ഐശ്വര്യവും മാന്ത്രിക സിദ്ധിയും ലഭിക്കാനായി മകളെ ബലി നല്‍കി

ഐശ്വര്യവും മാന്ത്രിക സിദ്ധിയും ലഭിക്കാനായി മകളെ ബലി നല്‍കി

Breaking News India

ഐശ്വര്യവും മാന്ത്രിക സിദ്ധിയും ലഭിക്കാനായി മകളെ ബലി നല്‍കി
പുതുക്കോട്ട: അന്ധവിശ്വാസത്തിനു അടിമകളായ മാതാപിതാക്കള്‍ 13 കാരിയായ മകളെ ബലി നല്‍കി. തമിഴ്നാട്ടിലാണ് കഴിഞ്ഞ ദിവസം ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്.

ഐശ്വര്യവും പണവും അസാധാരണമായ മാന്ത്രിക സിദ്ധിയും കൈവരുമെന്ന് ഒരു മന്ത്രവാദിനി പറഞ്ഞതിനെ വിശ്വസിച്ചാണ് ഈ ക്രൂരത ചെയ്തത്.

തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയില്‍ ഗന്ധര്‍വ്വ കോട്ടയിലെ നൊടിയൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന വിദ്യ എന്ന പെണ്‍കുട്ടിയാണ് പോറ്റി വളര്‍ത്തിയ മാതാപിതാക്കളുടെ കൈകള്‍കൊണ്ടുതന്നെ ജീവന്‍ വെടിയേണ്ടിവന്നത്.

വീടിനു സമീപമുള്ള കുന്നിന്‍ ചരുവിലെ യൂക്കാലി കാട്ടിലാണ് അബോധാവസ്ഥയില്‍ കിടക്കുന്ന നിലയില്‍ ബന്ധുക്കളും നാട്ടുകാരും കണ്ടെത്തിയത്. ഉടന്‍തന്നെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി പിറ്റേന്ന് മരിച്ചു.

വിദ്യയുടെ പിതാവ് പനിനീര്‍ ശെല്‍വം (55) കുറെനാളായി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതിനെ മറികടക്കാനായി സുഹൃത്തായ കുമാറിനൊപ്പം മന്ത്രവാദിനിയായ വാസന്തിയെ സമീപിച്ചു. മകളെ ബലി നല്‍കിയാല്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാവുമെന്ന് വാസന്തി പറഞ്ഞു. കുടുംബത്തില്‍ സമ്പത്ത് കുമിഞ്ഞുകൂടുമെന്നും അസാധാരണ മാന്ത്രിക ശക്തി കൈവരുമെന്നും പറഞ്ഞു.

മകളെ ബലി നല്‍കുന്നതിന്റെ തലേന്ന് പനിനീര്‍ശെല്‍വവും ഭാര്യ മൂക്കായിയും വാസന്തിയും കുമാറും ചേര്‍ന്ന് 300 മീറ്റര്‍ അകലെ മകളെ നരബലി ചെയ്യുന്നതിന് ഒരു സാരി ഉപയോഗിച്ച് പ്രത്യേക പൂജ നടത്തിയിരുന്നു. പിന്നീട് ഈ സാരി കുഴിച്ചിട്ടു. പിറ്റേന്നു തന്റെ മൂന്നു പെണ്‍മക്കളില്‍ രണ്ടു കുട്ടികളോട് ശെല്‍വം വെള്ളം കോരാനായി പോകണമെന്ന് പറഞ്ഞു.

വെള്ളമെടുക്കുന്ന സ്ഥലത്തേക്കു ആദ്യം പോയത് വിദ്യയായിരുന്നു. അവിടെ പനിനീര്‍ ശെല്‍വം കാത്തുനില്‍പ്പുണ്ടായിരുന്നു. ഒരു കാര്യം പറയാനുണ്ടെന്നു പരഞ്ഞ് ഇയാള്‍ മകളെ യൂക്കാലി തോട്ടത്തിലേക്കു കൊണ്ടുപോയി. ഇവര്‍ കടന്നു പോയതിന്റെ പിന്നാലെ വഴിയില്‍ ഒളിച്ചിരുന്ന വാസന്തിയും മൂക്കായിയും കുമാറും ചേര്‍ന്നു കടന്നുപോയ പാതയില്‍ പൂജ നടത്തി.

ഇതു കണ്ട പെണ്‍കുട്ടി ഭയന്നു കരയാന്‍ തുടങ്ങിയതോടെ പനിനീര്‍ ശെല്‍വം ഒരു ഷാള്‍ എടുത്തു വിദ്യയുടെ കഴുത്തിലിട്ടു മുറുക്കി. ഈ സമയം മൂക്കായിയും കുമാറും ചേര്‍ന്ന് പെണ്‍കുട്ടിയുടെ കൈയ്യും കാലും ബലമായി പിടിച്ചുവെച്ചു. പിന്നീട് പെണ്‍കുട്ടി ബോധം കെട്ടു വീണപ്പോള്‍ മരിച്ചെന്നു കരുതി ഇവര്‍ വീട്ടിലേക്കു പോവുകയായിരുന്നു.

കുറെ കഴിഞ്ഞ് കാണാതായ പെണ്‍കുട്ടിക്കുവേണ്ടി വീട്ടുകാര്‍ തിരച്ചില്‍ നടത്തുവാനായി അഭിനയിച്ചു കാണിച്ചു. കഥയറിയാതെ നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

വിദ്യ മരിച്ച് 10 ദിവസത്തിനുശേഷം മാതാവ് മുക്കോയിയും മരിച്ചു. ഇതിനിടയില്‍ വാസന്തി മുങ്ങിയിരുന്നു. കുമാറിനെയും കാണാതായതോടെ പോലീസിനു സംശയമുണ്ടായി. ഇതിനെത്തുടര്‍ന്നുള്ള വിശദമായ ചോദ്യം ചെയ്യലിലാണ് മഹാ ക്രൂരത പുറം ലോകം അറിഞ്ഞത്.