദ്ധന്മാരുടെ നല്ല ഗുണങ്ങള്‍ ജീവിതത്തില്‍ പാലിപ്പാന്‍ ഇവര്‍ സന്നദ്ധരാകുന്നില്ല എന്നതാണ് വാസ്തവം. യുവജനങ്ങള്‍ സ്വന്തമായി തീരുമാനം എടുക്കണം. ദൈവഹിതമല്ലാത്ത ജീവിതശൈലി ഇനി നയിക്കുകയില്ല, മാതൃകയുള്ള നല്ല ദൈവപൈതലായി ജീവിക്കും എന്ന്.

ദൈവവചനം പറയുന്നു ” നിന്റെ യൌവ്വനകാലത്ത് നിന്റെ സൃഷ്ടാവിനെ ഓര്‍ത്തുകൊള്‍ക, ദുര്‍ദ്ദിവസങ്ങള്‍ വരികയും എനിക്ക് ഇഷ്ടമില്ല എന്ന് നീ പറയുന്ന കാലം സമീപിക്കുകയും ചെയ്യും മുമ്പേ തന്നെ” (സഭാപ്രസംഗി 12:1). സൃഷ്ടാവായ ദൈവ ത്തെ മാത്രം മുന്‍നിര്‍ത്തി ജീവിക്കുവാന്‍ എല്ലാവരും തയ്യാറാവുക.
പാസ്റ്റര്‍ ഷാജി. എസ്.

*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ്‌ വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ്‌ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***