നൈജീരിയ: കൂട്ടക്കൊലയ്ക്കിരയായവര്‍ 1 ലക്ഷം പേര്‍ , വീടു വിടേണ്ടി വന്നവര്‍ 20 ലക്ഷം
ബോര്‍ണോ: ബോകോ ഹറാം എന്ന പേരു കേള്‍ക്കുമ്പോള്‍ത്തന്നെ നൈജീരിയക്കാര്‍ ഭയക്കുന്നു. ക്രൈസ്തവര്‍ മാത്രമല്ല, മുസ്ളീമുകളും ഈ തിവ്രവാദി സംഘടനയെ വെറുക്കുകയും ഭയപ്പെടുകയും ചെയ്യുന്നു.
പ്രാകൃതമായ മതാനുഷ്ഠാനങ്ങള്‍ രാജ്യത്ത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ബോകോ ഹറാം ഇതുവരെ നടത്തിയ ചെറുതും വലിയതുമായ ആക്രമണങ്ങളില്‍ ഏകദേശം 1 ലക്ഷം പേര്‍ കൊല്ലപ്പെട്ടതായും, 2 മില്യണ്‍ ആളുകള്‍ വീടും നാടും ഉപേക്ഷിച്ചു പോയതായും കണക്കുകള്‍ പറയുന്നു.
കൊല്ലപ്പെട്ടവരിലും നാടുവിട്ടവരിലും ക്രൈസ്തവരും മുസ്ളീങ്ങളും ഉള്‍പ്പെടും. ബോര്‍ണോ സംസ്ഥാനത്തെ ഗവര്‍ണറായ കാഷിം ഷെട്ടിമ ഈ ആഴ്ചയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ കണക്ക്. ബോര്‍ണോ സംസ്ഥാനത്തിലാണ് കൂടുതലായും ബോകോഹറാം ആക്രമണങ്ങള്‍ നടത്തുന്നത്.
ബോകോ ഹറാം ബോര്‍ണോയെ തകര്‍ക്കുന്നു. ബോകോഹറാം നടത്തിയ ആക്രമണങ്ങളില്‍ 1 ലക്ഷം പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. 21,14,000 പേര്‍ കഴിഞ്ഞ 2016 ഡിസംബര്‍ വരെയുള്ള കണക്കു പ്രകാരം വീടുവിടേണ്ടതായി വന്നു. ഇവരൊക്കെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയാര്‍ത്ഥികളായി കഴിയുന്നു. 158201 പേര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ക്യാമ്പുകളില്‍ കഴിയുന്നു.
2009 മുതലാണ് ബോകോ ഹറാം നൈജീരിയായില്‍ കൊലവിളി നടത്തിത്തുടങ്ങിയത്. ‘പാശ്ചാത്യ വിദ്യാഭ്യാസം പാപം’ എന്നു അര്‍ത്ഥമുള്ള ബോകോഹറാം എന്നു പേരിട്ടിരിക്കുന്ന സംഘടന എണ്ണമറ്റ ആക്രമണങ്ങളാണ് രാജ്യത്ത് നടത്തിയത്.
സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാപനങ്ങള്‍ ആക്രമിക്കുകയും, തകര്‍ക്കുകയും ചെയ്യുക, ക്രൈസ്തവ ആരാധനാലയങ്ങള്‍ , സ്ഥാപനങ്ങള്‍ , വീടുകള്‍ , മുസ്ളീങ്ങളുടെ ആരാധനാലയങ്ങള്‍ എന്നിവ തകര്‍ക്കുകയാണ് ഇവരുടെ രീതി. തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം നേടുക, ബോംബു സ്ഫോടനം നടത്തുക, വെടിവെച്ചു കൊല്ലുക എന്നിവയാണ് ആക്രമണ രീതികള്‍ .
രാജ്യത്ത് ഇതുവരെയായി 900 ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ത്തിട്ടുണ്ട്. ബോകോഹറാമിനെ കൂടാതെ ഫുലാനി ഹെര്‍ഡ്സ്മെന്‍ എന്ന വിഭാഗക്കാരായ തീവ്രവാദികളും ക്രൈസ്തവരെ മാത്രം ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തി വരുന്നു.
ഇവര്‍ വെടിവെച്ചും, വാളിനും കത്തിക്കും വെട്ടിയുമാണ് കൊല്ലുന്നത്. ഇപ്പോള്‍ രാജ്യത്ത് ആക്രമണങ്ങളില്‍ 52,311 പേര്‍ അനാഥരായി. 54,914 പേര്‍ വിധവകളായി, റിപ്പോര്‍ട്ടില്‍ പറയുന്നു.

