നൈജീരിയായില്‍ ക്രൈസ്തവ ഗ്രാമത്തില്‍ ആക്രമണം, 28 മരണം
പ്ളേറ്റോ: നൈജീരിയായില്‍ മുസ്ളീം ഫുലാനി വിഭാഗക്കാരായ തീവ്രവാദികള്‍ ക്രൈസ്തവരുടെ ഗ്രാമത്തില്‍ നടത്തിയ റെയ്ഡിനെത്തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ 28 പേര്‍ മരിച്ചു.
പ്ളേറ്റോ സംസ്ഥാനത്ത് മിയാന്‍ഗോ ജില്ലയില്‍ നികഡോറോണ്‍ ഗ്രാമത്തില്‍ ഒരു സംഘം ആയുധധാരികളായ തീവ്രവാദികള്‍ നടത്തിയ വെടിവെയ്പിലാണ് ക്രൈസ്തവ സ്ത്രീകളും കുട്ടികളുമടക്കം 28 പേര്‍ മരിച്ചത്.
കന്നുകാലികളെ മേയ്ക്കുന്ന ഗോത്രവിഭാഗക്കാരായ ഇസ്ളാമിക തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്ന് ക്രിസ്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നൈജീരിയ മിയാഗോ സോണല്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ആന്‍ഡ്രു ഒകേബി പറഞ്ഞു. മേഖലയില്‍ തീവ്രവാദികളുടെ സാന്നിദ്ധ്യം മണത്തറിഞ്ഞ നൈജീരിയന്‍ സൈനിക ഉദ്യോഗസ്ഥന്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവരോട് രാത്രിയില്‍ ഒരു സ്കൂളില്‍ ഒളിവില്‍ കഴിയുവാന്‍ ആവശ്യപ്പെട്ടു.
പുരുഷന്മാര്‍ മറ്റു സ്ഥലങ്ങളിലും അഭയം തേടി. ഏറെ നേരത്തെ പെട്രോളിങ്ങിനു ശേഷം സൈന്യം തിരികെ പോയ തക്കം നോക്കി തീവ്രവാദികള്‍ എത്തി ഗ്രാമവാസികള്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് രക്ഷപെട്ട ദൃക്സാക്ഷികള്‍ പരഞ്ഞു. സൈന്യത്തിന്റെ അലംഭാവത്തില്‍ 28 ജീവിതങ്ങളാണ് പൊലിഞ്ഞുതീര്‍ന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഗ്രാമവാസികളായ മുസ്ളീങ്ങളും ഉള്‍പ്പെടുന്നു.
കൃഷിക്കാരായ ക്രൈസ്തവരും ഫുലാനി മുസ്ളീങ്ങളും തമ്മില്‍ വര്‍ഷങ്ങളായി വൈരത്തിലാണ്. ഈ വര്‍ഷംതന്നെ ക്രൈസ്തവര്‍ക്കെതിരെ 30-ഓളം ആക്രമണങ്ങള്‍ നടക്കുകയുണ്ടായി. 250 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനു വീടുകള്‍ അഗ്നിക്കിരയാകുകയും ചെയ്തു.

