ശക്തിയുള്ള വചനം (എഡിറ്റോറിയൽ)

ശക്തിയുള്ള വചനം (എഡിറ്റോറിയൽ)

Articles Editorials

ശക്തിയുള്ള വചനം

ദൈവവചനത്തിനു ശക്തിയുണ്ട്. മനുഷ്യന്റെ ഹൃദയാന്തരാളത്തിലേക്ക് തുളഞ്ഞ് ഇറങ്ങുന്നതിനും മനുഷ്യന്റെ ലക്ഷ്യങ്ങളേയും ആഗ്രഹങ്ങളേയും ലാക്കിനേയും ഇച്ഛാശക്തിയേയും വേര്‍തിരിക്കുവാനും ദൈവവചനത്തിനു കഴിയും. (എബ്രാ. 4:12). നമുക്കു പലപ്പോഴും എന്തുചെയ്യണമെന്നറിയാതെ തരിച്ചു നില്‍ക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

നാം അജ്ഞരോ ബലഹീനരോ ആയിത്തീരുന്ന സമയത്ത് നമ്മെ ഉണര്‍ത്തുവാനും ശക്തീകരിക്കുവാനും പ്രവര്‍ത്തിപ്പിക്കുവാനും ദൈവവചനത്തിനു സാധിക്കുന്നു. ബൈബിള്‍ മനുഷ്യ ജീവിതങ്ങള്‍ക്ക് വഴികാട്ടിയാണ്. ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്നും എന്തു ചെയ്യണമെന്നും എന്തായിത്തീരുമെന്നുമൊക്കെ വളരെ വ്യക്തമാക്കിത്തരുന്നു.

ഈ ഭൂമിയിലെ മറ്റാരുടെയും സഹായമില്ലാതെതന്നെ നമുക്കു സന്തോഷവും സമൃദ്ധിയും ആത്മശാന്തിയും ഒക്കെ പകര്‍ന്നു തരുവാന്‍ ബൈബിളിനു സാധിക്കുന്നു. ബൈബിള്‍ വിശ്വസിച്ച് വായിച്ചാല്‍ പിന്നെ ഒന്നിനെക്കുറിച്ചും വ്യകുലപ്പെടേണ്ടിവരുന്നില്ല എന്നതാണ് സത്യം.

സമൂഹത്തില്‍ പല ഉപദേശങ്ങളും കല്‍പനകളും സിദ്ധാന്തങ്ങളുമൊക്കെയുണ്ട്. ഓരോ കാലങ്ങളിലും ഓരോരുത്തര്‍ എഴുന്നേറ്റുനിന്നു ചില സാന്മാര്‍ഗ്ഗിക തത്വങ്ങള്‍ വിളമ്പുന്നു. അത് ചിലര്‍ വിശ്വസിക്കുന്നു. അത് പിന്നീട് നാനാദിശകളിലേക്കും പ്രചരിപ്പിക്കുന്നു. ബലഹീനരും ആത്മാവിന്റെ മോക്ഷത്തിനായി മോഹിക്കുന്നവരും ഇതുകേട്ട് വിശ്വസിക്കുന്നുവെന്നു മാത്രം.

ഇത്തരം ചിന്താഗതികള്‍കൊണ്ട് അല്പം സന്തോഷങ്ങളും നന്മകളും ഉണ്ടായേക്കാം. പക്ഷേ മരണത്തിനപ്പുറം ഒരു ജീവിതം ഉണ്ടെന്നുള്ള യാഥാര്‍ത്ഥ്യം വിശുദ്ധ വേദപുസ്തകം മാത്രമേ വ്യക്തമാക്കുന്നുള്ളു. അത് വിശ്വസിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്.

ഓരോ മനുഷ്യര്‍ക്കും പ്രയാസങ്ങളും കഷ്ടപ്പാടുകളുമൊക്കെയുണ്ടായേക്കാം. വ്യത്യസ്തമായ അനുഭവങ്ങളിലൂടെ ഓരോരുത്തരും അത് അനുഭവിക്കുന്നു. ഒരാളുടെ പ്രശ്നം ഒരുപക്ഷേ മറ്റുള്ളവര്‍ക്ക് അന്യമായേക്കാം. അത് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയാതെവരുന്നു. എന്നാല്‍ ദൈവത്തിന്റെ വചനം നമ്മെ ഓരോരുത്തരേയും വിവേചിച്ചറിയുന്നു. ദൈവവചനം ജീവനുള്ളതാണ്.

ദൈവവചനത്തിനുവേണ്ടി നാം ദാഹിക്കുമ്പോള്‍ നമുക്കു കവിഞ്ഞൊഴുകുന്ന അനുഗ്രഹങ്ങള്‍ നല്‍കുവാന്‍ ദൈവവചനത്തിനു കഴിയുന്നു. ഇന്ന് ലോകത്ത് പകലും രാത്രിയിലുമായി വ്യത്യസ്ത സ്ഥലങ്ങളില്‍, വിവിധ ഭാഷകളില്‍, വിവിധ മാധ്യമങ്ങളിലൂടെ ദൈവവചനം ലോകത്തോട് അറിയിച്ചുകൊണ്ടിരിക്കുന്നു.

അതിലെ കാതലായ വിഷയം പാപമോചനവും, വീണ്ടെടുപ്പും, ആത്മരക്ഷയുമൊക്കെയാണ്. പ്രധാനകേന്ദ്രബിന്ദു യേശുക്രിസ്തുവാണ്. യേശുക്രിസ്തു രണ്ടാമതായി മടങ്ങിവരുന്നു എന്നതാണ് പ്രധാന സംഭവം. സകല മനുഷ്യരുടെയും മോചകനായി അവതരിച്ച് മനുഷ്യവര്‍ഗ്ഗത്തിന്റെ പാപം സ്വയം ഏറ്റെടുത്തു മരിച്ച് ഉയര്‍ത്തെഴുന്നേറ്റ് തന്നില്‍ വിശ്വസിച്ചു ജീവിക്കുകയും തനിക്കായി കാത്തിരിക്കുന്നവരെയും വീണ്ടെടുക്കുവാനായിട്ടാണ് യേശു രണ്ടാമത് വരുന്നത്.

ദൈവവചനത്തിന്റെ കേന്ദ്ര വിഷയം യേശുവിന്റെ വീണ്ടും വരവാണ്. ഇത് ഗ്രഹിച്ചറിഞ്ഞ് ജീവിക്കുന്നവരാണ് രക്ഷ പ്രാപിക്കുന്നത്. അതിനുള്ള വാഞ്ച നമ്മുടെ ഹൃദയത്തിലുണ്ടെങ്കില്‍ ദൈവവചനം നമ്മെ രൂപാന്തിരപ്പെടുത്തും.

ആര്‍ക്കും സാധ്യമല്ലാത്ത മഹാ ദൌത്യമാണ് ദൈവവചനം നമ്മിലൂടെ നിറവേറുന്നത്. അതിനുള്ള ഭാഗ്യം നമുക്കു ലഭിച്ചു. ആ ഭാഗ്യം മറ്റുള്ളവര്‍ക്കുകൂടി ലഭിക്കട്ടെ എന്നു നമുക്കാശ്വസിക്കാം.
പാസ്റ്റര്‍ ഷാജി. എസ്.