ദു:ഖവെള്ളിയോ നല്ല വെള്ളിയോ?

Articles Breaking News Features
  ദു:ഖവെള്ളിയോ നല്ല വെള്ളിയോ?
                                         ലോകചരിത്രത്തെ ബി. സി എന്നും എ. ഡി എന്നും തിരിച്ച ചരിത്ര പുരുഷനായ യേശുക്രിസ്തുവിന്റെ മരണത്തെ ഓർക്കുന്ന ദിവസമാണല്ലോ ഇന്ന്. മലയാളത്തിൽ ദു:ഖവെള്ളിയെന്നും ആംഗല ഭാഷയിൽ നല്ല വെള്ളിയെന്നും വിളിക്കുന്ന ഈ ദിനം ദു:ഖവെള്ളിയോ നല്ല വെള്ളിയോ?
     നാല്പതിൽ താഴെയും അധികവും വെട്ടുകൾ ഏറ്റ് കൊല്ലപ്പെട്ടവരുടെ വാർത്തകളും ചിത്രങ്ങളും നാം ഈ കഴിഞ്ഞ നാളുകളിൽ മാധ്യമങ്ങളിലൂടെ കാണുക, യുണ്ടായി. ആ ചിത്രങ്ങളിലേക്ക് എല്ലാം ഒരു പ്രാവശ്യം നോക്കുവാനെ നമ്മുടെ മനസ്സ് നമ്മെ അനുവദിച്ചുള്ളു, അത്രയേറെ വെട്ടുകൾ ഏറ്റിട്ടും അവരെല്ലാം മനുഷ്യരാണെന്ന് മനസ്സിലാക്കുവാൻ നമുക്കാകുമായിരുന്നു. എന്നാൽ യേശുക്രിസ്തുവിന്റെ കാര്യം അങ്ങനെയായിരുന്നില്ല, പ്രവാചക പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് യേശുക്രിസ്തുവിന്റെ രൂപം കണ്ടാൽ ആളല്ല എന്നും അവന്റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമാക്കപ്പെട്ടു എന്നാണ് (യെശ 52: 14).
      യേശുക്രിസ്തു മാനസികമായും ശാരീരികമായും അനുഭവിച്ച പീഢയുടെ സംക്ഷിപ്ത വിവരം മാത്രമാണ് ബൈബിളിൽ ഉള്ളത്. അത് തന്നെ മനുഷ്യബുദ്ധിക്ക് മനസ്സിലാക്കാൻ കഴിയുന്നതിനും അപ്പുറത്താണ്. ഗെത്ത്ശെമന തോട്ടത്തിൽ മാനസീകമായി തകർന്ന യേശു പ്രാർത്ഥിച്ചപ്പോൾ അവന്റെ വിയർപ്പുതുള്ളികൾ രക്തത്തുള്ളികൾ പോലെയായി (ലൂക്കൊ 22: 44). അവിടെ വെച്ച് അവന്റെ ശിഷ്യന്മാർ അവനെ തനിച്ചാക്കി ഓടി ഒളിച്ചു (മത്താ 26: 56). യേശുവിനെ യെഹൂദന്മാരും പടയാളികളും പിടിച്ച് ബന്ധിക്കുകയും (ലൂക്കൊ 22: 54) ന്യായാധിപന്മാരുടെ മുമ്പിൽ മാറി മാറി ഹാജരാക്കുകയും ചെയ്തു. യേശുവിന്റെ കുറ്റം തെളിയിക്കാൻ ന്യായാധിപന്മാർ ആവശ്യപ്പെട്ടപ്പോൾ ഇന്നലെവരെ യേശുവിൽ നിന്ന് നിരവധി നന്മകൾ അനുഭവിച്ച ജനം യേശുവിനെ ഞങ്ങൾക്ക് വേണ്ട അവനെ ക്രൂശിക്ക ക്രൂശിക്ക എന്ന് ആർത്ത് വിളിച്ചു (ലൂക്കൊ 23: 21).
      തുടർന്ന് പടയാളികളുടെ ശക്തി മുഴുവൻ അവർ യേശുക്രിസ്തുവിന്റെ ശരീരത്തിൽ പ്രയോഗിച്ചു. ഒരു വ്യക്തിയെ നാല്പതിൽ അധികം പ്രവശ്യം അടിക്കാൻ പാടില്ല എന്ന നിയമം അന്ന് നിലനിന്നിരുന്നു ആകയാൽ പടയാളികൾ കുറ്റവാളിയെ ഒരോ വട്ടം 39 അടികൾ വീതം പലവട്ടം അടിക്കുമായിരുന്നു. അപ്പോസ്തലനായിരുന്ന പൌലൊസ് 5 വട്ടം 39 അടികൾ വീതം കൊണ്ടതായി 2  കൊരിന്ത്യർ 11: 24 – ൽ താൻ സാക്ഷീകരിക്കുന്നുണ്ട്.
കർത്താവായ യേശു ക്രിസ്തു പലയാവർത്തി 39 അടികൾ വീതം ഏറ്റു, പടയാളികൾ ചൂണ്ടയും ലോഹ കക്ഷണങ്ങളും എല്ലുകക്ഷണങ്ങളുമുള്ള ചാട്ടവാറുകൊണ്ട് മാറിമാറിയടിച്ചപ്പോൾ അവിടുത്തെ പുറം ഉഴവുചാലുകൾ പോലെ കീറപ്പെട്ടു ( യെശ 50: 6, സങ്കീ 129: 3). മാത്രമല്ല അവർ യേശുവിന്റെ മുഖത്തെ രോമം വലിച്ചു പറിക്കുകയും തലയിൽ മുൾക്കിരീടം വെച്ച് ആഞ്ഞ് അടിക്കുകയും ചെയ്തു (മത്താ 27: 29), ചരിത്രകാരന്മാർ പറയുന്നത് യേശുവിന്റെ കണ്ണിൽ വരെ മുള്ളുകൾ ആഴ്ന്നിറങ്ങി എന്നാണ്. മാത്രമല്ല പീലത്തോസിന്റെ കൽതളം മുതൽ കാൽവറി മലമുകൾ വരെയും ഭാരമുള്ള ഒരു മരക്കുരിശും ചുമന്ന് കൊണ്ട് യേശു വീണും എഴുന്നേറ്റും വീണും എഴുന്നേറ്റും നടന്നു.
     കാൽവറിയുടെ കൊലക്കളത്തിൽ വെച്ച് പടയാളികൾ യേശുവിന്റെ കൈകളും കാലുകളും മരക്കുരിശിനോട് ചേർത്ത് വെച്ച് ആഞ്ഞടിച്ചു (ലൂക്കൊ 23: 33). പടയാളികളും യെഹൂദന്മാരും വഴിയെ പോകുന്നവരും കൂടെ ക്രൂശിക്കപ്പെട്ട കള്ളന്മാരും അവനെ ദുഷിക്കുകയും നിന്ദിക്കുകയും അപമാനിക്കുകയും ചെയ്തു. അവസാനം ക്രൂശിൽ കിടന്നുകൊണ്ട് മരന്ന വേദന അനുഭവിക്കുമ്പോൾ ആർക്കും അവനോട് സഹതാപം തോന്നിയില്ല ആരും അവനോട് കരുണ കാണിച്ചുമില്ല. ദാഹിച്ച് വെള്ളത്തിനായി കേണ യേശുവിന് അവർ കുടിപ്പാൻ കൊടുത്തത് കൈപ്പ് കലർത്തിയ വീഞ്ഞാണ് (യോഹ 19: 28). ഏറ്റവും ഒടുവിൽ തല ചായിക്കുവാൻ ഇടമില്ലാതെ അവനാ മരക്കുരിശിൽ മരിച്ചു.
     അവനിയുടെ പരപ്പിൽ ഇത്ര ദാരുണമായ ഒരു മരണം നടന്ന ദിവസമാണല്ലോ ഇന്ന് എന്ന് ഓർക്കുമ്പോൾ ഇത് ശരിക്കും ദുഃഖ വെള്ളിയാണ്. എന്നാൽ കർത്താവായ യേശുക്രിസ്തുവിന്റെ മണത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയാൽ ഇത് ഒരു നല്ല വെള്ളിയാണ് എന്ന് നിശ്ചയം പറയാൻ കഴിയും.
      1948 ജനുവരി 30 ന് ന്യൂ ഡൽഹിയിലുള്ള ഒരു പ്രാർത്ഥന യോഗത്തിന് പ്രസംഗിക്കുന്നതിന് തൊട്ടുമുമ്പാണ് മഹാത്മാ ഗാന്ധി നതുറാം ഗോഡ്സെയുടെ വെടിയേറ്റ് മരിച്ചത്. 1984 ഒക്ടോബർ 31 ന് ഇന്ദിര ഗാന്ധി അവരുടെ വസതിയിൽ നിന്ന് ഇറങ്ങുന്ന സമയത്താണ് തന്റെ രണ്ട് സുരക്ഷ ഭടന്മാരാൽ വെടിയേറ്റ് മരിക്കുന്നത്. 1991 മെയ് 21 ന്  ചെന്നയ്ക്ക് അടുത്തു വെച്ചാണ് തേൻമൊഴി എന്ന മനുഷ്യ ബോംബാൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.
തങ്ങളെ കൊല്ലുവാനുള്ളവർ ഒരു അവസരത്തിനായി കാത്തിരിക്കുന്നുണ്ട് എന്ന് അറിഞ്ഞിരുന്നെങ്കിൽ ഇവരാരും ആ സ്ഥലങ്ങളിലേക്ക് വരികയില്ലായിരുന്നു. എന്നാൽ യേശു താൻ കൊല്ലപ്പെടാൻ പോകുന്ന് എന്നറിഞ്ഞ് മരണത്തിലേക്ക് നടന്നടുക്കുകയായിരുന്നു. അവിടുന്ന് തന്റെ ശിഷ്യന്മാരോട് പറഞ്ഞത് നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെടും അവർ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്കു ഏല്പിക്കും (മത്താ 20: 18, 19) എന്നാണ്.
     നാമെല്ലാവരും ജീവിക്കാനായി ജനിച്ചപ്പോൾ മരിക്കാനായി ജനിച്ചവനാണ് യേശു. മാനവജാതി ഏൽക്കേണ്ട പാപത്തിന്റെ ശമ്പളമായ മരണത്തെ യേശു നമുക്കുവേണ്ടി ഏറ്റെടുക്കുകയായിരുന്നു. അവൻ അടികളും നിന്ദകളും ഏറ്റത് നമ്മുടെ പാപ രോഗത്തെ സൗഖ്യമാക്കുവാനാണ് (1 പത്രോ 2: 24). സൂര്യനും പ്രകൃതിയും കണ്ണുപൊത്തിയ അന്ധകാരത്തിൽ പിതാവായ ദൈവത്തിന്റെ കോപതീയിലൂടെ കടന്ന് യേശു നരക യാതനകൾ അനുഭവിക്കുകയും “എന്റെ ദൈവമേ എന്റെ ദൈവമേ നീയും എന്നെ കൈവിട്ടത് എന്ത് എന്ന്” (മത്താ 27: 46) നമുക്കു പകരമായി അലറിക്കരുകയും ചെയ്തുകൊണ്ട് അപമാനം അലക്ഷ്യമാക്കി മരണത്തെ ഏറ്റെടുത്തു. ആ മരണം എനിക്കു വേണ്ടിയിട്ടാണ് എന്ന് മനസ്സിലാക്കുമ്പോൾ അത് ഒരു നല്ല വെള്ളിയാഴ്ച്ചയായി മാറുന്നു.
     പ്രിയരെ, യേശുവിന്റെ ക്രൂശികരണം നടന്ന വെള്ളി നല്ല വെള്ളിയാകാനുള്ള ഒന്നാമത്തെ കാരണം അവിടുന്ന് മരിച്ചത് നമ്മുടെ നരകത്തെയും ശാപത്തെയും മാറ്റി നമ്മെ പാപവിമുക്തരും സ്വർഗ്ഗത്തിന് ഓഹരിക്കാരും ആക്കുവാനായിട്ടായതിനാലാണ്.
       മരണത്തിന് യേശുവിനെ കീഴ്‌പ്പെടുത്തി വെയ്ക്കുവാൻ കഴിഞ്ഞില്ല ഈ ആഴ്ച്ച ഉണർന്ന് എഴുന്നേല്ക്കുന്നത് യേശുവിന്റെ ഉയർപ്പിന്റെ സന്ദേശവുമായിട്ടാണ് യേശു നമുക്ക് പകരവും നമുക്കായും മരിച്ചതിനാലും മരണത്തെ തോല്പിച്ചതിനാലും ഇത് ഒരു നല്ല വെള്ളിയാഴ്ച്ചയാണ്. പ്രിയരെ, നമുക്കായി മരിച്ച യേശുവിന് ജീവിതം കൊടുക്കാൻ മരണത്തെ തോല്പിച്ച യേശുവിനായി ജീവിക്കാൻ ഇന്ന് തീരുമാനം എടുക്കുമോ?
  (ജോൺസൺ ലാസർ ഉപ്പുകുന്ന്)   9400181794

Comments are closed.