ലെബാനോനിലെ ദേവദാരുക്കള്‍ വംശനാശ ഭീഷണിയില്‍
ബെയ്റൂട്ട്: ബൈബിളിലെ ചരിത്ര പ്രാധാന്യമുള്ള വൃക്ഷങ്ങളിലൊന്നായ ലെബാനോനിലെ ദേവദാരുക്കള്‍ വംശനാശ ഭീഷണി നേരിടുന്നതായി മുന്നറിയിപ്പ്.
കാലാവസ്ഥാ വ്യതിയാനമാണ് ദേവദാരു വൃക്ഷങ്ങളുടെ നാശത്തിന് പ്രധാന കാരണമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ലെബാനോനിന്റെ ഔദ്യോഗിക വൃക്ഷവും ദേശീയ പതാകയിലെ ചിത്രവും ദേവദാരുവാണ്. ലെബാനോനില് പണ്ട് 5 ലക്ഷം ഹെക്ടറില്‍ ദേവദാരു ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 2000 ഹെക്ടറില്‍ മാത്രമാണ് ദേവദാരു ഉള്ളത്.
ശലോമോന് രാജാവ് യെരുശലേമില്‍ ദൈവാലയം നിര്‍മ്മിക്കാനായി ലെബാനോനിലെ ദേവദാരുക്കള്‍ ഉപയോഗിച്ചതായി ബൈബിളില്‍ കാണുവാന്‍ കഴിയുന്നു. (1 രാജ. 5:8,9,10). ദൈവാലയ നിര്‍മ്മാണത്തിനുപയോഗിച്ച ദേവദാരു വൃക്ഷത്തിന്റെ തടി വളരെ വിലപ്പെട്ടതായിരുന്നു. അന്നത്തെ കാലത്ത് ബോട്ടുകള്‍ നിര്‍മ്മിക്കാനും ദേവദാരു മരത്തടികളാണ് ഉപയോഗിച്ചിരുന്നത്. ഇവ അനുയോജ്യമായ രീതിയില്‍ ചെത്തി മിനുക്കാനും, തടിപ്പണികള്‍ക്ക് ഉപയോഗിക്കുന്നതിന് എളുപ്പവുമായിരുന്നു. കൂടാതെ ബൈബിളില്‍ സങ്കീര്‍ത്തനം 92-ല്‍ ദേവദാരുവിനെപ്പറ്റി പരാമര്‍ശിച്ചിരിക്കുന്നത് ഇന്നും പ്രസിദ്ധമാണ്.
‘നീതിമാന് പനപോലെ തഴക്കും, ലെബാനോനിലെ ദേവദാരുപോലെ വളരും” (വാക്യം 12) എന്നും വായിക്കുന്നു. ഇന്നു കാലാവസ്ഥാ വ്യതിയാനം സംഭവിച്ചതിനാല്‍ ലെബാനോനിലെ ദേവദാരുക്കള്‍ കടുത്ത അപകടത്തിലാണ്. രാജ്യത്ത് മഴ കുറഞ്ഞതും അന്തരീക്ഷത്തില്‍ ചൂട് ഗണ്യമായ രീതിയില്‍ വര്‍ദ്ധിച്ചതും ഇവയുടെ നിലനില്‍പ്പ് അപകടത്തിലാക്കിയതായി കൃഷി വകുപ്പ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ദേവദാരുക്കള്‍ക്ക് വളരാനുള്ള അനുയോജ്യമായ കാലാവസ്ഥ തണുത്ത അന്തരീക്ഷമാണ്.
പല സ്ഥലങ്ങളിലും വനമായാണ് ദേവദാരുക്കള്‍ സംരക്ഷിക്കുന്നത്. എന്നാല്‍ പുത്തന്‍ വികസന പദ്ധതികള്‍ വന്നപ്പോള്‍ , റോഡു നിര്‍മ്മിക്കാനും കെട്ടിടങ്ങള്‍ പണിയുവാനുമായി വന്‍ തോതില്‍ വെട്ടിനിരത്തപ്പെട്ടതും ഇവയുടെ നിലനില്‍പ്പിനെ അപകടത്തിലാക്കിയിട്ടുണ്ട്. ലെബാനോനിലെ ദേവദാരുക്കള്‍ ലോക പ്രസിദ്ധമാണ്. ദേവദാരു തോട്ടങ്ങള്‍ സന്ദര്‍ശിക്കാനായി ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്നും സഞ്ചാരികള്‍ എത്താറുണ്ട്. ലെബാനോനിന്റെ മുഖംതന്നെയാണ് ഈ പുരാതന ചരിത്ര വൃക്ഷം.

